|    Nov 13 Tue, 2018 6:16 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സാമൂഹികമാധ്യമങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കത്തില്‍ നിന്നു കേന്ദ്രം പിന്‍മാറി

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നീക്കത്തില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍മാറി. പൗരന്മാരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള നിര്‍ദേശം പിന്‍വലിക്കുന്നതായി കേന്ദ്രം സുപ്രിംകോടതിയില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചിന് മുന്നില്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞത്.
സോഷ്യല്‍ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഹുവ മൊയ്ത്രയാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. കഴിഞ്ഞ 13ന് ഹരജി പരിഗണിച്ച സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. വ്യക്തികളുടെ സാമൂഹികമാധ്യമ ഇടപെടലുകള്‍ പരിശോധിക്കുന്നത് ഇന്ത്യയെ ഭരണകൂട നിരീക്ഷണവലയത്തിന് അകത്താക്കുന്നതുപോലെ ആണെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചിരുന്നത്.
സാമൂഹികമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നിര്‍ദേശം (ആര്‍എഫ്പി) ഞങ്ങള്‍ പിന്‍വലിക്കുകയാണെന്ന് കെ കെ വേണുഗോപാല്‍ ബെഞ്ച് മുമ്പാകെ വ്യക്തമാക്കി. ഇതോടെ, ടിഎംസി എംപി നല്‍കിയ ഹരജി കോടതി തള്ളുകയായിരുന്നു.
വാട്‌സ്ആപ്പ് മെസേജുകള്‍ അടക്കം ചോര്‍ത്താനുള്ള സംവിധാനത്തിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് നിരീക്ഷണ ഭരണകൂടത്തെ സൃഷ്ടിക്കുന്നതിനു സമാനമാണ്. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ജൂലൈ 17ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് ഇന്നലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആഗസ്ത് 20ന് ആരംഭിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ നിലപാട് അറിയിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss