|    Jun 19 Tue, 2018 2:27 pm
FLASH NEWS

സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടി;മീന്‍മുട്ടിക്കാരുടെ കുടിവെള്ളം മുട്ടി

Published : 19th January 2017 | Posted By: fsq

 

മാനന്തവാടി: സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം ഒരു പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടി. തൊണ്ടര്‍നാട് പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ മക്കിയാട് മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തെയും തൊട്ടടുത്ത പ്രദേശമായ ചാലില്‍ നിവാസികള്‍ക്കും ആശ്രയമായ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകളാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്. ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുമാസം മുമ്പാണ് 75 ലക്ഷം രൂപ ചെലവഴിച്ച് രണ്ടു ടാങ്കുകള്‍ അടക്കം പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പദ്ധതി കമ്മീഷന്‍ ചെയ്തതിനു ശേഷം ഇതു നാലാം തവണയാണ് സാമൂഹികദ്രോഹികള്‍ പൈപ്പുകള്‍ നശിപ്പിക്കുന്നത്. സ്വഭാവിക നീരുറവ തടഞ്ഞുനിര്‍ത്തിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പദ്ധതി വരുന്നതിനു മുമ്പ് ഈ വെള്ളം പ്രദേശത്തെ റിസോട്ടുകളിലേക്കും സമീപപ്രദേശങ്ങളിലെ തേയില നനയ്ക്കാനുമാണ് ഉപയോഗിച്ചിരുന്നത്. ഇതു തടസ്സപ്പെട്ടതാണ് പ്രകോപനങ്ങള്‍ക്കു കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇരുനൂറിലേറെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് പ്രസ്തുത പദ്ധതി. രണ്ടുവര്‍ഷം മുമ്പാണ് പ്രവൃത്തി ആരംഭിച്ചത്. നിരവധി തടസ്സങ്ങള്‍ നീക്കിയാണ് പദ്ധതി ലക്ഷ്യത്തിലെത്തിച്ചത്. വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം നേരിടുന്ന സമയത്തുതന്നെ പൈപ്പുകള്‍ മുറിച്ചുമാറ്റി കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയത് കൂടുതല്‍ ദുരിതമായി. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ പഞ്ചായത്ത് ഓഫിസിലും പോലിസിലും പരാതി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss