|    Mar 18 Sun, 2018 3:29 pm
FLASH NEWS

സാമൂഹികാരോഗ്യം സംരക്ഷിക്കാന്‍ ആരോഗ്യവകുപ്പിനൊപ്പം വിദ്യാര്‍ഥികളും ; മലപ്പുറത്തെ പദ്ധതി സംസ്ഥാനത്ത് ആദ്യത്തേത്

Published : 13th July 2017 | Posted By: fsq

 

മലപ്പുറം: പകര്‍ച്ചവ്യാധികളും ജീവിതശൈലീരോഗങ്ങളും ഭീഷണി സൃഷ്ടിക്കുമ്പോള്‍ ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനത്താദ്യമായി മലപ്പുറം ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാമെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന പറഞ്ഞു. എസ്എസ്എ, ആര്‍എംഎസ്എ, പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാഭ്യാസം, സഹോദയ തുടങ്ങി മുഴുവന്‍ വിദ്യാഭ്യാസ വിഭാഗങ്ങളും അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നിങ്ങനെ വിവിധ ആരോഗ്യ വിഭാഗങ്ങളും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. വ്യക്തിശുചിത്വം, പരിസരശുചിത്വം, കൗമാരാരോഗ്യം, കൗമാരപോഷണം, പ്രതിരോധ കുത്തിവയ്പുകള്‍, ജീവിത ശൈലീരോഗങ്ങള്‍, അംഗപരിമിത പ്രശ്‌നങ്ങള്‍, മറ്റു ശാരീരിക ന്യൂനതകള്‍, ലൈംഗിക പ്രത്യുല്‍പാദന ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ തയ്യാറാക്കിയ സിലബസ് അനുസരിച്ചു വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കും. കുട്ടികളില്‍ ശരിയായ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തി അവരിലൂടെ അത് സമൂഹത്തിലെത്തിക്കാനാണ് ശ്രമം. വിദ്യാലയങ്ങളിലെല്ലാം ദിവസവും ആരോഗ്യ സന്ദേശ കൈമാറ്റത്തിന് പദ്ധതിയൊരുക്കും. ഇതിന് പ്രത്യേക പരിശീലനം നല്‍കി കുട്ടികളുടെ സംഘങ്ങള്‍ രൂപീകരിക്കും. സാക്ഷരതായജ്ഞംപോലെ സാമൂഹികാരോഗ്യ പദ്ധതിക്കും ജനകീയത ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി സഫറുല്ലയും വ്യക്തമാക്കി. യുവജന കൂട്ടായ്മകള്‍, പിടിഎ കമ്മിറ്റികള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെയെല്ലാം സഹകരണം പദ്ധതിക്ക്ഉറപ്പാക്കും. ജനകീയ പങ്കാളിത്തത്തോടെ വിദ്യാര്‍ഥി സംഘങ്ങള്‍ കുടുംബസംഗമങ്ങള്‍ നടത്തിയും സാമൂഹിക ബോധവല്‍ക്കരണം നടത്തും. പുതിയ പദ്ധതിക്ക് കുട്ടികള്‍ നിര്‍ദേശിക്കുന്ന പേരാവും സ്വീകരിക്കുക. ഇതിനായി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മല്‍സരം സംഘടിപ്പിക്കും. വിദ്യാഭ്യാസവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പദ്ധതിക്ക് രൂപംനല്‍കി വരുകയാണെന്ന് ജില്ലാ മാസ്മീഡിയ ഡെപ്യൂട്ടി ഓഫിസര്‍ പി രാജു പറഞ്ഞു. ഇന്ന് മലപ്പുറത്തു നടക്കുന്ന ശില്‍പശാലയില്‍ പഠന പദ്ധതി തയ്യാറാക്കും. ഇതിനു മുന്നോടിയായി അധ്യാപകര്‍ക്കുള്ള പഠനക്ലാസുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. രോഗപ്രതിരോധ യജ്ഞങ്ങളെ എതിര്‍ക്കുന്ന പ്രവണത പൊതുജനാരോഗ്യ സംരക്ഷണത്തിനു സൃഷ്ടിക്കുന്ന വെല്ലുവിളി ആരോഗ്യബോധമുള്ള യുവതലമുറയിലൂടെ പ്രതിരോധിക്കാമെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss