|    Oct 17 Wed, 2018 3:54 pm
FLASH NEWS
Home   >  Districts  >  Kozhikode  >  

സാമൂതിരി രാജാവിന്റെ ആശ്രിതര്‍ക്ക് അധികൃതരുടെ അവഗണന

Published : 19th September 2017 | Posted By: mi.ptk

മിഥുന ടി കെ
കോഴിക്കോട് മീഞ്ചന്തയിലെ ഇരുപത് മുറിക്കാരുടെ ദുരിതം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ഏകദേശം 50 വര്‍ഷത്തിലധികം പഴക്കമുണ്ട് ഇവരുടെ ഈ കഷ്ടപ്പാടിന്. ഓരോ ജനപ്രതിനിധികളും ഓരോ വാഗ്ദാനം നല്‍കി പോയതല്ലാതെ ഇവരുടെ ജീവിതത്തിന് മാറ്റമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മഴയും വെയിലുമേല്‍ക്കാതെ അടച്ചുറപ്പുള്ള ഒരു വീട്ടില്‍ ഒരു ദിവസമെങ്കിലും കഴിയണമെന്ന ആഗ്രഹമേ ഇവിടുത്തെ കുടുംബങ്ങള്‍ക്കുള്ളൂ.

സാമൂതിരി രാജാവിന്റെ ആശ്രിതരായിരുന്ന 20 കുടുംബങ്ങളാണ് ഇരുപത് മുറിക്കാന്‍ എന്നറിയപ്പെടുന്നത്. മീഞ്ചന്ത ഗവ.ആട്‌സ് കോളേജിന്റെ നിര്‍മ്മാണത്തിനായി ഇവരുടെ സ്ഥലം ഏറ്റെടുത്തതോടെ കോളേജിന്റെ ഹോസ്റ്റലിനോട് ചേര്‍ന്ന ഒറ്റമുറി ലൈന്‍ വീടുകളിലായി ഇവരുടെ താമസം. പ്രായമായവരും കുട്ടികളുമടക്കം 14 കുടുംബങ്ങളാണ് ഇവിടെ ഇപ്പോള്‍ താമസിക്കുന്നത്. അതും ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ, തികച്ചും വാസയോഗ്യമല്ലാത്ത വീടുകളില്‍.

ദുരിതജീവിതത്തില്‍ നിന്ന് കരകയറ്റണമെന്ന വര്‍ഷങ്ങളായുള്ള ഇവരുടെ ആവശ്യത്തിന് ഒടുക്കം ആശ്വാസമായത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായിരുന്ന എംകെ മുനീര്‍ ആയിരുന്നു. പ്രദേശിക വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ ചിലവഴിച്ച് ഇരുപത് മുറിക്കാര്‍ക്ക് ഫഌറ്റ് നിര്‍മ്മിച്ചുനല്‍കുമെന്ന് എംകെ മുനീര്‍ ഉറപ്പുനല്‍കി. ഇതിന്റെ ഭാഗമായി 2015 മെയ് 19ന് മീഞ്ചന്ത ആട്‌സ്‌കോളേജില്‍ നടന്ന ചടങ്ങില്‍ ഫഌറ്റിന് എംകെ മുനീര്‍ തറക്കലിടുകയും ചെയ്തു. മീഞ്ചന്ത ആട്‌സ് കോളേജ് മൈതാനത്തോട് ചേര്‍ന്നു വിട്ടുനല്‍കിയ 45 സെന്റ് സ്ഥലത്താണ് ഇരുപത് മുറിക്കാരായ 14 കുടുംബങ്ങള്‍ക്ക് മൂന്ന് നില ഫഌറ്റ് നിര്‍മ്മിച്ചുനല്‍കാന്‍ തീരുമാനിച്ചത്. നിര്‍മ്മാണം നിര്‍മിതി കേന്ദ്രയെ ഏര്‍പ്പിക്കുകയും ചെയ്തു. ആറ് മാസത്തിനകം നിര്‍മ്മാണം പുര്‍ത്തിയാക്കി ഇരുപത് മുറിക്കാരെ പുനരധിവസിപ്പിക്കും എന്നായിരുന്നു അന്ന് മുനീര്‍ നല്‍കിയ വാഗ്ദാനം.

എന്നാല്‍, തറക്കല്ലിട്ട് രണ്ട് വര്‍ഷമായിട്ടും ഫഌറ്റ് നിര്‍മ്മാണം തുടങ്ങിയില്ല.  പലതവണ മുനീറിനെ കണ്ട് പരാതി പറഞ്ഞെങ്കിലും ഫണ്ട് പാസായില്ലെന്ന കാരണം പറഞ്ഞ് ഇവരെ മടക്കിയയക്കുകയാണുണ്ടായത്.
അതിനിടയില്‍ കഴിഞ്ഞ വര്‍ഷം പെയ്ത മഴയില്‍ മേല്‍ക്കൂരകള്‍ പൊട്ടി ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. ഇതേതുടര്‍ന്ന് ഇവിടുത്തെ താമസക്കാര്‍ അന്നത്തെ കോഴിക്കോട് കലക്ടറായിരുന്ന എന്‍ പ്രശാന്തിനെ കണ്ട് അവസ്ഥ ധരിപ്പിക്കുകയും അദ്ദേഹം സ്ഥലം സന്ദര്‍ശിച്ച് കാര്യം ബോധ്യംപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ ലൈന്‍ മുറികളിലും ഫ്‌ളെക്‌സ് ഷീറ്റുകള്‍ വലിച്ചുകെട്ടി താല്‍ക്കാലിക പരിഹാരമുണ്ടാക്കി. ഫഌറ്റിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എംകെ മുനീറുമായി സംസാരിക്കാമെന്നും പറഞ്ഞു. എന്നാല്‍ ഇതിന് ശേഷവും ഫഌറ്റ് നിര്‍മ്മാണം തുടങ്ങിയില്ല.

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 2016 ജൂണ്‍ 14ന് ഇരുപത് മുറിക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ഫഌറ്റ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും ഏതുനിമിഷവും ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ വീട്ടിലാണ് താമസമെന്നും ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

നിര്‍മ്മാണം തുടങ്ങിയ  ഫ് ളാറ്റ് സമുച്ചയം

ഇതിന് ശേഷം മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ്  ഫ് ളാറ്റ് നിര്‍മ്മാണം ആരംഭിച്ചത്. തറകെട്ടി പില്ലറുകള്‍ വാര്‍ത്തതല്ലാതെ ഇതിന് ശേഷം നിര്‍മ്മാണമൊന്നും നടന്നിട്ടില്ല. ഫണ്ട് പാസായില്ലെന്ന കാരണത്താല്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവക്കുകയായിരുന്നു. കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ തന്നെയാണ് ഇവരുടെ താമസം.ഇനിയും ഇരുപത് മുറിക്കാര്‍ക്ക് നേരെ അധികാരികള്‍ കണ്ണുതുറന്നില്ലെങ്കില്‍ ഇവരുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നുറപ്പ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss