|    Dec 17 Mon, 2018 10:15 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സാമൂഹിക മാറ്റങ്ങള്‍ക്കു കാരണം കോടതിവിധികളും നിയമങ്ങളും: ആനന്ദ്

Published : 21st November 2018 | Posted By: kasim kzm

തൃശൂര്‍: സമൂഹത്തിന്റെ പുരോഗതിയില്‍ അടിത്തട്ടില്‍നിന്നുള്ള പ്രക്ഷോഭങ്ങള്‍ക്കും മുകളില്‍ നിന്നുള്ള ഇടപെടലുകള്‍ക്കും പങ്കുണ്ടെന്നു പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ്. സമത്വസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും കേരളത്തിലും നിരവധി സാമൂഹിക മാറ്റങ്ങള്‍ക്കു കാരണമായത് കോടതിവിധികളും നിയമങ്ങളുമാണ്. ക്ഷേത്രപ്രവേശന വിളംബരവും മറ്റും വലിയ എതിര്‍പ്പുകളില്ലാതെ നടപ്പാക്കപ്പെട്ടപ്പോള്‍ ഇപ്പോഴത്തെ ശബരിമലയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കാനാവാത്തതിനു മുഖ്യകാരണം കക്ഷിരാഷ്ട്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടന എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെയും ഇന്ത്യയെയും ഗ്രസിച്ചിരിക്കുന്ന ബ്രാഹ്മണിക ഹിന്ദുത്വമാണ് എത്ര മൂടിവച്ചിട്ടും മറനീക്കി പുറത്തുവന്നിരിക്കുന്നതെന്ന് ദലിത് ചിന്തകന്‍ സണ്ണി എം കപിക്കാട് പറഞ്ഞു. ജാതീയവിവേചനത്തിലും ലിംഗവിവേചനത്തിലും ഏറ്റവും പിറകിലാണ് മലയാളി. ഇനിയെങ്കിലും ഇവയെ അഭിമുഖീകരിച്ച് മുന്നോട്ടുപോവാന്‍ പുരോഗമനശക്തികള്‍ തയ്യാറാവണമെന്നും കപിക്കാട് കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഏറ്റവും നിസ്സഹായരായ വിഭാഗമാണ് കന്യാസ്ത്രീകളെന്നും അവര്‍ തെരുവിലിറങ്ങിയത് സമാനതകളില്ലാത്ത വിപ്ലവമാണെന്നും ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ഫൈസല്‍ ഫൈസു, അഡ്വ. ആര്‍ കെ ആശ, ലസ്‌ലി അഗസ്റ്റിന്‍, മായ എസ് പി സംസാരിച്ചു.
സമത്വസംഗമത്തിന്റെ ഭാഗമായി നടന്ന ക്വിയര്‍/ഫെമിനിസ്റ്റ് മീറ്റില്‍ ശബരിമലയിലേക്കു പോവാന്‍ ശ്രമിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ബിന്ദു തങ്കം കല്യാണി, മായാ പ്രമോദ്, മായാ കൃഷ്ണന്‍, ഷര്‍മിള, വിനയ സംസാരിച്ചു. മനുഷ്യരായി ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് കൊല്ലപ്പെടുകയും ആത്മഹത്യചെയ്യുകയും ചെയ്ത ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഓര്‍മദിനം ആചരിച്ചു. തുടര്‍ന്ന് നഗരം ചുറ്റി സമത്വസംഗമറാലിയും സംഗീതനിശയും നടന്നു.
ആചാരലംഘനങ്ങളുടെ കേരളം എന്ന വിഷയത്തില്‍ സാഹിത്യ അക്കാദമിയില്‍ രാവിലെ നടന്ന സെമിനാറില്‍ സുനില്‍ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തി. എം ഗീതാനന്ദന്‍, ശ്രീചിത്രന്‍, ഡോ. എ കെ ജയശ്രീ, കെ എന്‍ പ്രഭാകരന്‍ (മലയരയസഭ), ശീതള്‍ ശ്യാം, ജോളി ചിറയത്ത്, ഇ എം സതീശന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ഷീന ജോസ്, പ്രഫ. സി വിമല, ശ്രീജിത പി വി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss