|    Jul 28 Fri, 2017 12:09 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സാമൂഹിക പദ്ധതികള്‍: സര്‍ക്കാര്‍ വിഹിതം കുറയുന്നത് ആശങ്കാജനകം: ഉപരാഷ്ട്രപതി

Published : 1st September 2016 | Posted By: SMR

കൊച്ചി: വിദ്യാഭ്യാസമുള്‍പ്പെടെ സാമൂഹികരംഗത്തെ സുപ്രധാന പദ്ധതികളിലുള്ള സര്‍ക്കാര്‍ വിഹിതം കുറയുന്നത് ആശങ്കാജനകമാണെന്ന് ഉപരാഷ്ട്രപതി എം ഹാമിദ് അന്‍സാരി. പ്രഫ. കെ വി തോമസ് എംപിയുടെ നേതൃത്വത്തിലുള്ള വിദ്യാധനം പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഉദ്ഘാടനം എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വികസനത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം മുഖ്യപങ്ക് വഹിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസത്തിനു നീക്കിവയ്ക്കുന്ന തുക അപര്യാപ്തമാണ്. വിദ്യാഭ്യാസത്തിനു നീക്കിവയ്ക്കുന്ന തുക മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.5 ശതമാനം മാത്രമാണ്. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ കഴിഞ്ഞ ബ—ജറ്റില്‍ 52 ശതമാനം തുകയും സ്‌കൂള്‍ വിദ്യാഭ്യാസത്തിനാണു ലഭിച്ചത്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എസ്എസ്എ വിഹിതം 23.873 കോടിയില്‍ നിന്ന് 22.500 കോടി രൂപയായി കുറഞ്ഞു. ആറുശതമാനം കുറവാണു സംഭവിച്ചത്.
പ്രാഥമിക വിദ്യാഭ്യാസം രാജ്യത്തിന്റെ ചുമതലയായിരിക്കെ എസ്എസ്എ വഴിയാണ് കേന്ദ്രം 60 ശതമാനം വിഹിതവും വഹിക്കുന്നത്. പണമില്ലായ്മ പഠനമോഹങ്ങളെ ബാധിക്കാന്‍ പാടില്ല. മികച്ച വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്കു സാമ്പത്തികസഹായം നല്‍കേണ്ടത് അനിവാര്യമാണ്. വിഭവങ്ങളുടെ കുറവുമൂലം പഠിക്കാന്‍ ക്ലേശിക്കുന്ന പിന്നാക്കവിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ സഹായങ്ങള്‍ അനിവാര്യമാണ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ വിദ്യാഭ്യാസ മോഹങ്ങള്‍ സഫലമാക്കാന്‍ സ്‌കോളര്‍ഷിപ്പുകള്‍ സഹായിക്കും. വിദ്യാധനം പദ്ധതി സവിശേഷമായ ഒന്നാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെയും സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കു സാമ്പത്തികസഹായവും സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നതിനോടൊപ്പം ജീവന നൈപുണികള്‍ രൂപപ്പെടുത്താനും പദ്ധതി പ്രോല്‍സാഹനമേകുന്നതായും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക