|    Jan 18 Wed, 2017 4:00 pm
FLASH NEWS

സാക്കിര്‍ നായ്ക്കിനെതിരേ നടപടിയെടുക്കും: കേന്ദ്രം

Published : 8th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായ്ക്കിന്റെ പ്രസംഗങ്ങള്‍ ആക്ഷേപാര്‍ഹമാണെന്ന് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി എം വെങ്കയ്യ നായിഡു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ആഭ്യന്തര മന്ത്രാലയം പഠിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കും. സാക്കിര്‍ നായ്ക്കിനെതിരേ നടപടിയെടുക്കുമെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു നേരത്തേ പറഞ്ഞിരുന്നു. സാക്കിര്‍ നായ്ക്കിന്റെ പ്രസംഗങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും എന്നാല്‍, എന്തു നടപടിയെടുക്കുമെന്ന് മന്ത്രിയെന്ന നിലയില്‍ പറയാനാവില്ലെന്നുമായിരുന്നു റിജിജു പറഞ്ഞിരുന്നത്.
അതിനിടെ സാക്കിര്‍ നായ്ക്കിന്റെ പ്രഭാഷണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പിക്കാന്‍ മുംബൈ പോലിസ് കമ്മീഷണറോടാവശ്യപ്പെട്ടതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. സാക്കിര്‍ നായ്ക്കും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങും 2012ല്‍ വേദി പങ്കിട്ടതിനെ സിങ് ന്യായീകരിച്ചു. നായ്ക്കിനെതിരേ തെളിവുണ്ടെങ്കില്‍ ഇന്ത്യ-ബംഗ്ലാദേശ് സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഇതുവരെ ഒരുകേസിലും പെടാത്ത ഡോ. സാക്കിര്‍ നായ്ക്കിനെതിരേ ഉയര്‍ന്ന ആരോപണത്തിനു പിന്നില്‍ ഇന്ത്യയിലെ ഹിന്ദുത്വവാദികളും, അന്താരാഷ്ട്രതലത്തിലുള്ള ഇസ്‌ലാം വിരോധികളും ആണെന്നാണ് സംശയിക്കുന്നത്.


2010ല്‍ ഒരു പത്രസമ്മേളനത്തിനിടെ എല്ലാ മുസ്‌ലിംകളും തിന്‍മയ്‌ക്കെതിരേ തീവ്രവാദിയാവണമെന്ന് ഉദാഹരിച്ചതും, ബിന്‍ലാദനെ വ്യക്തിപരമായി തീവ്രവാദി എന്ന് വിളിക്കാന്‍ താന്‍ ആളല്ലെന്നും അഭ്രിപായപ്പെട്ടത് സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഹിന്ദുത്വവാദികളും ഇസ്‌ലാം വിരുദ്ധരായ യുക്തിവാദികളും പ്രചാരണായുധമാക്കുകയാണ്. ബ്രിട്ടന്‍, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹത്തിന്റെ ഫിസിക്കല്‍ ജിഹാദിസം എന്ന വിഷയം ആസ്പദമാക്കി സംവാദം നടത്തുന്നതിനുള്ള അനുമതി നിഷേധിക്കുന്നതിനും ഇത്തരം നീക്കങ്ങള്‍ കാരണമായി. മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടനയെ 2003ലെ മുളുന്ദ് സ്‌ഫോടനവുമായി ബന്ധപ്പെടുത്തുവാനും ശ്രമം നടന്നിരുന്നു.
അതേസമയം, സാക്കിര്‍ നായ്ക്കിന്റെ മുംബൈ സോംഗ്രി മേഖലയിലെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഓഫിസിനു മുമ്പില്‍ പോലിസിനെ വിന്യസിച്ചു. മുന്‍കരുതല്‍ എന്ന നിലയിലാണ് കാവല്‍ ഏര്‍പ്പെടുത്തിയതെന്ന് പോലിസ് അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക