|    Nov 22 Wed, 2017 8:11 pm
FLASH NEWS
Home   >  National   >  

സാധാരണക്കാരന്റെ നെഞ്ചിലേക്ക് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്

Published : 9th November 2016 | Posted By: G.A.G

imthihan-SMALL

പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നു കിട്ടിയ അപ്രതീക്ഷിത ‘സമ്മാനത്തിന്റെ’ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദമായ ടെസ്റ്റുകള്‍ക്കും ചുരുങ്ങിയത് ഇരുപത്തിന്നാലു ദിവസത്തെ നിരീക്ഷണത്തിനും ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി ജനപിന്തുണയുടെ ഗ്രാഫ് ഉയര്‍ത്തിയെന്ന്് സ്വയം അവകാശപ്പെടുന്ന മോഡി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കും പൊതുജനത്തിനും മേല്‍ നടത്തിയ ആക്രമണം തന്നെയാണ് നോട്ടുകള്‍ പിന്‍വലിച്ച നടപടിയെന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
യാതൊരു മുന്നറിയിപ്പുമില്ലാതെ  സാധാരണ ജനജീവിതം സ്തംഭിപ്പിക്കുന്ന നടപടിയുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കാന്‍ ചായകച്ചവടക്കാരന്റെ മകനു കഴിയാതെ പോയത് സങ്കടമെന്നേ പറയാനുളളൂ.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന, ഒരു സമാന്തര സമ്പദ്‌വ്യവസ്ഥ തന്നെ സൃഷ്ടിക്കുന്ന കളളപ്പണം അമര്‍ച്ച ചെയ്യുകമെന്നും  രാഷ്ട്രീയക്കാരും വ്യവസായികളും അഴിമതിയും വെട്ടിപ്പും നടത്തി അനധികൃതമായി സമ്പാദിച്ച് വിദേശരാജ്യങ്ങളിലെ ബാങ്കുകളില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന പണം രാജ്യത്ത് തിരിച്ചെത്തിച്ച്്് ആയത് രാജ്യത്തെ ഓരോരുത്തരുടെ ബാങ്ക് അക്കൗണ്ടിലേക്കും പതിനഞ്ച് ലക്ഷം വീതമായി നല്‍കുമെന്നും വാഗ്ദാനം ചെയ്താണ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ രാജ്യത്തെ നികുതിവെട്ടിപ്പില്‍ കുപ്രസിദ്ധരായ കോര്‍പ്പറേറ്റ് ലോബിയുടെ പിന്‍ബലത്തോടെ അധികാരത്തിലേറിയ ബി ജെ പി സര്‍ക്കാരിന്  ഇക്കാര്യത്തില്‍ കാര്യമായ നടപടികളൊന്നുമെടുക്കാനായില്ല. രാജ്യത്ത് കളളപ്പണം വെളുപ്പിക്കാനുളള സമയപരിധി സെപ്തംബറോടെയാണ് അവസാനിപ്പിച്ചത്.
എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച പദ്ധതി ഉദ്ദേശിച്ച ഫലം ചെയ്തില്ല. വെറും 65,250 കോടി രൂപ മാത്രമാണ് ഈ രീതിയില്‍ വെളിപ്പെട്ടത്. അതാകട്ടെ യഥാര്‍ത്ഥ തുകയുടെ നാലയലത്തു പോലുമെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നു. മദ്യരാജാവായിരുന്ന കിംഗ്ഫിഷര്‍ വിജയ്മല്ല്യ രാജ്യത്തെ ബാങ്കുകളെ കബളിപ്പിച്ച് 7000കോടിയുമായി മുങ്ങുന്നത് തടയാന്‍ സര്‍ക്കാരിന് സാധിക്കാതിരിക്കുക കൂടി ചെയ്തതോടെ സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ ആത്മാര്‍ത്ഥത പോലും സംശയത്തിന്റെ നിഴലിലാവുകയും ചെയ്തു.
രണ്ടുവര്‍ഷം പിന്നിട്ട മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ യു പി അടക്കമുളള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് കൂടി മുന്നിലുളള സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സര്‍ക്കാരിന് അവഗണിക്കാനാവില്ല. അതുകൊണ്ടു തന്നെ  ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ധൃതിപിടിച്ചുളള തീരുമാനം പൊതുജീവിതം ദുസ്സഹമാക്കാനും വ്യാപാരമേഖലസ്തഭിപ്പിക്കാനുമല്ലാതെ ഉപകരിക്കില്ലെന്ന അഭിപ്രായമാണ് പൊതുവെ സാമ്പത്തിക വിദഗ്ധര്‍ക്കുളളത്.
സര്‍ക്കാര്‍ പറയുന്നതു പോലെ രാജ്യത്തെ കളളപ്പണമെല്ലാം തല്‍പരകക്ഷികള്‍ നോട്ടുകെട്ടുകളാക്കി സൂക്ഷിക്കുകയല്ലെന്ന് സാമാന്യബുദ്ധിയുളളവര്‍ക്കെല്ലാം അറിയാം. അവയില്‍ ഏറിയ പങ്കും വിദേശ ബാങ്കുകളില്‍ സുരക്ഷിതമാണ്. മൗറീഷ്യസ് വഴി അവ ഇന്ത്യയിലേക്ക് സുരക്ഷിതമായി എത്തിക്കാനുളള മാര്‍ഗത്തിന് സര്‍ക്കാര്‍ തന്നെ ഒത്താശ ചെയ്യുന്നുമുണ്ട്.
രാജ്യത്തിനുളളിലാകട്ടെ അവ സ്വര്‍ണ്ണത്തിലും ഭൂമിയിലും നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. പുതുതായി ഇറക്കുന്ന രൂപ വ്യാജവത്ക്കരണത്തില്‍ നിന്ന് സുരക്ഷിതമാണെന്ന യാതൊരു ഉറപ്പും ലഭിച്ചിട്ടുമില്ല.
ദൈനംദിന ജീവിതത്തില്‍ ബാങ്ക് ഇടപാടുകള്‍ അപ്രാപ്യമായ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനങ്ങളാണ് ഈ തീരുമാനത്തിന്റെ പ്രയാസങ്ങള്‍ കൂടുതലായി അനുഭവിക്കേണ്ടി വരിക. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നുളള കളളനോട്ട് പിടിക്കാനാണ് ഈ സംരംഭമെന്നാണ്. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാണിച്ചതു പോലെ രണ്ടാഴ്ച ജനങ്ങള്‍ക്കു സാവകാശം നല്‍കിയാലും ബാങ്കില്‍ പുതിയ നോട്ടിനു ചെല്ലുമ്പോള്‍ വ്യാജന്‍ പിടിക്കുന്നതിനു തടസ്സമെന്തായിരുന്നു. പക്ഷേ അങ്ങനെ സാവകാശത്തിലും സമാധാനപൂര്‍ണമായും ചെയ്യുന്ന പക്ഷം ഇപ്പോഴുണ്ടാക്കിയതു പോലുളള കോലാഹലങ്ങള്‍ സൃഷ്ടിക്കാനോ അതില്‍ നിന്ന് രാഷ്ട്രീയമുതലെടുപ്പ് സൃഷ്ടിക്കാനോ സാധിക്കില്ല. പക്ഷേ ഏതെങ്കിലും ഇവന്റ് മാനേജ്‌മെന്റെ ടീമുകളോ അവയെ നയിക്കുന്ന പ്രശാന്ത് കിഷോറിനെപ്പോലുളള ബുദ്ധിജീവികളോ അല്ല രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതെന്നും അത് രാജ്യത്തെ സാധരണക്കാരന്റെ കൈകളില്‍ ഇപ്പോഴും ഭദ്രമാണെന്നും മോഡിയും അമിത്ഷായും ഓര്‍ക്കുന്നത് നന്നായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക