|    Dec 16 Sun, 2018 8:52 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

സാമൂഹികവ്യവസ്ഥ വഴിത്തിരിവില്‍

Published : 3rd December 2015 | Posted By: SMR

ടി ജി ജേക്കബ്

കഴിഞ്ഞ മാസം കോടിക്കണക്കിന് കോപ്പികള്‍ ചെലവാകുന്ന ഒരു ഹിന്ദി ദിനപത്രത്തില്‍ അധികമാരും ശ്രദ്ധിക്കാന്‍ ഇടയില്ലാത്ത കൗതുകവാര്‍ത്ത എന്ന രീതിയില്‍ വന്ന ഒരു വാര്‍ത്ത: ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്യൂണ്‍ ജോലിക്കു വേണ്ടി അപേക്ഷിച്ചവരുടെ സംഖ്യ 25 ലക്ഷം. ഈ 25 ലക്ഷം ചെറുപ്പക്കാരില്‍ ബിരുദധാരികള്‍, ബിരുദാനന്തര ബിരുദധാരികള്‍, എംഫിലുകാര്‍, പിഎച്ച്ഡിക്കാര്‍ ഒക്കെ ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, അസം തുടങ്ങിയ വന്‍ സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണ്. വടക്കന്‍ ബംഗാളില്‍നിന്നും അസമില്‍നിന്നുമുള്ള ചെറുപ്പക്കാരുടെ തൊഴിലന്വേഷിച്ചുള്ള പലായനത്തിന് അഖിലേന്ത്യാ സ്വഭാവം കിട്ടിയിട്ട് കുറച്ചുകാലമായി. ഇവിടങ്ങളില്‍ മാത്രമല്ല, മുന്നാക്ക സംസ്ഥാനങ്ങള്‍ എന്നു വിളിക്കപ്പെടുന്നയിടങ്ങളിലും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമാണ്.
വിദ്യാഭ്യാസ-ഫാക്ടറി ഉല്‍പന്നങ്ങളെ ഗ്രസിച്ചിരിക്കുന്ന രൂക്ഷമായ തൊഴിലില്ലായ്മ മാത്രമല്ല ശ്രദ്ധിക്കപ്പെടാതെ പോവുന്നത്. വിശാലമായ കാര്‍ഷികമേഖലയിലെ ഗുരുതര പ്രശ്‌നങ്ങളും തമസ്‌കരിക്കപ്പെടുന്നു. കാര്‍ഷികവൃത്തി നഷ്ടക്കച്ചവടമാവുന്നതും കര്‍ഷകര്‍ സ്വയം ജീവനൊടുക്കുന്നതും അവരുടെ കുടുംബങ്ങള്‍ പട്ടിണികിടന്ന് ഇഞ്ചിഞ്ചായി കെട്ടുപോവുന്നതും ഒന്നും ഇന്നു പ്രസക്തമായ വാര്‍ത്തകളല്ല. കര്‍ഷകരുടെ ആത്മഹത്യകളുടെ കണക്കുകള്‍ 10 ലക്ഷം കടന്നപ്പോള്‍ മുതല്‍ പ്രസിദ്ധീകരിക്കപ്പെടുന്നില്ല. അതിന്റെ ആവശ്യമില്ല എന്നാണ് രാഷ്ട്രീയനേതൃത്വങ്ങളുടെയും സര്‍ക്കാരുകളുടെയും നിലപാട്.
കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും യുവാക്കളുടെ തൊഴിലില്ലായ്മയും 1960കളുടെ അവസാനവും 70കളുടെ ആദ്യപകുതിയും ഓര്‍മയില്‍ കൊണ്ടുവരുന്നു. ആ കാലയളവില്‍ സാമൂഹിക അസ്വസ്ഥതകളും യുവാക്കളുടെ കലാപങ്ങളും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളും വ്യാപകമായി നടന്നു. കാര്‍ഷിക-വ്യാവസായിക വ്യവസ്ഥകളിലുണ്ടായിരുന്ന തീക്ഷ്ണവൈരുധ്യങ്ങളായിരുന്നു മൂലകാരണങ്ങള്‍. രാജ്യവ്യാപകമായി അടിയന്തരാവസ്ഥയും ഭരണഘടനയുടെ നിഷ്‌കാസനവും ഒരു ഫാഷിസ്റ്റ് ക്ലിക്കിന്റെ ഭരണം കൈയാളലും ആയിരുന്നു ഈ വൈരുധ്യങ്ങളുടെ താല്‍ക്കാലിക സമാപ്തി. തുര്‍ക്ക്മാന്‍ ഗേറ്റിലെ ജനങ്ങളെ ബുള്‍ഡോസ് ചെയ്യുന്നതിന് ഉത്തരവുകള്‍ കൊടുത്ത് അവര്‍ ചതഞ്ഞരയുന്നത് സൂക്ഷ്മമായി കണ്ട് ഉന്മാദം അനുഭവിക്കുന്നവരായിരുന്നു അന്ന് ഭരിച്ചിരുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ സംതൃപ്തി അടയുന്ന മനോരോഗികളുടെ പട അന്നും നിലവിലുണ്ടായിരുന്നു.
45 വര്‍ഷം മുമ്പ് നിലവിലുണ്ടായിരുന്ന തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും ഇപ്പോഴത്തെ സാഹചര്യത്തിനു സമാനമാണെന്നു പറയുമ്പോള്‍ മൗലിക കാരണങ്ങള്‍ ഒന്നാണെന്ന് അര്‍ഥമില്ല. തൊഴിലില്ലായ്മയും കാര്‍ഷികവൃത്തിയിലെ പാപ്പരത്തവും നിലവിലുണ്ടെന്നേ അര്‍ഥമുള്ളൂ. സാമൂഹിക വൈരുധ്യങ്ങളെ ഈ പ്രതിഫലനങ്ങളുടെ ഉപരിപ്ലവപരമായ ഭാഷാപ്രയോഗങ്ങളില്‍ അളക്കുന്നത് യഥാര്‍ഥ പ്രശ്‌നങ്ങളെ കാണാതിരിക്കാന്‍ സഹായിക്കാനുള്ള സാധ്യതകള്‍ ഏറെയാക്കുകയാണ്. കാര്‍ഷികമേഖലയുടെ കാര്യമെടുത്താല്‍ 70കളുടെ ആദ്യം മുഖ്യ പ്രശ്‌നമായി വന്ന കാര്‍ഷികബന്ധങ്ങളുടെ പിന്നാക്കാവസ്ഥയല്ല ഇന്ന് മേഖലയെ തളര്‍ത്തുന്നത്. ഇന്നു വിപണികളില്‍ക്കൂടി പ്രാഥമിക ഉല്‍പാദകരെ കൊള്ളയടിക്കുന്നതിലുള്ള സാമൂഹിക വൈരുധ്യമാണ് മുമ്പോട്ടുവന്നിരിക്കുന്നത്. അര്‍ധ-ഫ്യൂഡല്‍ വ്യവസ്ഥയിലുള്ള കാര്‍ഷികവൈരുധ്യം വിപണികളും കര്‍ഷകരും തമ്മിലുള്ള വൈരുധ്യങ്ങള്‍ക്ക് വഴിമാറിക്കഴിഞ്ഞു.
ഉല്‍പന്നങ്ങളുടെ വിപണി, ഫാക്ടറികളില്‍നിന്നിറങ്ങുന്ന കാര്‍ഷിക ഉല്‍പാദക വസ്തുക്കളുടെ വിപണി, പണത്തിന്റെ വിപണി എന്നിവയില്‍ക്കൂടിയെല്ലാം ഒരുക്കിയ നീരാളിസ്വഭാവമുള്ള കെണിയിലാണ് പ്രാഥമിക ഉല്‍പാദകര്‍. ഈ വൈരുധ്യം കാര്‍ഷികമേഖലയിലെ മുഖ്യവൈരുധ്യമായി, സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. 1970കളും ഇന്നും തമ്മില്‍ സാമൂഹിക വൈരുധ്യങ്ങളില്‍ വന്ന ഗുണപരമായ മാറ്റമായി കാണേണ്ട മൗലിക വസ്തുതയാണിത്.
തൊഴിലില്ലായ്മയുടെ കാര്യത്തിലും ഗുണപരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടക്കുന്നു. ലോക സാമ്പത്തിക ചുറ്റുവട്ടത്തിനുള്ളിലാണീ നിക്ഷേപങ്ങള്‍ നടക്കുന്നത്. അതിലെ അസ്ഥിരത അങ്ങനെത്തെന്ന ഇവിടെയും സ്വാഭാവികമായും ഉണ്ടാവും. പക്ഷേ, നിക്ഷേപങ്ങള്‍ക്കനുസൃതമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. മൂലധനം മുഖ്യമായും ഊഹക്കച്ചവടച്ചരക്കായി മാറ്റുമ്പോള്‍ തൊഴില്‍മേഖലയില്‍ക്കൂടി ലാഭം ഉണ്ടാക്കുന്ന പരമ്പരാഗത മുതലാളിത്തരീതിക്ക് മാറ്റം സംഭവിക്കുന്നു. ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കു മുമ്പ് നിക്ഷേപിക്കപ്പെട്ട മൂലധനം ഉല്‍പാദിപ്പിച്ച തൊഴിലവസരങ്ങളുടെ ഒരംശം മാത്രമാണ് ഇന്ന് അതേ മൂലധനം (വിലക്കയറ്റം ഉള്‍പ്പെടുത്തി) ഉല്‍പാദിപ്പിക്കുന്നത്. തൊഴിലുണ്ടാക്കാത്ത നിക്ഷേപം എന്നാണീ പ്രതിഭാസം അറിയപ്പെടുന്നത്. അതായത്, യാതൊരു സാമൂഹിക ബാധ്യതകളും ഇല്ലാത്ത മുതലാളിത്തം. തൊഴില്‍വിപണിയെ നിസ്സാരവല്‍ക്കരിക്കുന്ന മുതലാളിത്തം. ബിപിഒ കമ്പനികള്‍ എന്നറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ വിദേശ കോര്‍പറേറ്റുകളുടെ പണി ചെയ്തുകൊടുക്കുന്ന തൊഴിലാളികളുടെ വേതനം വിദേശത്ത് ഇതേ പണി ചെയ്യുന്ന ഇതേ കമ്പനി ഉദ്യോഗസ്ഥര്‍ക്കു കിട്ടുന്നതിന്റെ അഞ്ചിലൊന്നേ ഉള്ളൂ. അതും പോരായെങ്കില്‍ ഇന്ത്യയില്‍നിന്നു പോയി അവിടെ പണി ചെയ്യുന്നവരുടെ വേതനം അതേ പണിചെയ്യുന്ന വെള്ളത്തൊലിക്കാര്‍ക്കു കിട്ടുന്നതിന്റെ പകുതിയേയുള്ളൂ. സാമ്രാജ്യത്വ ആഗോളവല്‍ക്കരണം വംശീയഭേദങ്ങള്‍ വളരെ സൗകര്യപ്രദമായി ലാഭകരമായി ഉപയോഗിക്കുന്നു.
കാര്‍ഷികമേഖലയിലെ പാപ്പരത്തം വന്‍തോതില്‍ നഗരപ്രദേശങ്ങളിലേക്ക് കുടിയേറ്റം സൃഷ്ടിക്കുന്നുണ്ട്. നഗരവല്‍ക്കരണത്തിന്റെ തോത് ഘടനാപരമായ പരിമിതികള്‍ക്ക് അപ്പുറമാണ്. ചെന്നൈയും മുംബൈയും കൊല്‍ക്കത്തയും ഡല്‍ഹിയും ബംഗളൂരുവും ഹൈദരാബാദും മാത്രമല്ല, രണ്ടാംകിട, മൂന്നാംകിട, നാലാംകിട പട്ടണങ്ങളും നഗരങ്ങളും ജീവിതസൗകര്യങ്ങളുടെ വിഷയത്തില്‍ തികച്ചും അപര്യാപ്തമായിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. വൃത്തിയുള്ളവര്‍ എന്ന് ഊറ്റംകൊള്ളുന്ന മലയാളികളുടെ കാര്യം നോക്കുക. സംസ്ഥാനം മൊത്തത്തില്‍ മാലിന്യത്തില്‍ മുങ്ങുന്ന കാഴ്ചയാണ് കണ്‍മുമ്പില്‍. യാതൊരുവിധ സാമൂഹിക സുരക്ഷിതത്വവും ഇല്ലാത്ത ജനങ്ങളുടെ സംഖ്യ നഗരപ്രദേശങ്ങളില്‍ പേടിപ്പിക്കുന്നതോതിലായിട്ടുണ്ട്.
വൈരുധ്യങ്ങള്‍ എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമാണെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ 1960-70കളില്‍നിന്നു മൂര്‍ത്തമായി മാറിയിട്ടുണ്ട്. സാമ്പത്തിക ബലതന്ത്രങ്ങളുടെ തലത്തില്‍ തന്നെ മാറ്റങ്ങള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയില്ലായ്മ തന്നെ ഉപരിഘടനയിലെ മാറ്റമായിട്ടു കാണാന്‍ കഴിയും. ഇടതുപക്ഷത്തിന് രാഷ്ട്രീയപരിപാടി ഇല്ലാതായി. ‘വര്‍ഗീയ ഫാഷിസം’ എന്നു നിലവിളിക്കുന്നതല്ലാതെ അതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ പരിപാടി മൊത്തം ഇടതുപക്ഷത്തിനും ഇല്ല. 1947 കഴിഞ്ഞുള്ള ഒരു ചെറിയകാലം അടവുപരമായി അടങ്ങിയിരുന്ന ഭൂരിപക്ഷ വര്‍ഗീയതയാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ അജണ്ട. ഇടതുപക്ഷത്തിനോ മധ്യപക്ഷത്തിനോ ഈ പ്രവണതയെ വേണ്ടവിധം അപഗ്രഥിക്കാന്‍പോലും കഴിയുന്നില്ല. സങ്കീര്‍ണമായ ചരിത്രവും രാഷ്ട്രീയ-സമ്പദ്ഘടനാ വൈവിധ്യങ്ങളും കൂടിച്ചേര്‍ന്ന നൂറ്റമ്പതില്‍ കൂടുതല്‍ ഭാഷകളും അതിലും എത്രയോ ഇരട്ടി അവികസിത ഭാഷകളും സ്പന്ദിക്കുന്ന ഉപഭൂഖണ്ഡമാണ് ഇന്ത്യ. സാമ്രാജ്യത്വ ആഗോളവല്‍ക്കരണം ഇരമ്പിക്കയറിക്കൊണ്ടിരിക്കുന്ന വിശാലമായ വിപണിയാണ് ഇന്ത്യ. സഹാറയുടെ തെക്കുള്ള ഏതെങ്കിലും ബനാനാ റിപബ്ലിക്കല്ല ഈ പ്രദേശം. ഇവിടെ വൈരുധ്യങ്ങള്‍ നാനാവിധമാണ്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണം പലതരത്തിലുള്ള പ്രതിരോധങ്ങളും ഇവിടെ സൃഷ്ടിക്കുന്നുണ്ട്. അതൊന്നും ഇരിമ്പുലക്ക സാമൂഹികശാസ്ത്രരീതികളില്‍ക്കൂടി മനസ്സിലാക്കാനും പറ്റില്ല. പലപ്പോഴും രാഷ്ട്രീയ-ഉപരിഘടനാ പ്രശ്‌നങ്ങള്‍ അടിത്തറയില്‍നിന്നു താല്‍ക്കാലിക സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ കഴിയും. ഇതിനുള്ള ഉദാഹരണങ്ങള്‍ കണ്‍മുമ്പിലുണ്ട്. ന്യൂനപക്ഷങ്ങളെ അപരനായി മാറ്റി അധികാരത്തില്‍ നിലനില്‍പ്പ് ശാശ്വതമാക്കാം എന്ന കണക്കുകൂട്ടല്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണം നടപ്പില്‍വരുത്താം എന്ന ധാരണയില്‍ ചില പിശകുകളുണ്ട്. അന്തര്‍ദേശീയ അരങ്ങില്‍ ‘ടെററിസം’ ഒരു മുഖ്യ കഥാപാത്രമായി വന്നുകഴിഞ്ഞു. കൂടുതല്‍ യുദ്ധമുഖങ്ങള്‍ അനാവരണം ചെയ്യപ്പെടാനുള്ള സാധ്യതകളാണു തുറക്കുന്നത്. ഇന്ത്യയുടെ പല തന്ത്രപ്രധാനമായ ആവശ്യങ്ങളും ഈ യുദ്ധമുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടുതന്നെ ഇന്ത്യയെ ഇവയിലേക്ക് പല രീതികളിലും കൊണ്ടുവരാം. $

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss