|    Jun 24 Sun, 2018 8:13 pm
FLASH NEWS

സാമൂഹികാരോഗ്യ കേന്ദ്രത്തിലെപഴകിയ ക്വാര്‍ട്ടേഴ്‌സ് പൊളിച്ചുനീക്കി

Published : 19th December 2017 | Posted By: kasim kzm

കൊടകര: മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജീര്‍ണ്ണാവസ്ഥയിലുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ചു നീക്കി. വര്‍ഷങ്ങളായി അനാഥാവസ്ഥയില്‍ കിടന്ന അഞ്ച് ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. മറ്റത്തൂര്‍ ആരോഗ്യകേന്ദ്രം വളപ്പിലെ ജീര്‍ണിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ പുനര്‍നിര്‍മിക്കാത്തതു സംബന്ധിച്ച് തേജസ് പലതവണ വാര്‍ത്ത നല്‍കിയിരുന്നു. നൂറുകണക്കിനു രോഗികള്‍ ദിനം പ്രതി ചികില്‍സ തേടിയെത്തുന്ന ആരോഗ്യകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിനോടുചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ പേടിസ്വപ്‌നമായിരുന്നു. ഒരു വ്യാഴവട്ടക്കാലം മുമ്പുവരെ ഡോക്ടര്‍മാരടക്കമുള്ള ആശുപത്രി ജീവനക്കാര്‍ കുടുംബസമേതം താമസിച്ചിരുന്നതാണ് ഈ ക്വാര്‍ട്ടേഴ്‌സുകള്‍. പൊളിച്ചുമാറ്റുന്ന ക്വാര്‍ട്ടേഴ്‌സുകളുടെ സ്ഥാനത്ത് പുതിയ ക്വാര്‍ട്ടേഴ്‌സുകള്‍ പണിയുന്നതിനായി 70 ലക്ഷം രൂപ നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ വക കൊള്ളിച്ചിട്ടുണ്ട്. നേരത്തെ പ്രാഥമികാരോഗ്യകേന്ദ്രമായിരുന്ന ഇവിടെ ഉണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചിരുന്നതിനാല്‍ പാതിരാത്രിയില്‍ പോലും രോഗികള്‍ക്ക് ചികില്‍സ ലഭിച്ചിരുന്നു. പിന്നിട് ക്വാര്‍ട്ടേഴ്‌സുകളില്‍ ഡോക്ടര്‍മാര്‍ താമസിക്കാതായി. ആരോഗ്യകേന്ദ്രത്തിലെ മറ്റു ജീവനക്കാര്‍ ഏതാനുംവര്‍ഷം മുമ്പുവരെ ഈ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചിരുന്നു. കാലപ്പഴക്കംമൂലം ജീര്‍ണാവസ്ഥയിലായതിനെതുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സുകള്‍ വാസയോഗ്യമല്ലാതായി. ഇതിനിടെ സാമഹികാരോഗ്യകേന്ദ്രമാക്കി ഈ ആതുരാലയത്തെ ഉയര്‍ത്തി. ഇതോടെ വലിയ കെട്ടിടവും കൂടുതല്‍ ഡോക്ടര്‍മാരും ഇവിടെ ഉണ്ടായെങ്കിലും നേരത്തെ ലഭിച്ചിരുന്ന ചികില്‍സാ സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്. മുപ്പതോളം കിടക്കയ്ക്കകളോടുകൂടിയ രണ്ട് ഐ പി വാര്‍ഡുകള്‍ ഉണ്ടായിരുന്നിട്ടും കിടത്തി ചികില്‍സ ഇപ്പോഴില്ല. രാത്രികാലങ്ങളില്‍ പലപ്പോഴും ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമല്ല. ഇതുമൂലം അടിയന്തിരഘട്ടങ്ങളില്‍ എട്ടുകിലോമീറ്റര്‍ ദൂരെയുള്ള കൊടകരയിലെ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് മറ്റത്തൂരിലെ ജനങ്ങള്‍. ജീര്‍ണിച്ചു നശിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതുക്കിപണിത് ഡോക്ടര്‍മാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുകയും രാത്രി ഡ്യൂട്ടിക്ക് ഡോക്ടര്‍മാരെ നിയമിക്കുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss