|    Aug 21 Mon, 2017 12:06 pm
Home   >  Todays Paper  >  page 10  >  

സാമൂഹിക സംഘടനയുടെ സര്‍വെ പ്രകാരം നിലവാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ കുട്ടികള്‍ക്ക് ബാധ്യതയാവുന്നു

Published : 5th August 2017 | Posted By: fsq

 

തലശ്ശേരി: നഗര-ഗ്രാമഭേദമെന്യേ കൂണുപോലെ മുളച്ചുപൊന്തുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മിക്കതിലും നിലവാരമില്ലാത്ത അധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നു സര്‍വേ റിപോര്‍ട്ട്. പ്രീ-പ്രൈമറി, പ്രൈമറി സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നവരില്‍ പലരും നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിങ് കഴിഞ്ഞവരാണ്. ഇതേ വിഭാഗക്കാര്‍ തന്നെയാണ് 1 മുതല്‍ 7 വരെയുള്ള ക്ലാസുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ എത്തുന്നത്. ഇതിന്റെ ഫലമായി കുട്ടികള്‍ക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട ഇംഗ്ലീഷ് പരിജ്ഞാനം നഷ്ടമാവുന്നു. ഇതോടെ പ്രൈമറി-അപ്പര്‍ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ഭാഷാപഠനം ബാധ്യതയായിത്തീരുന്നുവെന്നുമാണ് സര്‍വേ സൂചിപ്പിക്കുന്നത്. തലശ്ശേരി കേന്ദ്രീകരിച്ച് സാമൂഹികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പഠനം സംബന്ധിച്ച സര്‍വേ നടത്തിയത്്. മാനേജ്‌മെന്റ് സ്‌കൂളുകളില്‍ പലപ്പോഴും ഡിവിഷന്‍ ഫാള്‍ പരിഹരിക്കുന്നതിനാണ് ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ എല്‍പി മുതല്‍ ആരംഭിക്കുന്നത്. മാനേജ്‌മെന്റ് സ്‌കൂളുകളില്‍ തങ്ങളുടെ കുടുംബക്കാരെയോ മക്കളുടെ ഭാര്യയെയോ ഭര്‍ത്താവിനെയോ ടിടിസിക്ക് ചേര്‍ത്ത് പിന്നീട് സ്വന്തം സ്‌കൂളില്‍ അധ്യാപകരായി നിയമിക്കുന്നതുവഴി കുട്ടികള്‍ക്ക് ഭാഷ പഠിപ്പിക്കുക എന്നതിനേക്കാള്‍ ഉപരിയായി ശമ്പളം വാങ്ങുന്നതിനുള്ള ഉപാധിയായി അധ്യാപനത്തെ മാനേജ്‌മെന്റുകള്‍ കാണുന്നുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇതേസമയം, മലയാള  മാതൃഭാഷ എന്നതില്‍ കവിഞ്ഞ് മലയാള ഭാഷ ഭരണഭാഷയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ വിവിധ സമ്മര്‍ദങ്ങളുടെയും താല്‍പര്യങ്ങളുടെയും ഭാഗമായി ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവരെ മലയാളം മീഡിയത്തിലേക്ക് മാറ്റിച്ചേര്‍ക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. ഡിവിഷന്‍ ഫാള്‍ ഒഴിവാക്കുന്നതിന് മാനേജ്‌മെന്റ് കണ്ടെത്തുന്ന ഇത്തരം പ്രക്രിയകള്‍ ഫലത്തില്‍ കുട്ടികളെ രണ്ടു ഭാഷയും പ്രയോഗിക്കാന്‍ കഴിയാത്ത ചുറ്റുപാടിലേക്കാണ് തള്ളിവിടുന്നത്. മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും ചില അധ്യാപകര്‍ മലയാളത്തിലാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക