|    Oct 21 Sun, 2018 1:09 am
FLASH NEWS

സാന്‍ഡ് ബാങ്ക്‌സ് -ക്രാഫ്റ്റ് വില്ലേജ് ടൂറിസം പാക്കേജ് : പദ്ധതി പൂര്‍ത്തീകരണത്തിനായി സാധ്യതാ പഠനം നടത്തും: എം വിജയകുമാര്‍

Published : 26th September 2017 | Posted By: fsq

 

വടകര: മലബാര്‍ ടൂറിസത്തിന് മുന്‍ഗണന നല്‍കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സാന്‍ഡ് ബാങ്കസ്-ക്രാഫ്റ്റ് വില്ലേജ് ടൂറിസം പാക്കേജ് പദ്ധതിക്കായി സാധ്യതാ പഠനം നടത്തുമെന്ന് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.വിജയകുമാര്‍ പറഞ്ഞു. സാന്‍ഡ്ബാങ്ക്‌സ്-കൊളാവിപ്പാലം-ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് എന്നിവയുടെ ടൂറിസം സാധ്യതകള്‍ മനസ്സിലാക്കാന്‍ ഇന്നലെ വൈകീട്ടായിരുന്നു ചെയര്‍മാന്‍ സന്ദര്‍ശനത്തിനായി എത്തിയത്. പദ്ധതി നടത്തിപ്പിനായി ബന്ധപ്പെട്ട ഏജന്‍സിയുമായി ആലോചിച്ച് തീരുമാനം കാകൊള്ളുമെന്നും ഇതിന് ഫണ്ട് പ്രശ്‌നമല്ലെന്നും വിജയകുമാര്‍ വടകരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചരിത്ര പ്രാധാന്യ മുള്ള വടകരയില്‍ വെള്ളിയാങ്കല്ല്, പഴംകുറ്റിമല, ലോകനാര്‍കാവ്, തച്ചോളി മാണിക്കോത്ത് എന്നീ ടൂറിസം മേഖലയെയും സമീപ ഭാവിയില്‍ ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിക്കും. നേരത്തെ കിഫ്ബിയുടെ ഒരു കോടി 64 ലക്ഷം രൂപയുടെ പ്രൊജക്റ്റ് ഇരിങ്ങല്‍ സര്‍ഗ്ഗാലയ സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ഗാലയ, കോട്ടതുരുത്തി ദ്വീപ്, സാന്‍ഡ്ബാങ്ക്‌സ്, മൂരാട് കൈത്തറി തെരു എന്നീ പദ്ധതികളാണ് കിഫ്ബി പ്രൊജക്റ്റിലുള്ളത്. നേരത്തെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, തൊട്ടടുത്തുള്ളതും സാന്‍ഡ്ബാങ്ക്‌സുമായി യോജിപ്പിക്കാന്‍ കഴിയുന്ന പ്രദേശമായ തുരിത്തിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് സാന്‍ഡ്ബാങ്ക്‌സില്‍ എത്തിയത്. ഈ രണ്ടിടത്തും സന്ദര്‍ശിച്ചതിലുപരി സാന്‍ഡ്ബാങ്ക്‌സില്‍ വന്നപ്പോള്‍ ടൂറിസം വികസനത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതായുള്ള കാഴ്ചയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കടത്തനാട്ടിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ് സാന്‍ഡ്ബാങ്ക്‌സ്. ആഘോഷ ദിവസങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. എന്നാല്‍, എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് മനംകുളിര്‍ക്കുന്ന കാഴ്ചകളല്ല സാന്‍ഡ്ബാങ്ക്‌സില്‍ നിന്നും ലഭിക്കുന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച ഷെഡുകളും, ഗ്രാനൈറ്റ് കൊണ്ട് നിര്‍മാണം നടത്തിയ ഇരിപ്പിടങ്ങളും മറ്റും നശിക്കുകയാണ്. വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സാന്‍ഡ്ബാങ്ക്‌സ് കൃത്യമായ പരിചരണമില്ലാത്തതിനാലാണ് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നതെന്നാണ് നാട്ടുകാരും പ്രദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പറയുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കുന്ന കാലത്ത് സംസ്ഥാന ടൂറിസം വകുപ്പാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. അന്നത്തെ സര്‍ക്കാര്‍ ഇതിനായി 2 കോടിയോളം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ഇതിനിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 95 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു. രണ്ടാം ഘട്ടവും ഫണ്ട് നല്‍കിയതനുസരിച്ച് പ്രവൃത്തികള്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഒരു പ്രവര്‍ത്തനവും ഇവിടെ നടന്നിട്ടില്ല. ടൂറിസം വകുപ്പ് ചെയര്‍മാന്റെ സന്ദര്‍ശനത്തോടെ സാന്‍ഡ്ബാങ്ക്‌സെന്ന വിനോദ സഞ്ചാരികളുടെ സ്വപ്‌ന കേന്ദ്രത്തിന് പുതുജീവന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കെടിഡിസി ഡയറക്ടര്‍ ഡോ. എംവി പ്രകാശ്, വടകര നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍, വൈസ് ചെയര്‍മാന്‍ കെപി ബിന്ദു, നഗരസഭാ കൗണ്‍സിലര്‍മാരായ പി സഫിയ, എം ബിജു, സര്‍ഗാലയ സിഇഒ ഭാസ്‌കരന്‍, സി ഭാസ്‌കരന്‍ മാസ്റ്റര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss