|    Feb 18 Sun, 2018 3:06 am
FLASH NEWS

സാന്ത്വന പരിചരണം സാര്‍വത്രികമാക്കാന്‍ സംവേദനം പദ്ധതിയുമായി കംപാഷനേറ്റ് കോഴിക്കോട്‌

Published : 22nd January 2017 | Posted By: fsq

 

കോഴിക്കോട്: സാന്ത്വന പരിചരണത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷിക വേളയില്‍ കംപാഷനേറ്റ് കോഴിക്കോട്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി സഹകരിച്ച് ജില്ലയില്‍  സംവേദനം എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കുന്നു. പാലിയേറ്റീവ് പ്രവര്‍ത്തകരില്‍ മാത്രമൊതുങ്ങി നില്‍ക്കുന്ന സാന്ത്വന പരിചരണം പൊതുസമൂഹത്തിലേക്ക് കൂടി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഓരോരുത്തരുടെയും ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍ തുടങ്ങിയവര്‍ ഗുരുതര രോഗം ബാധിച്ച് കിടപ്പിലാവുമ്പോള്‍ അവരോട് എങ്ങനെ പെരുമാറണം, അവരെ എങ്ങനെയൊക്കെ ആശ്വസിപ്പിക്കാം, എന്തൊക്ക ഉപദേശങ്ങള്‍ നല്‍കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അവബോധം പരിശീലനത്തിലൂടെ സൃഷ്ടിക്കുകയാണ് ഇതിന്റെ ആദ്യപടി. അല്ലാത്ത പക്ഷം അത്തരം സന്ദര്‍ശനങ്ങള്‍ രോഗികള്‍ക്ക് പലപ്പോഴും ഉപദ്രവമായി മാറുന്ന അവസ്ഥയാണുണ്ടാവുക. നമ്മുടെ സന്ദര്‍ശനം രോഗികള്‍ക്ക് കരുണാര്‍ദ്രമായ സാന്നിധ്യമായി മാറ്റിയെടുക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിവുള്ള ഒരു സംഘത്തെ വാര്‍ത്തെടുക്കാനാണ് സംവേദനം പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ കംപാഷനേറ്റ് കോഴിക്കോട് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാറാരോഗികള്‍ക്കുള്ള സമഗ്രമായ പാലിയേറ്റീവ് പരിചരണം എന്ന ആശയം ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമായി മുമ്പാകെ വെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 1993ല്‍ ആരംഭിച്ച പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയായിരുന്നു. സാന്ത്വന പരിചരണത്തെ കുറിച്ച് മലയാളികള്‍ കേട്ടുതുടങ്ങുന്നതും ഇവിടെ നിന്നാണ്. കേരളത്തിലെ പാലിയേറ്റീവ് കെയര്‍ കാല്‍ നൂറ്റാണ്ട് തികയ്ക്കുമ്പോള്‍ ഈ മേഖലയി ല്‍ പുതിയൊരു ചുവടുവയ്പ്പ് എന്ന രീതിയിലാണ് കംപാഷനേറ്റ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സംവേദനം പദ്ധതി. ഒരു വര്‍ഷത്തിനകം ജില്ലയിലെ ജനസംഖ്യയുടെ രണ്ട് ശതമാനം പേര്‍ക്കെങ്കിലും സാന്ത്വന പരിചരണത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പരിശീലനം നല്‍കാന്‍ സംവേദനം പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള സാമൂഹികസംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ 984773 6000 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. സന്നദ്ധ പരിശീലകരും ഇതേ നമ്പറിലാണ് വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടത്. കമ്പാഷനേറ്റ് കോഴിക്കോട് സന്നദ്ധപ്രവര്‍ത്തകര്‍ നിങ്ങളുമായി ബന്ധപ്പെടുന്നതായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss