|    Nov 16 Fri, 2018 6:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സാമൂഹിക മാധ്യമങ്ങളെ ഉത്തരവാദിത്ത ബോധത്തോടെ ഉപയോഗിക്കണം

Published : 9th August 2018 | Posted By: kasim kzm

കൊച്ചി: സാമൂഹിക മാധ്യമങ്ങളെ ഉത്തരവാദിത്ത ബോധത്തോടെ ഉപയോഗിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഹൈക്കോടതി. ആശയവിനിമയത്തില്‍ വിപ്ലവം കൊണ്ടുവന്ന സാമൂഹിക മാധ്യമങ്ങള്‍ സമൂഹത്തിന് വലിയ പ്രയോജനമുണ്ടാക്കിയെങ്കിലും വലിയതോതില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റര്‍നെറ്റില്‍ മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ കമന്റിട്ട മലപ്പുറം സ്വദേശി ബിജുമോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി വ്യക്തമാക്കി.
സമൂഹം നേരിടുന്ന പ്രധാന ഭീഷണിയായി സൈബര്‍ കുറ്റകൃത്യങ്ങള്‍ മാറിയിരിക്കുന്നു. മതനിരപേക്ഷ രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരുടെ മതവിശ്വാസത്തെയും വിശ്വാസങ്ങളെയും ഹനിക്കാനുള്ള സമ്പൂര്‍ണ ലൈസന്‍സല്ല. ദൈവദൂഷണപരവും നിന്ദ്യവുമായ പരാമര്‍ശം നടത്തുന്നവര്‍ക്ക് അനുകൂലമായി നിലപാട് എടുക്കില്ലെന്നും കോടതി വ്യക്തമാക്കി. മറുനാടന്‍ മലയാളി എന്ന വാര്‍ത്താ വെബ്‌സൈറ്റിലെ ഒരു വാര്‍ത്തയില്‍ മുസ്‌ലിംകളെ ആക്ഷേപിക്കുന്ന കമന്റിട്ടു എന്നാണ് മലപ്പുറം മേലാറ്റൂര്‍ കവണ്ണയില്‍ വീട്ടില്‍ ബിജുമോന് എതിരെ മേലാറ്റൂര്‍ പോലിസ് എടുത്ത കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മതവിദ്വേഷം വളര്‍ത്തല്‍ (153എ) എന്ന വകുപ്പു പ്രകാരമാണ് കേസ്.
മത സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും ക്ഷമ ചോദിക്കുന്നതായും ഇയാള്‍ ബോധിപ്പിച്ചു. മതവൈരാഗ്യം വളര്‍ത്തണമെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലും അംഗമല്ലെന്നും ബിജുമോന്‍ വാദിച്ചു. കരുതിക്കൂട്ടിയാണ് ബിജുമോന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ വാദിച്ചു. ഈ കമന്റുകള്‍ പ്രഥമദൃഷ്ട്യാ ദൈവദൂഷണപരവും നിന്ദ്യവുമാണെന്ന് കേസ് ഡയറി പരിശോധിച്ച കോടതി ചൂണ്ടിക്കാട്ടി.
പക്ഷേ, ഈ കേസില്‍ 153എ വകുപ്പ് നിലനില്‍ക്കില്ല. ഇത്തരം ആരോപണമുണ്ടാവുമ്പോള്‍ അതില്‍ രണ്ടു സമുദായങ്ങളെയോ വിഭാഗങ്ങളെയോ കുറിച്ച് പരാമര്‍ശമുണ്ടാവണം. ഒരു സമുദായത്തിന്റെയോ വിഭാഗത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനൊപ്പം മറ്റൊരു സമുദായത്തെ കുറിച്ച് പരാമര്‍ശമുണ്ടാവണം. ഒരു സമുദായത്തിനോ വിഭാഗത്തിനോ എതിരേ മറ്റൊരു സമുദായത്തെയോ വിഭാഗത്തെയോ കൊണ്ടുവരുമ്പോഴാണ് ഈ വകുപ്പ് ചുമത്തേണ്ടത്. നിലവിലെ കമന്റ് ഒരു സമുദായത്തെ അപമാനിക്കുന്നതാണ്. കമന്റിട്ടയാള്‍ ഹിന്ദു സമുദായത്തില്‍ പെട്ടയാള്‍ ആയതുകൊണ്ടു മാത്രം 153എ വകുപ്പ് നിലനില്‍ക്കില്ല. പക്ഷേ, കമന്റ് ഇസ്‌ലാം മതവിശ്വാസികളെ അപമാനിക്കുന്നതാണ്. അതിനാല്‍, ഏതെങ്കിലും മതത്തെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചു എന്ന മൂന്നുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന 295എ വകുപ്പ് കേസില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടണമെന്ന ഉദ്ദേശ്യത്തോടെ മുഹമ്മദ് നബിക്കെതിരേ ഇട്ട കമന്റ് ബോധപൂര്‍വമാണെന്നു വ്യക്തം. വിദ്വേഷ ചിന്ത ഒരു മാനസിക അവസ്ഥയായതിനാല്‍ നേരിട്ടുള്ളതോ പ്രകടമായതോ ആയ തെളിവുകള്‍ ലഭിക്കില്ല. സാഹചര്യത്തെളിവുകള്‍ വഴി മാത്രമേ ഈ കുറ്റം തെളിയിക്കാനാവൂ. മുന്‍കൂര്‍ ജാമ്യം അനുവദിക്കാനും ഇത് കാരണമാവില്ല. അന്വേഷണത്തിന്റെ ഘട്ടങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് വേണ്ട വകുപ്പുകള്‍ ചേര്‍ക്കാം. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ വിചാരണക്കോടതിക്കു വേണമെങ്കില്‍ വകുപ്പുകള്‍ മാറ്റാം. അതിനാല്‍ 153എ വകുപ്പ് നിലനില്‍ക്കില്ലെന്ന് പറഞ്ഞ് മുന്‍കൂര്‍ ജാമ്യം അനുവദിക്കേണ്ടതില്ല. പ്രതി ഉപയോഗിച്ചു എന്നു പറയുന്ന മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തെങ്കിലും ഫോണ്‍ അതുതന്നെയാണോ എന്നു വ്യക്തമല്ല. ഇത് അറിയാന്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. മതവൈരാഗ്യം വളര്‍ത്തുന്ന സംഘടനകളുമായി ബന്ധമുണ്ടോ എന്നും സ്ഥിരീകരിക്കണം. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം ഗുണംചെയ്യില്ലെന്നു കോടതി വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss