|    Nov 23 Thu, 2017 6:33 pm
FLASH NEWS
Home   >  Kerala   >  

സാക്ഷികളെ ഹാജരാക്കിയില്ല; കെ സുരേന്ദ്രന് കോടതിയുടെ രൂക്ഷ വിമര്‍ശനം

Published : 10th August 2017 | Posted By: shadina sdna


കാസര്‍കോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ് തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസില്‍ മുഴുവന്‍ സാക്ഷികളേയും ഹാജരാക്കാന്‍ വാദിഭാഗത്തിന് കഴിയാത്തതിനെ തുടര്‍ന്ന് കോടതിയുടെ രൂക്ഷവിമര്‍ശനം. ഇനിയും 76 പേരെയാണ് കേസില്‍ ഹാജരാക്കേണ്ടത്. ഇവര്‍ക്ക് സ്പീഡ് പോസ്റ്റ് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടു. ഈമാസം 22 മുതല്‍ 24 വരെ ബാക്കിയുള്ള 76 പേരെ വിസ്തരിക്കാനാണ് സമന്‍സ് അയക്കാന്‍ ഉത്തരവിട്ടത്. യഥാസമയം സാക്ഷികളെ ഹാജരാക്കാനോ അവരുടെ കൃത്യമായ മേല്‍വിലാസം നല്‍കാനോ വാദിയായ കെ സുരേന്ദ്രന് കഴിയാത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ചവരുടെ കൃത്യമായ മേല്‍വിലാസം നല്‍കണമെന്നും വിദേശത്തുള്ളവര്‍ ആരൊക്കെയെന്ന് ഹരജിക്കാരന് അറിയില്ലേയെന്നും കോടതി ചോദിച്ചു. കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച രണ്ടുപേര്‍ ഇന്നലെ ഹാജരായി. വോര്‍ക്കാടി ബാക്രബയലിലെ ഉമര്‍ ഫാറൂഖ്, പ്രവാസിയായ ഉപ്പള ഗേറ്റിലെ ജബ്ബാറുമാണ് ഹാജരായത്. എന്നാല്‍ ജബ്ബാര്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി വോട്ടര്‍ ലിസ്റ്റ് പരിശോധിച്ച് കണ്ടെത്തി. ഉമര്‍ ഫാറൂഖിന് ആളുമാറിയാണ് സമന്‍സ് നല്‍കിയതെന്ന് വ്യക്തമായി. 259 പേരുടെ ലിസ്റ്റാണ് സാക്ഷികളായി കെ സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 181 പേരെ കോടതി നേരത്തെ വിസ്തരിച്ചിരുന്നു. ഇതില്‍ 11 പേരെ കോടതി ഒഴിവാക്കിയിരുന്നു. ഗള്‍ഫിലുള്ളവരുടേയും പരേതാക്കളുടേയും കള്ളവോട്ട് ചെയ്താണ് വിജയിച്ചതെന്നാണ് സുരേന്ദ്രന്റെ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക