|    Apr 21 Sat, 2018 1:31 pm
FLASH NEWS
Home   >  Todays Paper  >  page 6  >  

സാമൂതിരി മണ്ണില്‍ യൂറോപ്യന്‍ വിജയഗാഥ

Published : 22nd February 2016 | Posted By: swapna en

എം എം സലാം
nipro

കോഴിക്കോട്: കാല്‍പ്പന്ത്് ജീവശ്വാസമാക്കിയ ലാറ്റിനമേരിക്കന്‍ നാട്ടുകാരെ സാമൂതിരിയുടെ മണ്ണില്‍ കൂട്ടക്കശാപ്പ് ചെയ്യുകയായിരുന്നു യൂറോപ്പില്‍ നിന്നുള്ള ഈ മിടുക്കന്‍മാര്‍. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച് ഒരു ഗോള്‍ പോലും വഴങ്ങാതെയെത്തിയ ഉക്രെയ്‌നില്‍ നിന്നുള്ള  എഫ്‌സി നിപ്രോ നാഗ്ജിയില്‍ ആദ്യമായി മുത്തമിടുമ്പോള്‍ അവര്‍ക്കത് അര്‍ഹിച്ച വിജയം മാത്രമാണ്.
ഇടവേളയ്ക്കു ശേഷം പുനര്‍ജനിച്ച് രണ്ടാഴ്ച കാല്‍പ്പന്തു കളിയാരാധകരുടെ മനം കവര്‍ന്ന നാഗ്ജി അന്താരാഷ്ട്ര ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബ്രസീലിയന്‍ ടീമായ അത്‌ലറ്റികോ പരാനെന്‍സിനെ തറപറ്റിച്ച് നിപ്രോ ജേതാക്കളായത്. 1952ല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ്  യൂറോപ്പില്‍ നിന്നുള്ള ഒരു ടീം കപ്പില്‍ മുത്തമിടുന്നത്.
ആരവം തീര്‍ത്ത്
നാല്‍പതിനായിരം
കാണികള്‍
തിങ്ങി നിറഞ്ഞ നാല്‍പതിനായിരത്തോളം കാണികളെ സാക്ഷി നിര്‍ത്തി നിപ്രോയായിരുന്നു ആക്രമണത്തിന് തുടക്കമിട്ടത്. 10ാം മിനിറ്റില്‍ യൂര്‍ലി വക്യൂല്‍കോ വലതു കോര്‍ണറില്‍ നിന്നും പന്ത് നിപ്രോ സൂപ്പര്‍ താരം കൊച്ചെര്‍ഗിനു കൈമാറി. കൊച്ചെര്‍ഗിനില്‍ നിന്നും പന്ത് സ്വീകരിച്ച ഡെനീസ് ബലാനിക്കിന്റെ ബോക്‌സിനു പുറത്തു നിന്നുള്ള ഷോട്ട് പോസ്റ്റിനു മുകളിലൂടെ പറന്നു. മൂന്നു മിനിറ്റുകള്‍ക്കു ശേഷം വലതു മൂലയില്‍ നിന്നു തന്നെ വീണ്ടും നിപ്രോയുടെ ആക്രമണം. കൊച്ചെര്‍ഗിന്റെ ലോങ് ഷോട്ട് ഇത്തവണയും പോസ്റ്റിനു പുറത്തേക്ക്.
18ാം മിനിറ്റില്‍ പരാനെന്‍സ് ആദ്യ പ്രത്യാക്രമണം നടത്തി. ആന്‍ഡ്രെ ലൂയിസ് ആല്‍ഫ്രെഡോയുടെ ദുര്‍ബലമായ ഇടങ്കാല്‍ ഷോട്ട് ഗോള്‍കീപ്പര്‍ ഡെനീസ് ഷെലിക്കോവ് അനായാസം കൈയിലൊതുക്കി. തൊട്ടടുത്ത മിനിറ്റില്‍ മറ്റൊരവസം കൂടി പരാനെന്‍സിന് ലഭിച്ചു. മൈതാന മധ്യത്തു നിന്നുള്ള ലോങ്പാസ് സ്വീകരിച്ച് ആല്‍ഫ്രെഡോ പോസ്റ്റിലേക്ക് ഓടിയെത്തിയെങ്കിലും ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. 22ാം മിനിറ്റില്‍ വീണ്ടും നിപ്രോയുടെ മുന്നേറ്റം. വക്യൂല്‍ക്കോയുടെ ക്രോസ് മനോഹരമായ സിസര്‍കട്ടിലൂടെ ഇഹോര്‍ കോഹുറ്റ് പോസ്റ്റിലേക്കു പായിച്ചെങ്കിലും പന്ത് ബാറിനു മുകളിലൂടെ പാഞ്ഞു.
32ാം മിനിറ്റില്‍ നിപ്രോയുടെ വക്യൂല്‍ക്കോയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റം. മൈതാനമധ്യത്തു നിന്നും എതിര്‍താരങ്ങളെ വെട്ടിച്ചു പന്തുമായി മുന്നേറി. ബോക്‌സിനുള്ളില്‍ വച്ച് പ്രതിരോധ നിര വക്യൂല്‍ക്കോയെ വീഴ്ത്തിയെങ്കിലും പന്ത് പോസ്റ്റിലേക്കു താരം അടിച്ചിട്ടത് ഗോള്‍കീപ്പര്‍ ലൂക്കാസ് ഫേരേര രക്ഷപെടുത്തി. 38ാം മിനിറ്റില്‍ ഉഗ്രനൊരവസരം പരാനെന്‍സും പാഴാക്കി. പരാനെന്‍സ് മുന്നേറ്റ നിര താരം അളന്നു മുറിച്ചു നല്‍കിയ പാസില്‍ നിപ്രോ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ജാവോ ഹെനന്‍ സില്‍വ പന്ത് പോസ്റ്റിനു മുകളിലൂടെ പാഴാക്കി.
ഭാഗ്യം തുണച്ച
ആദ്യ ഗോള്‍
മുന്നേറ്റങ്ങള്‍ മാത്രം കണ്ടു മടുത്ത കാണികള്‍ക്ക് ആവേശമായി ഭാഗ്യത്തിന്റെ കൂടി പിന്‍ബലത്തോടെ നിപ്രോയുടെ ആദ്യ ഗോളെത്തി. 40ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പെന്റാലാവോ എടുത്ത ഫ്രീകിക്കില്‍ ഉയര്‍ന്നു ചാടിയ ഡെനീസ് ബലാനിക്ക് തലവച്ചെങ്കിലും പിഴച്ചു. പന്ത് രക്ഷപെടുത്താനുള്ള പെരാനന്‍സ് പ്രതിരോധ താരങ്ങളുടെ കൂട്ടപ്പൊരിച്ചിലില്‍ ഇഹോര്‍ കൊഹൂട്ടിന്റെ ദേഹത്ത് തട്ടി പന്ത് പോസ്റ്റിലേക്ക് ഉരുണ്ടു കയറി (1-0). ആരാധകരുടെ ആഹ്ലാാദാരവങ്ങള്‍ക്കിടയില്‍ ഗോള്‍ മടക്കാനുള്ള അവസരം 43ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ പരാനെന്‍സിനു ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അടുത്ത മിനിറ്റില്‍ നിപ്രോ താരത്തെ ചവിട്ടിവീഴ്ത്തിയതിന് പെരാനന്‍സ് താരം ജാവോ സെല്‍വ മഞ്ഞക്കാര്‍ഡും കണ്ടു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ നിപ്രോയുടെ വക്യൂല്‍ക്കോയുടെ ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടി മടങ്ങി.
രണ്ടാം പകുതിയും തകര്‍ത്താടി നിപ്രോ
നിപ്രോയ്ക്കു മറുപടി നല്‍കാന്‍ രണ്ടാം പകുതിയില്‍ രണ്ടു മാറ്റങ്ങളാണ് പരാനെന്‍സ് കോച്ച് മാര്‍സെലോ വില്‍ഹേന നടത്തിയത്. 62ാം മിനിറ്റില്‍ കാലിന് പരിക്കേറ്റ വെസ്്‌ലി ഡിസില്‍വയ്ക്കു പകരം മൗറീഷ്യോ സാന്റോസ് കളത്തിലിറങ്ങി. പത്ത് മിനിറ്റിനു ശേഷം ജെര്‍സണ്‍ സില്‍വാ ജെനിയറിന് പകരം ജെര്‍മിയാസ് സാന്റോസും പെരാനന്‍സിനു വേണ്ടി ഭാഗ്യം പരീക്ഷിക്കാനെത്തി. എന്നാല്‍ ഗോള്‍ ഭാഗ്യം മാത്രം ബ്രസീലുകാരെ തുണച്ചില്ല.
62ാം മിനിറ്റില്‍ നിപ്രോ വീണ്ടും ലീഡുയര്‍ത്തി. പരാനെന്‍സ് ഗോള്‍കീപ്പര്‍ ലുക്കാസ് ഫെരേരയുടെ ചെറിയൊരു പിഴവില്‍ നിന്നുമാണ് നിപ്രോയുടെ രണ്ടാം ഗോളിന്റെ പിറവി. ബോക്‌സിനുളളിലേക്ക് ലഭിച്ച പാസില്‍ ഗോള്‍കീപ്പര്‍ പോസ്റ്റിനുള്ളില്‍ നിന്നും മുന്നോട്ടു കുതിച്ചു. അവസരം മുതലാക്കി ബെലാനിക്ക് വലങ്കാല്‍ കൊണ്ട് പന്ത് പോസ്റ്റിലേക്കു കോരിയിട്ടു (2-0).
രണ്ടു ഗോള്‍ വീണ ശേഷവും കളി മറന്ന മട്ടില്‍ തന്നെയായിരുന്നു പരാനെന്‍സ് താരങ്ങള്‍. ഇടയ്ക്കിടെ പന്തുമായി നിപ്രോ ഗോള്‍മുഖത്തേക്കെത്തെയെങ്കിലും പ്രതിരോധ താരങ്ങള്‍ പരാനെന്‍സിനെ വരിഞ്ഞു മുറുക്കി.  ഇതിനിടയിലും നിപ്രോ പരാനെന്‍സ് ബോക്‌സിലേക്കു നിരന്തരം ഇരച്ചു കയറിക്കൊണ്ടിരുന്നു.
85ാം മിനിറ്റില്‍ ബ്രസീലിയന്‍ ടീമിന് അടുത്ത പ്രഹരം കൂടി നല്‍കി മൂന്നാമത്തെ സെല്‍ഫ് ഗോളുമെത്തി.  പരാനെന്‍സ് ഗോള്‍മുഖത്തിന്റെ ഇടതു മൂലയില്‍ നിന്നും ബോക്‌സിലേക്ക് വക്യൂല്‍ക്കോയുടെ ഉഗ്രന്‍ ക്രോസ്. പന്ത് തടുക്കാനുള്ള പരാനെന്‍സ് താരം മൗറീഷ്യോ പെട്രോയുടെ കാലില്‍ത്തട്ടി പന്ത് വലയിലേക്ക് പതിച്ചു. പന്ത് നല്‍കിയ വക്യൂല്‍ക്കോയുടെ പേരില്‍ത്തന്നെയായിരുന്നു ഈ ഗോളും രേഖപ്പെടുത്തപ്പെട്ടത് (3-0).
മൂന്നു ഗോളിന്റെ ആധികാരിക ജയത്തോടെ നാഗ്ജിയുടെ ചരിത്രത്തിലാദ്യമായി ഏഷ്യന്‍വന്‍കരയ്ക്ക് പുറത്തുള്ള ഒരു ടീം ചാംപ്യന്‍പട്ടത്തില്‍ വിജയലഹരിയിലാഴ്ന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss