|    Dec 14 Fri, 2018 3:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

‘സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നത് പിന്തുണയ്ക്കുന്നതിനു തുല്യം’

Published : 27th November 2018 | Posted By: kasim kzm

ചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതും ഫോര്‍വേഡ് ചെയ്യുന്നതും അതിനെ അംഗീകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും തുല്യമെന്ന് മദ്രാസ് ഹൈക്കോടതി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം പങ്കുവച്ച കേസില്‍ ബിജെപി നേതാവും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എസ് വെ ശേഖര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
സ്ത്രീകളെ അപമാനിക്കുന്നതിന് ആര്‍ക്കും അവകാശമില്ലെന്നും അങ്ങനെ ചെയ്താല്‍ അത് അവകാശലംഘനമാണെന്നും പറഞ്ഞ കോടതി ഒരു വ്യക്തിയെ അവരുടെ സമുദായത്തിന്റെ പേരു വച്ചു വിളിക്കുന്നതുതന്നെ കുറ്റമാണെന്നും മോശം പദങ്ങള്‍ അവര്‍ക്കെതിരേ ഉപയോഗിക്കുന്നത് അതിലും ഹീനമാണെന്നും അഭിപ്രായപ്പെട്ടു. പ്രശസ്തരായ വ്യക്തികള്‍ ഇത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ നടക്കുന്നതായി പൊതുജനം വിശ്വസിച്ചുപോകും. എന്താണ് പറഞ്ഞതെന്നത് പ്രധാനമാണ്. ആരാണ് പറഞ്ഞതെന്നത് വളരെ പ്രധാനമാണ്.
സാമൂഹിക സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ ബഹുമാനിക്കുന്നത്. പ്രശസ്തനായ ഒരാള്‍ തെറ്റായ സന്ദേശങ്ങള്‍ പങ്കുവച്ചാല്‍ ജനങ്ങള്‍ അത് വിശ്വസിക്കും. സ്ത്രീസുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന കാലത്ത് ഇതു തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും എസ് വെ ശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ഉത്തരവില്‍ പറയുന്നു. താന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത് സുഹൃത്തില്‍ നിന്നു ലഭിച്ച സന്ദേശമാണെന്ന് എസ് വെ ശേഖര്‍ തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. അപകീര്‍ത്തികരമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ സന്ദേശം പിന്‍വലിച്ചതായും ഹരജിയില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss