|    Aug 17 Fri, 2018 12:37 pm
FLASH NEWS

സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വ ചലച്ചിത്രങ്ങളുമായി അന്നമനട ജെ കെ പ്രൊഡക്ഷന്‍സ്

Published : 25th September 2017 | Posted By: fsq

 

സലീം എരവത്തൂര്‍

മാള: സാമൂഹിക പ്രതിബദ്ധതയുള്ള ഹൃസ്വ ചലച്ചിത്രങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ച് അന്നമനട  ജെ കെ പ്രൊഡക്ഷന്‍സ് ശ്രദ്ധേയരാകുന്നു. അന്നമനടയിലും പരിസരങ്ങളിലുമുള്ള അഭിനയ രംഗത്ത് അഭിരുചിയുള്ള അഞ്ഞൂറോളം കലാകാരന്‍മാര്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം അവസരങ്ങള്‍ നല്‍കാന്‍ ജെ കെ പ്രൊഡക്ഷന്‍സിന് സാധിച്ചു. 2012 ലാണ് അഭിനയ രംഗത്ത് അവസരങ്ങള്‍ കാത്തിരുന്ന് നിരാശരായവരെ അവസരങ്ങള്‍ നല്‍കി പ്രോല്‍സാഹിപ്പിക്കുന്നതിനായി കല്ലൂര്‍ ജോസും കബീറും ചേര്‍ന്ന് ജെ കെ പ്രൊഡക്ഷന്‍സിന് രൂപം നല്‍കിയത്. പതിനഞ്ച് മുതല്‍ ഇരുപത്തിയഞ്ച് മിനിറ്റ് വരെ സമയ ദൈര്‍ഘ്യമുള്ള 24 ഹ്രസ്വ ചലച്ചിത്രങ്ങളാണ് ജെ കെ പ്രൊഡക്ഷന്‍സ് ഇതിനകം പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം ദേശാഭിമാനി സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ജെ കെ പ്രൊഡക്ഷന്‍സിന്റെ കുപ്പത്തൊട്ടി എന്ന ഹ്രസ്വ ചലച്ചിത്രത്തിലെ അഭിനയത്തിന് അഷറഫ് അയ്യാരിലിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത് ഈ കൂട്ടായ്മക്ക് ലഭിച്ച വലിയൊരു അംഗീകാരമാണ്. കൂടാതെ ജെ കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദര്‍ശിപ്പിച്ച ഓട്ടോക്കാരന്‍ എന്ന ഹ്രസ്വ ചലച്ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ മേലഡൂര്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായതും പ്രയാണ വഴിയില്‍ കൂട്ടായ്മയുടെ മികച്ച നേട്ടമായി കണക്കാക്കുന്നു. സിനിമയില്‍ നിരവധി വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച കബീര്‍ അന്നമനടയാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. അഞ്ഞൂറോളം  കവിതകളെഴുതിയ സഗീര്‍ അന്നമനടയാണ് തിരക്കഥയെഴുതുന്നത്. പ്രവാസിയായിരിക്കെ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍  പുറത്തിറക്കിയ നാല് ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ച റാഫി അയ്യാരില്‍ ജെ കെ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ദാഹം, കുപ്പത്തൊട്ടി, തെരുവ് നായ്കള്‍, സിറ്റിയിലെ ഓട്ടോക്കാരന്‍ തുടങ്ങിയ നിരവധി ഹ്രസ്വ ചലച്ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ അഭിനയിച്ച് മികവ് തെളിയിച്ചിട്ടുണ്ട്. ചലച്ചിത്രലോകം ബാലികേറമലയായി തീര്‍ന്ന ഇക്കാലത്ത് സാധാരണക്കാര്‍ക്കും അഭിനയ രംഗത്ത് മികവ് തെളിയിക്കാന്‍ അവസരമൊരുക്കി മുന്നോട്ട് പോകുന്ന ജെ കെ പ്രൊഡക്ഷന്‍സ് ഈ നാടിന്റെ പ്രതീക്ഷയായി വളരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss