|    Jun 25 Mon, 2018 7:05 pm
FLASH NEWS
Home   >  News now   >  

സാബത്ത് കഴിയട്ടെ, മദ്യം ബോട്ടിലിലിരിക്കട്ടെ

Published : 18th April 2017 | Posted By: G.A.G

സ്രയേല്‍ ജനതക്ക് യഹോവ എണ്ണമറ്റ അനുഗ്രഹങ്ങള്‍ നല്‍കിയിരുന്നു. തന്നോടുളള നന്ദിസൂചകമായി ഇസ്രയേല്‍ മക്കളുടെ പുണ്യദിവസമായ സാബത്ത് (ശനിയാഴ്ച)ദിവസം പൂര്‍ണമായും വിശ്രമത്തിനും ആരാധനക്കുമായി നീക്കി വെക്കണമെന്നു കര്‍ത്താവായ യഹോവ അവരോട്  കല്‍പിച്ചു. അനുസരണക്കേടും നിയമലംഘനവും മാറ്റാനാവാത്ത ദുശ്ശീലമായി മാറിക്കഴിഞ്ഞിരുന്ന അവര്‍ക്ക് കര്‍ശനമായ വ്യവസ്ഥകളാണ് സാബത്തില്‍ നിശ്ചയിക്കപ്പെട്ടിരുന്നത്.

അന്നേ ദിവസം യാതൊരു ലൗകിക പ്രവര്‍ത്തനങ്ങളും-ഭക്ഷണം പാകം ചെയ്യുന്നതു പോലും -സ്വയം ചെയ്യുവാനോ ഭൃത്യന്‍മാരെ കൊണ്ട് ചെയ്യിക്കുവാനോ പാടുണ്ടായിരുന്നില്ല. ആ പുണ്യദിവസത്തിന്റെ പരിശുദ്ധിയെ അവഹേളിക്കുന്നവന്‍ വധാര്‍ഹനാണെന്നു വരെ താക്കീത് നല്‍കപ്പെട്ടിരുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത അനുസരണക്കേടിന്റെ ഉടമകളായ ഇസ്രായീല്യരെ പരീക്ഷിക്കുന്നതിനായി സബാത്ത് നാളില്‍ മീനുകള്‍ കൂട്ടത്തോടെ ജലോപരിതലത്തിലേക്കു വന്നു അവരെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. മീന്‍കൂട്ടങ്ങളെ കണ്ട ഇസ്രയേലര്‍ കടുത്ത വിഷമസ്ഥിതിയിലായി. മീനുകളെ പിടിച്ചാല്‍ യഹോവ കോപിക്കും. എന്നാല്‍ കൂട്ടത്തോടെ വന്ന മീനുകളെ ഉപേക്ഷിക്കാന്‍ മനസുവരുന്നുമില്ല. ഒടുവില്‍ അവര്‍ ഒരു കുറുക്കു വഴി കണ്ടെത്തി. സാബത്ത് നാളില്‍ മീന്‍ കയറിക്കഴിഞ്ഞാല്‍ നദിയുടെ താഴെ ബണ്ട് കെട്ടുക. സാബത്തിന്റെ പിറ്റേ ദിവസം മീന്‍ പിടിക്കുക. അപ്പോള്‍ മീന്‍ നഷ്ടപ്പെടുകയില്ല, യഹോവയുടെ കല്‍പന ലംഘിക്കപ്പെടുകയുമില്ല. സബാത്തിന്റെ അന്തസത്ത നശിപ്പിച്ച  ഇസ്രയേലരുടെ ഈ കുടിലബുദ്ധി കാരണമായി യഹോവ അവരെ വാമനന്‍മാരാക്കി മാറ്റി. (പുറപ്പാട്-അധ്യായം 31)

വൈരുദ്ധ്യാത്മക ദര്‍ശനത്തില്‍ ആകൃഷ്ടനായ ധനമന്ത്രി തോമസ് ഐസക്കിന് പഴയ നിയമത്തിലെ ഈ കഥയില്‍ വിശ്വാസമുണ്ടാകാനിടയില്ലെങ്കിലും കഥ അജ്ഞാതമാവാനിടയില്ല. അപകട മരണങ്ങള്‍ വഴി ദിനം പ്രതി നിരവധി മനുഷ്യജീവനുകള്‍ ഹനിക്കപ്പെടുന്നതിന് കാരണമായ അപകട ഡ്രൈവിംഗിന് മുഖ്യഹേതുവായ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ അടച്ചു പൂട്ടണമെന്ന സുപ്രീംകോടതി വിധി അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് നടപ്പിലാക്കുന്നതിനു പകരം കോടതിയുടെയും പൊതു സമൂഹത്തിന്റെയും കണ്ണില്‍ പൊടിയിട്ട് അവയെ  മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഗിമ്മിക്കുകളാണ് വേദപുസ്തകത്തിലെ പഴയകഥ സ്മൃതിപഥത്തിലേക്ക് കൊണ്ടുവന്നത്. സുരപാനം വ്യക്തിയുടെ ആരോഗ്യത്തിനും അയാളുടെ കുടുംബത്തിന്റെ സ്വസ്ഥതക്കും സമൂഹത്തിന്റെ ഭദ്രതക്കും മാരകമായ ക്ഷതമേല്‍പിക്കുന്നുവെന്ന് സര്‍ക്കാരിനു തന്നെ ബോധ്യമുളളതാണ.്

മദ്യപാനം സൃഷ്ടിക്കുന്ന ആരോഗ്യ- ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ചിലവ്. മദ്യപാനികളായ ഭര്‍ത്താക്കന്‍മാരുടെ പീഡനങ്ങളാലോ മദ്യം അന്തകനായി അകാലവൈധവ്യമേറ്റു വാങ്ങേണ്ടി വന്നോ കണ്ണീര്‍പുഴകളൊക്കേണ്ടി വരുന്ന അനേകലക്ഷം മഹിളകളുടെ ദുരിതത്തിനാകട്ടെ ഒരു ധനശാസ്ത്രജ്ഞനും വില കണക്കാക്കുക സാധ്യവുമല്ല. എന്നിട്ടും പ്രതിബദ്ധത ജനങ്ങളോടാണെന്ന് നാഴികക്ക് നാല്‍പതു വട്ടം ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നാടു മുഴുക്കെ മദ്യം വില്‍ക്കുന്നു. മദ്യകച്ചവടം കൊണ്ടാണ് സര്‍ക്കാരിന്റെ നിത്യ ചിലവുകള്‍ നടക്കുന്നതെന്ന് മടിയേതുമില്ലാതെ വിളിച്ചു പറയുന്നു. സംസ്ഥാനം ഭരിക്കുന്ന ഇടതു മുന്നണിയുടേയും മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റേയും പ്രഖ്യാപിത നയം മദ്യവര്‍ജ്ജനമാണത്രെ.

പക്ഷെ മദ്യം നിരോധിക്കില്ലെന്ന് മാത്രമല്ല മദ്യവിപണനത്തിന് എന്തെങ്കിലും തടസ്സം നേരിടുന്ന പക്ഷം അത് പഴയപടിയാക്കാന്‍ ഏത് വിധേനയും പരിശ്രമിക്കും. പാര്‍ട്ടി അംഗങ്ങള്‍ നിര്‍ബന്ധമായും പൊതുജനങ്ങള്‍ പൊതുവിലും വര്‍ജ്ജിക്കണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്ന ഒരു വസ്തുവിന്റെ വിപണനത്തെക്കുറിച്ച ധാര്‍മ്മികതയെക്കുറിച്ചൊന്നും ചോദിക്കരുത്. ആരെങ്കിലും അതിനു മുതിര്‍ന്നാല്‍ കളേളാളം നല്ലൊരു വെളളമില്ല പെണ്ണേ,എളേളാളം ഉളളില് ചെന്നാല്,ഭൂലോകം തരികിടകിട എന്ന ഗാനശകലം കൊണ്ടായിരിക്കും ചിലപ്പോള്‍ അവരെ എക്‌സൈസ് മന്ത്രിയും പിണറായി ദര്‍ബാറിലെ ആസ്ഥാന കവിയുമായ സുധാകരന്‍ജി നേരിടുക.
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യവിപണനം നിര്‍ത്തണമെന്ന് ഏതു കളളുകുടിച്ച് പൂസായവനും കളളുകുടിക്കാത്തവനും  മനസിലാകുന്ന ഭാഷയില്‍ പരമോന്നത നീതിപീഠം വിധിച്ച ഉടനെ ഗോ പൂജാസംസ്‌കാരം മനസുകളില്‍ നിന്നും കുടിയിറക്കപ്പെട്ടിട്ടില്ലാത്ത ഇസ്രായീല്യരോട് പശുക്കുട്ടിയെ ബലിയറുക്കാന്‍ പറഞ്ഞപോലെ ഈ കല്‍പനയുടെ ഉദ്ദേശം ഞങ്ങള്‍ക്കു ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും അതിനാല്‍ കുറേക്കൂടി കൃത്യമായി കാര്യം വ്യക്തമാക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കിഴുക്ക് കിട്ടിയതാണ് കേരളമടക്കമുളളവര്‍ക്ക്.
എന്നാല്‍ അതു കൊണ്ടും മതിയാക്കാതെ ദേശീയ-സംസ്ഥാന പാതകളെ ജില്ലാ-ഗ്രാമീണ റോഡുകളായി തരം താഴ്ത്തി വിധിയെ മറികടക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. ദേശീയപാതകളും സംസ്ഥാന പാതകളും തരംതാഴ്ത്തിയാല്‍ അവയുടെ പരിപാലനത്തിന് ലഭിക്കുന്ന കോടികളുടെ കേന്ദ്രഫണ്ടുകള്‍ നഷ്ടപ്പെടുമെന്നതു പോലും ‘മദ്യലഹരിയില്‍’ സര്‍ക്കാരിന് പ്രശ്‌നമാവുന്നില്ല. പ്രാദേശികജനങ്ങളോട് ഏറ്റവും കൂടുതല്‍ സംവദിക്കേണ്ടി വരികയും അവരുടെ വികാരത്തിനനുസരിച്ച് നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്ന് മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാനുളള അധികാരം എടുത്തു കളയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും നീക്കമുണ്ട്.
മദ്യ വില്‍പനയിലെ വരുമാനമില്ലാതെ സംസ്ഥാനത്തിന് മുന്നോട്ടു പോകാനാവില്ലത്രെ. മദ്യമില്ലെങ്കില്‍ ടൂറിസ്റ്റുകള്‍ കേരളത്തിലേക്കു വരില്ലപോലും. നൂറ്റൊന്നാവര്‍ത്തി വിളമ്പി സ്ഥിരപ്രതിഷ്ഠ നേടിയ ഒരു കൊടും നുണയാണിത്. മദ്യം വിളമ്പാത്ത പല അറബ് രാജ്യങ്ങളിലും ലോകത്തിന്റെ നാനാഭാഗത്തു നിന്നും ടൂറിസ്റ്റുകള്‍ വരുന്നുണ്ട്. വിമാനയാത്രക്കാരെ കിട്ടണമെങ്കില്‍ മദ്യം വിളമ്പണമെന്ന് കരുതുന്നത് പോലത്തെ ഒരു വിഢിത്തമാണത്. ഒരു തുളളി മദ്യം പോലും വിളമ്പാതെ സൗദി എയര്‍ലൈന്‍സ് ലോകത്തെ മികച്ച എയര്‍ലൈന്‍ ആയി നിലനില്‍ക്കുന്നതും തങ്ങളുടെ രാജ്യത്തേക്ക് വരുന്ന വരുന്ന ഇതര വിമാനകമ്പനികളെ മദ്യം വിളമ്പാന്‍ അനുവദിക്കാതിരിക്കുന്നതും നമ്മുടെ കണ്ണു തുറപ്പിക്കണം. നമുക്ക് ദൈവം കനിഞ്ഞരുളിയ പ്രകൃതി സൗന്ദര്യത്തിന്റെ പകുതിയെങ്കിലും സംരക്ഷിക്കാനും നിലനിര്‍ത്താനും തയ്യാറായാല്‍ അതു മാത്രം മതി ടൂറിസ്റ്റുകളുടെ വരവ് ഉറപ്പുവരുത്താന്‍. പീഡനഭയമില്ലാതെയും മൂക്കുപൊത്താതെയും നടക്കാനുളള സാഹചര്യം ഉറപ്പു വരുത്തണമെന്നു മാത്രം.
കേവലം വരുമാനം മാത്രമാകരുത് സര്‍ക്കാരിന്റെ മോട്ടോ. അങ്ങനെയാണെങ്കില്‍ കേരളത്തിലെ ഇന്നത്തെ സ്ഥിതിയില്‍ മദ്യവിപണനത്തേക്കാളേറെ ലാഭം പ്രതീക്ഷിക്കാവുന്ന പല മേഖലകളുമുണ്ട്. വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പീഡനജ്വരങ്ങള്‍ക്ക് അവ അറുതിവരുത്തുമെന്ന് വാദിക്കാന്‍ ശാരദക്കുട്ടിയെപ്പോലുളളവരെ ലഭിക്കുകയും ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss