|    Apr 25 Wed, 2018 8:27 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സാഫ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യ-അഫ്ഗാനിസ്താന്‍ ഫൈനല്‍ ഇന്ന്; നീലക്കടുവകള്‍ കിരീടവേട്ടയ്ക്ക്

Published : 3rd January 2016 | Posted By: SMR

തിരുവന്തപുരം: കേരളമണ്ണില്‍ കിരീടവേട്ടയ്‌ക്കൊരുങ്ങി നീലക്കടുവകള്‍ ഇന്നിറങ്ങും. സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ കലാശക്കളില്‍ മുന്‍ ജേതാക്കളും ആതിഥേയരുമായ ഇന്ത്യ ഇന്നു നിലവിലെ വിജയികളായ അഫ്ഗാനിസ്താനുമായി പോരടിക്കും. വൈകീട്ട് 6.30ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ഫൈനലിന് വേദിയാവുന്നത്. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന ഫോമില്‍ കളിച്ച രണ്ടു ടീമുകള്‍ തമ്മിലുള്ള ഫൈനല്‍ കൂടിയായതിനാല്‍ മ ല്‍സരം തീപാറുമെന്നാണ് വിലയിരുത്തല്‍.
ആതിഥേയരെന്ന നേരിയ മുന്‍തൂക്കം ഇന്ത്യക്കുണ്ടെങ്കിലും റാങ്കിങിലിലും ഫോമിലുമെല്ലാം അഫ്ഗാനാണ് മേല്‍ക്കൈ. 2013ല്‍ നടന്ന കഴിഞ്ഞ സാഫ് ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇന്നത്തെ കലാശപ്പോ ര്. നേപ്പാളില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ 2-0ന് തകര്‍ത്ത് അഫ്ഗാന്‍ ജേതാക്കളാവുകയായിരുന്നു. അഫ്ഗാന്റെ കന്നിക്കിരീടവിജയം കൂടിയായിരുന്നു ഇത്. 2011ലെ ഫൈനലില്‍ ഇന്ത്യയോടേറ്റ 0-4ന്റെ തോല്‍വിക്ക് അഫ്ഗാന്‍ കണക്കുചോദിക്കുകയായിരുന്നു. ഇത്തവണ അഫ്ഗാനോട് ഇന്ത്യയുടെ ചുണക്കുട്ടികള്‍ പകരം ചോദിക്കുമെന്ന ആ ത്മവിശ്വാസത്തിലാണ് ആരാധകര്‍.
ടൂര്‍ണമെന്റിലെ കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ജനപങ്കാളിത്തം കുറവായിരുന്നെങ്കിലും ഇന്നത്തെ ഫൈനലില്‍ ഇന്ത്യയുടെ കിരീടധാരണം കാണാന്‍ കൂടുതല്‍ കാണികളെത്തുമെന്നാണ് പ്രതീക്ഷ.
സാഫിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമെന്ന വിശേഷണം ഇന്ത്യക്കു മാത്രം അവകാശപ്പെട്ടതാണ്. ഏറ്റവുമധികം തവണ കിരീടമുയര്‍ത്തിയാണ് സാഫില്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചത്. ഇതുവരെ നടന്ന 11 ടൂര്‍ണമെന്റുകളില്‍ ആറിലും ബ്ലൂ ടൈഗേഴ്‌സെന്നറിയപ്പെടുന്ന ഇന്ത്യക്കായിരുന്നു കിരീടം. മൂന്നു തവണ റണ്ണറപ്പായ ഇന്ത്യ ഒരു വട്ടം മൂന്നാംസ്ഥാനത്തുമെത്തിയിട്ടുണ്ട്.
കിരീടനേട്ടത്തില്‍ മറ്റു ടീമുകളൊന്നും ഇന്ത്യയുടെ അടുത്തു പോലുമില്ല. മാലദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഓരോ കിരീടം വീതം നേടി താഴെയുള്ളത്.
2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടിലെ ദയനീയ തോല്‍വികള്‍ക്കു ശേഷമാണ് ഇന്ത്യ ഇത്തവണ സാഫിനെത്തിയ ത്. യുവത്വത്തിനു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെ തിരഞ്ഞെടുത്ത കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനു തെറ്റിയി ല്ല. കളിച്ച മല്‍സരങ്ങള്‍ മൂന്നി ലും ജയിച്ച് ഇന്ത്യ ഫൈനലിലേക്ക് ടിക്കറ്റെടുത്തു.
ഫിഫ റാങ്കിങില്‍ ഇന്ത്യ 166ാം സ്ഥാനത്താണെങ്കില്‍ അഫ്ഗാന്‍ 139ാമതുണ്ട്. സാഫില്‍ പങ്കെടുത്ത ടീമുകളില്‍ റാങ്കിങില്‍ മുന്നിലുള്ളതും അഫ്ഗാ ന്‍ തന്നെയാണ്. 2013ലെ കഴിഞ്ഞ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അഫ്ഗാനെതിരേ കളിച്ച ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖ്‌ലുവ, അര്‍നാബ് മൊണ്ടല്‍ എന്നിവര്‍ ഇത്തവണയും ഇന്ത്യന്‍ നിരയിലുണ്ട്. 2011ലെ സാഫിന്റെ ഫൈനലിലും ഛേത്രി ഇന്ത്യക്കായി കളിച്ചിരുന്നു. അന്ന് അഫ്ഗാനെ ഇന്ത്യ 4-0നു തകര്‍ത്തപ്പോള്‍ ഹാട്രിക് നേടിയ ഛേത്രിയായിരുന്നു ഹീറോ.
അതേസമയം, ടൂര്‍ണമെന്റില്‍ എതിരാളികളെ നിഷ്പ്രഭരാക്കിയെത്തുന്ന അഫ്ഗാന്‍ ഇന്ന് ഇന്ത്യക്കു കടുത്ത വെല്ലുവിളിയുയര്‍ത്തും. നാലു മല്‍സരങ്ങളില്‍ നിന്ന് 16 ഗോളുകളാണ് അഫ്ഗാന്‍ അടിച്ചുകൂട്ടിയത്. അഞ്ചു ഗോളുകള്‍ നേടിയ സ്‌ട്രൈക്കര്‍ ഖെയ്ബര്‍ അമാനിയാണ് അഫ്ഗാന്റെ വജ്രായുധം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss