|    Oct 17 Tue, 2017 6:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സാമൂഹിക സുരക്ഷിതത്വത്തിനും പുരോഗതിക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ്: മുഖ്യമന്ത്രി

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: സാമൂഹിക സുരക്ഷിതത്വത്തിനും പുരോഗതിക്കും വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള അടിയന്തര ആശ്വാസ നടപടികള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രിത വികസന നടപടികള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്നതാണ് ബജറ്റ്. ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്താതെ വിഭവ സമാഹരണം നടത്തുക എന്ന രീതിയാണ് അനുവര്‍ത്തിച്ചിട്ടുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഐസക് സ്വപ്‌നലോകത്തെ സഞ്ചാരി: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: അപ്രായോഗികവും ലക്ഷ്യബോധവുമില്ലാത്ത ബജറ്റ് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച ധനമന്ത്രി ഡോ. തോമസ് ഐസക് സ്വപ്‌നലോകത്തിലെ സഞ്ചാരി മാത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 12,000 കോടി രൂപ സമാഹരിച്ച് വികസനം നടപ്പാക്കുമെന്ന ഐസക്കിന്റെ പ്രഖ്യാപനം യാഥാര്‍ഥ്യബോധത്തോടെയുള്ളതല്ല. കേരളത്തിലെ ജനങ്ങളുടെ തലയില്‍ 800 കോടിയുടെ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന ബജറ്റാണിതെന്നും ചെന്നിത്തല പറഞ്ഞു.

മല എലിയെ പ്രസവിച്ച പോലെ: സുധീരന്‍
ന്യൂഡല്‍ഹി: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെയെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ആരോഗ്യവകുപ്പില്‍ ഒഴികെ പുതിയ സ്ഥാപനങ്ങളോ തസ്തികകളോ വേണ്ടെന്നുള്ള ബജറ്റിലെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ സംസ്ഥാനത്തെ തൊഴിലവസരനിരോധനം എന്ന നിലയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിലുള്ളത് ഭാവനയിലെ കാര്യങ്ങള്‍: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ഭാവനയിലുള്ള കാര്യങ്ങളാണ് ബജറ്റ് നിര്‍ദേശങ്ങളായി പുറത്തുവന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ അഞ്ചുവര്‍ഷം നടന്ന ഭരണത്തില്‍ പരിഷ്‌കാരം വരുത്തുമെന്ന് ഐസക് അവകാശപ്പെട്ടാല്‍ അതു സ്വീകാര്യമാണ്. മുന്‍ സര്‍ക്കാരിന്റെ മികച്ച നടപടികളെ അംഗീകരിക്കാത്ത ബജറ്റ് അവതരണം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭേദപ്പെട്ട ബജറ്റ്: പി സി ജോര്‍ജ്
തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ കന്നി ബജറ്റ് ഭേദപ്പെട്ടതാണെന്ന് പി സി ജോര്‍ജ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നികുതിശേഖരണം കാര്യക്ഷമവും ഫലപ്രദവുമാക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ബജറ്റിലുണ്ടെന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികമുന്നേറ്റത്തിന് ആശാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ലേബല്‍ ഒട്ടിച്ചെന്നു മാത്രം: ഒ രാജഗോപാല്‍
തിരുവനന്തപുരം: കേന്ദ്രപദ്ധതികളുടെ പേരു മാറ്റി കേരള ലേബല്‍ ഒട്ടിച്ചുവെന്നതുമാത്രമാണ് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനുള്ള പ്രത്യേകതയെന്ന് ബിജെപി അംഗം ഒ രാജഗോപാല്‍. പാവപ്പെട്ടവര്‍ക്ക് ഭൂമി കൊടുക്കാനുള്ള പദ്ധതികളില്ല. എല്ലാവര്‍ക്കും വീടും വെള്ളവും വെളിച്ചവും എന്ന ബജറ്റ് നിര്‍ദേശം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക