|    Sep 25 Tue, 2018 12:10 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സാധനങ്ങള്‍ റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിക്കിടക്കുന്നു

Published : 28th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തീവണ്ടിമാര്‍ഗം എത്തിച്ച ടണ്‍കണക്കിന് സാധനങ്ങള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിക്കിടക്കുന്നു. അരി, പലചരക്കുസാധനങ്ങള്‍, പാക്കറ്റ് ഫുഡ്, പാല്‍പ്പൊടി, കുടിവെള്ളം, തുണികള്‍ എന്നിവയാണ് ക്യാംപുകളിലെത്താതെ സ്‌റ്റേഷനില്‍ കെട്ടിക്കിടക്കുന്നത്. ഇവയില്‍ പലതിനും ദിവസങ്ങളുടെ പഴക്കമുണ്ട്. ദിനംപ്രതി ടണ്‍കണക്കിന് സാധനങ്ങളാണ് തീവണ്ടിമാര്‍ഗം എറണാകുളത്തെത്തുന്നത്.
അതിനിടെ, നിലവില്‍ സ്‌റ്റേഷനില്‍ കൂടിക്കിടക്കുന്ന സാധനങ്ങള്‍ അധികൃതര്‍ കൈപ്പറ്റാന്‍ എത്താത്തതുമൂലമുള്ളതാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. എന്നാല്‍ സ്‌റ്റേഷനില്‍ നിന്ന് സാധനങ്ങള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി വിവിധ സന്നദ്ധ സംഘടനകള്‍ ആരോപിക്കുന്നു.
നേരത്തേ ജില്ലാ കലക്ടര്‍, മജിസ്‌ട്രേറ്റ് എന്നിവരുടെ പേരില്‍ എത്തിയിരുന്ന പാഴ്‌സലുകള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ലഭിക്കുന്ന കത്ത് ഹാജരാക്കിയശേഷം സംഘടനകള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ ഈ സംവിധാനത്തില്‍ മാറ്റം വന്നിട്ടുള്ളതായി ഇവര്‍ പറയുന്നു. നിലവില്‍ സ്‌റ്റേഷനുകളില്‍ എത്തുന്ന പാഴ്‌സലുകള്‍ ആരുടെ പേരിലാണോ വരുന്നത് അവരിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. അവിടെ നിന്നു മാത്രമേ സംഘടനകള്‍ക്ക് ലഭിക്കുകയുള്ളൂ. ഇതുമൂലം പലര്‍ക്കും സാധനങ്ങള്‍ ലഭിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുന്നതായും പരാതിയുണ്ട്.
ക്യാംപുകളില്‍ എത്തിക്കേണ്ട മുറയ്ക്കാണ് ഇവ അണ്‍ലോഡ് ചെയ്യുന്നതെങ്കിലും നിലവില്‍ സ്‌റ്റേഷനില്‍ കൂടിക്കിടക്കുന്ന സാധനങ്ങള്‍ ഇതുവരെയും ബന്ധപ്പെട്ടവര്‍ കൈപ്പറ്റിയിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകള്‍ ഒട്ടുമിക്കവയും അവസാനിപ്പിച്ചുതുടങ്ങിയ സാഹചര്യത്തില്‍ ഈ സാധനങ്ങളെല്ലാം വേഗത്തില്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss