|    Jan 24 Tue, 2017 4:41 am

സാങ്കേതിക സര്‍വകലാശാല തലസ്ഥാനത്തിനു നഷ്ടമായേക്കും

Published : 12th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: ഡോ. എ പിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല തലസ്ഥാനത്തിനു നഷ്ടമായേക്കും. തിരുവനന്തപുരത്തു സര്‍വകലാശാലയ്ക്ക് ആവശ്യമായ സ്ഥലം ലഭിക്കാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നാടായ തൃശൂരിലേക്കു മാറ്റാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. തൃശൂരില്‍ പോലിസ് അക്കാദമിയുടെയും കാര്‍ഷിക സര്‍വകലാശാലയുടെയും വളപ്പില്‍ ഇഷ്ടംപോലെ സ്ഥലം ലഭ്യമായതിനാല്‍ അവിടേക്കു മാറ്റാനാണ് ആലോചന. സംസ്ഥാനമൊട്ടാകെ അധികാര പരിധിയുള്ള സര്‍വകലാശാല കേരളത്തിന്റെ മധ്യ ഭാഗത്തു പ്രവര്‍ത്തിക്കുന്നതാണു കൂടുതല്‍ സൗകര്യമെന്ന വാദവും തൃശൂരിലേക്കു മാറ്റുന്നതിനുള്ള കാരണമായി പറയുന്നുണ്ട്. ആരോഗ്യ സര്‍വകലാശാലയുടെയും കാര്‍ഷിക സര്‍വകലാശാലയുടെയും ആസ്ഥാനം തൃശൂരാണ്. ആസ്ഥാനം മാറ്റുന്നതു സംബന്ധിച്ചു നിര്‍ദേശം സമര്‍പ്പിക്കാന്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറോടു വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിനു രാഷ്ട്രീയ തീരുമാനം എടുക്കാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നയ തീരുമാനം എടുത്താല്‍ സര്‍വകലാശാലയുടെ ആസ്ഥാനം തൃശൂരിലേക്കു മാറും. തലസ്ഥാനത്ത് സാങ്കേതിക സര്‍വകലാശാല നിലനിര്‍ത്തുന്നതിനായി ഇവിടത്തെ ജനപ്രതിനിധികള്‍ പോലും കാര്യമായി ശ്രമിക്കുന്നില്ലെന്നതാണ് വസ്തുത. സംസ്ഥാനത്തെ ാട്ടാകെ 210 അഫിലിയേറ്റഡ് കോളജുകളുള്ള സാങ്കേതിക സര്‍വകലാശാലക്ക് ഇതേവരെ സ്വന്തമായി ആസ്ഥാനമില്ല. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിന്റെ (സിഇടി) പിന്‍വശത്തുള്ള എംബിഎ ബ്ലോക്കിന്റെ ഒരു ഭാഗത്താണ് സര്‍വകലാശാല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആകെ 17 ജീവനക്കാരാണ് ഇവിടെ ഉള്ളതെങ്കിലും ഇ ഗവേണന്‍സ് നടപ്പാക്കിയതിനാല്‍ പ്രവര്‍ത്തനം കാര്യക്ഷമമാണ്. അഞ്ചു ഡിപാര്‍ട്ട്‌മെന്റുകളെങ്കിലും ഉണ്ടെങ്കിലേ സര്‍വകലാശാലക്ക് യുജിസി ഫണ്ട് ലഭിക്കൂ. ആസ്ഥാനമില്ലാത്തതിനാല്‍ സാങ്കേതിക സര്‍വകലാശാലയില്‍ ഡിപാര്‍ട്‌മെന്റ് തുടങ്ങാന്‍ സാഹചര്യമില്ല. സര്‍വകലാശാലാ ആസ്ഥാനത്തിനായി പല സ്ഥലവും അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും സ്വകാര്യവ്യക്തികളുടേത് ആയതിനാല്‍ ഏറ്റെടുക്കാന്‍ വലിയ സാമ്പത്തിക ബാധ്യത വരും. ഈ സാഹചര്യത്തിലാണു കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാംപസില്‍ നിന്ന് 100 ഏക്കര്‍ നല്‍കാമെന്ന നിര്‍ദേശം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. സ്ഥലത്തിനായി കേരള സര്‍വകലാശാലയെ സമീപിച്ചെങ്കിലും ഒരു വര്‍ഷത്തോളം അവര്‍ തീരുമാനം എടുത്തില്ല. ഒടുവില്‍ ഒരിഞ്ചു ഭൂമി പോലും നല്‍കില്ലെന്ന് അവര്‍ അറിയിച്ചപ്പോഴേക്കും ഒരു കൊല്ലം കഴിഞ്ഞു. സാങ്കേതിക സര്‍വകലാശാല ഇപ്പോഴും സിഇടി കാംപസില്‍ തന്നെ ഞെരുങ്ങി പ്രവര്‍ത്തിക്കുന്നു. ഓഫിസിന്റെ ഒരു വശത്ത് സിഇടിയിലെ എംബിഎ ക്ലാസുകള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്താട്ടാകെ 153 എന്‍ജിനീയറിങ് കോളജുകളുടെയും 24 എംബിഎ കോളജുകളുടെയും 25 എംസിഎ കോളജുകളുടെയും എട്ട് ആര്‍ക്കിടെക്ചര്‍ കോളജുകളുടെയും ചുമതലയുള്ള സര്‍വകലാശാലയാണു കോളജ് കാംപസിന്റെ മൂലയില്‍ ചുരുണ്ടുകൂടി കഴിയുന്നത്. തലസ്ഥാനത്തെ ജനപ്രതിനിധികള്‍ മനസ്സു വച്ചാല്‍ സര്‍വകലാശാലാ ആസ്ഥാനത്തിനു സ്ഥലം കണ്ടെത്താനാവും. അതിനു പറ്റിയ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ തിരുവനന്തപുരത്തു തന്നെ ലഭ്യവുമാണ്. എന്നാല്‍ ഇതിനായുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ലെന്നതാണ് വസ്തുത. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓപണ്‍ സ്‌കൂളിന്റെ ആസ്ഥാനം വിദ്യാഭ്യാസമന്ത്രിയുടെ താല്‍പര്യപ്രകാരം മലപ്പുറത്തേക്കു മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഎം നേതാക്കള്‍ തന്നെ ആരോപിച്ചിരുന്നു. ഇതിനിടെയാണ് ഇക്കുറി സാങ്കേതിക സര്‍വകലാശാല വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയായ തൃശൂരിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക