|    Jan 22 Sun, 2017 9:24 am
FLASH NEWS

സാമൂഹിക മാധ്യമങ്ങളിലെ ഇടപെടല്‍; കശ്മീര്‍ അനുകൂലികളെ തേടി രഹസ്യാന്വേഷണ വിഭാഗം

Published : 30th July 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: കശ്മീരില്‍ രണ്ടാഴ്ചയായി തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹിക  മാധ്യമങ്ങളിലെ കശ്മീര്‍ അനുകൂലികളുടെ വിശദവിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പോലിസിനോട് ആവശ്യപ്പെട്ടു.
സാമൂഹികമാധ്യമങ്ങളില്‍ കശ്മീര്‍ അനുകൂല അഭിപ്രായപ്രകടനങ്ങള്‍ പെരുകുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.  സൈന്യത്തിനെതിരേ സമരം ചെയ്യുന്നവരെ അനുകൂലിച്ച് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഇ-മെയ്ല്‍, വാട്‌സ്ആപ്പ് എന്നിവയില്‍ അഭിപ്രായം പ്രകടിപ്പിച്ചവരേയും അത്തരം വാര്‍ത്തകളും ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിച്ചവരുടെയും കണക്കെടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇത് ചെയ്തവരുടെ രാഷ്ട്രീയ സംഘടനാ ബന്ധങ്ങള്‍ അന്വേഷിച്ച് അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലകള്‍ തിരിച്ച് വിവരം ശേഖരിക്കാനാണ് സൈബര്‍ സെല്ല് ഉള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. സാമൂഹിക  മാധ്യമങ്ങളില്‍ സംസ്ഥാനത്തെ പതിനായിരത്തിലേറെ പേര്‍ കശ്മീരില്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ പ്രതികരിച്ചിരുന്നു.
ഇംഗ്ലീഷ്, ഉറുദു പത്രങ്ങളില്‍ വന്ന സൈനിക അക്രമങ്ങളുടെ ഫോട്ടോകളും വാര്‍ത്തകളും വലിയതോതില്‍ പോസ്റ്റും ചെയ്തിരുന്നു. പെല്ലറ്റ് തോക്കുകളുടെ തിരകള്‍ തറച്ച് കാഴ്ചശക്തി നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും പടങ്ങളും ഷെയര്‍ ചെയ്തു. ഇതെല്ലാം മനസ്സിലാക്കിയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉത്തരവ് നല്‍കിയിരിക്കുന്നത്. കശ്മീരിലെ സൈനിക അതിക്രമങ്ങള്‍ക്കെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും പരസ്യമായി പരിപാടികള്‍ നടത്തി രംഗത്തു വന്നിട്ടില്ലെങ്കിലും രഹസ്യമായി സൈനിക വിരുദ്ധ നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് ചെയ്തിരുന്നു.
സജീവമായ മനുഷ്യാവകാശ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും നീക്കങ്ങളും നിരീക്ഷിച്ചിരുന്നു. പൊതുപരിപാടികള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കണ്ണൂരിലെ മനുഷ്യാവകാശ കൂട്ടായ്മ ഇതിന്റെ തുടക്കമാണെന്നായിരുന്നു സൂചന.
മലയാളികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതാണ് പരസ്യപരിപാടികള്‍ നടക്കാതിരിക്കാന്‍ കാരണമെന്ന് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ മൗലീകവകാശമാണെന്ന നിലപാടിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. മലയാളത്തിലെ വര്‍ത്തമാന പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കശ്മീര്‍ സംബന്ധമായി പ്രസിദ്ധീകരിച്ച വാര്‍ത്തകളും ലേഖനങ്ങളും ഇതിന്റെ ഭാഗമായി രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 218 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക