|    Oct 24 Tue, 2017 3:07 pm
FLASH NEWS

സാധാരണക്കാര്‍ വലയുന്നു; നിര്‍മാണ മേഖല പ്രതിസന്ധിയില്‍

Published : 12th November 2016 | Posted By: SMR

കണ്ണൂര്‍: 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതോടെ ജില്ലയിലെ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലായി. കെട്ടിടനിര്‍മാണ മേഖലയില്‍ മാത്രം നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇവര്‍ക്ക് പഴയ നോട്ടുകള്‍ നല്‍കിയാല്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നതിനാല്‍ പ്രശ്‌നമില്ല. അതേസമയം, ബാങ്കിലെത്തിയ ഇവരില്‍ പലര്‍ക്കും തിരിച്ചറിയല്‍ രേഖ വില്ലനായിട്ടുണ്ട്. മലയാളികള്‍ ജോലിചെയ്യുന്ന മേഖലയിലാണ് പ്രതിസന്ധി കൂടുതല്‍. പഴയ നോട്ടുകള്‍ സ്വീകരിക്കുന്ന ചില വിഭാഗം തൊഴിലാളികള്‍ മാത്രമാണു ഇവിടെ പണിയെടുക്കുന്നത്. കമ്പി, സിമന്റ് വ്യാപാര രംഗത്തും പ്രതിസന്ധി തുടരുകയാണ്. പണമുള്ളവര്‍ക്ക് പോലും ദിവസവും നാലായിരം രൂപയേ മാറാന്‍ കഴിയുന്നുള്ളൂ. ഇതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല. നോട്ടുകളുടെ ക്ഷാമം ഇതര വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നഗരങ്ങളിലെ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ മിക്ക കടകളിലും കച്ചവടം ഗണ്യമായി കുറഞ്ഞു. ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശമുള്ളവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളെ ആശ്രയിച്ചപ്പോള്‍ ചെറുകിട പലചരക്ക്, പച്ചക്കറി വ്യാപാരികള്‍ കട അടച്ചിടേണ്ട ഗതികേടിലാണ്. പഴയ നോട്ട് നല്‍കിയാല്‍ ഒരു കച്ചവടക്കാരനും സാധനം നല്‍കില്ല. പുതിയ കറന്‍സി കിട്ടാന്‍ പ്രയാസവും. മെഡിക്കല്‍ ഷോപ്പുകളില്‍ പോലും കാര്യമായ കച്ചവടമില്ല. മല്‍സ്യമേഖലയും തിരിച്ചടി നേരിടുകയാണ്. നോട്ടുകള്‍ ഇല്ലാതായതോടെ കച്ചവടം നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലാണ് പലരും. പുതിയ രണ്ടായിരമോ, പഴയ ആയിരമോ അഞ്ചൂറോ ഒക്കെയായി എത്തുന്ന ഉപഭോക്താവില്‍നിന്ന് നോട്ട് സ്വീകരിക്കാന്‍ ഇവര്‍ക്കു ഭയമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക