|    Mar 23 Thu, 2017 11:38 pm
FLASH NEWS

സാക്കിര്‍ നായിക്കിനെ കേന്ദ്രം വേട്ടയാടുന്നു: മുസ്‌ലിംലീഗ്

Published : 11th July 2016 | Posted By: SMR

കോഴിക്കോട്: ലോകപ്രശസ്ത ഇസ്‌ലാമിക പ്രബോധകനായ ഡോ. സാകിര്‍ നായിക്കിനെ കേന്ദ്രസര്‍ക്കാര്‍ അകാരണമായി വേട്ടയാടുകയാണെന്ന് മുസ്‌ലിംലീഗ്. സ്വതന്ത്രമായ ആശയവിനിമയവും മതപ്രചാരണവും അസാധ്യമാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോഴിക്കോട് സമാപിച്ച സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം കുറ്റപ്പെടുത്തി.
അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ്‌വരുത്തുന്ന ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാവരും ഇതിനെതിരേ പ്രതികരിക്കണമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍വിധിയോടെ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്രസര്‍ക്കാരിന്റെയും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും നിലപാട് ഉത്കണ്ഠ ഉളവാക്കുന്നതാണ്. ഒരു ഭാഗത്ത് അന്വേഷണം പ്രഖ്യാപിക്കുകയും അതൊടോപ്പംതന്നെ സാകിര്‍ നായിക്കിനെ പ്രതിയാക്കുകയും ചെയ്തിരിക്കുന്ന നടപടി വിചിത്രമാണ്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ സമാധാന സിദ്ധാന്തം ശക്തമായി അവതരിപ്പിക്കുന്ന വ്യക്തിയാണ് സാക്കിര്‍ നായിക്. തീവ്രവാദത്തിനെതിരേ അദ്ദേഹം ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പുസ്തകങ്ങളും പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. അത്തരം വ്യക്തിയെ തീവ്രവാദത്തിന്റെ വക്താവായി മുദ്രകുത്തുന്നത് ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു.
സാകിര്‍ നായിക്കിന്റെ തീവ്രവാദ വിരുദ്ധ പ്രസംഗത്തിന്റെ വീഡിയോയും വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. രണ്ടുദിവസമായി കോഴിക്കോട്ടു നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം പി, ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, എം പി അബ്ദുസ്സമദ് സമദാനി, സെക്രട്ടറി അഡ്വ. പി എം എ സലാം തുടങ്ങിയവര്‍ സംസാരിച്ചു.

ഏകസിവില്‍കോഡ്: ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹം
കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കോഴിക്കോട് സമാപിച്ച സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടിയാണെന്ന് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തുടര്‍ച്ചയായി കാണിക്കുന്ന അസഹിഷ്ണുതയുടെ മറ്റൊരു പതിപ്പാണിത്. ശരീഅത്ത് നിയമങ്ങള്‍ മനുഷ്യനിര്‍മിതമല്ല. അവ രാഷ്ടീയ താല്‍പര്യത്തിന് അനുസരിച്ച് ഭേദഗതി ചെയ്യാന്‍ ആര്‍ക്കും അവകാശവുമില്ല. മുസ്‌ലിം വ്യക്തിനിയമം എത്രയോ നൂറ്റാണ്ടുകളായി രാജ്യത്ത് നിലനിന്നിട്ടും ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നിരിക്കെ ബിജെപി ഇപ്പോള്‍ പ്രശ്‌നം കുത്തിപ്പൊക്കുന്നത് പ്രകോപനമുണ്ടാക്കാനാണ്. ഇതിനെതിരേ സമാന മനസ്‌കരുമായി ചേര്‍ന്ന് ശക്തമായ സമീപനം സ്വീകരിക്കും. 21ന് ഡല്‍ഹിയില്‍ ചേരുന്ന ദേശീയ നിര്‍വാഹകസമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. യുവാക്കള്‍ തീവ്രവാദത്തിലേക്ക് വഴിതെറ്റാതിരിക്കാന്‍ കാംപയിന്‍ സജീവമാക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഐഎസ് പോലുള്ള എല്ലാ തീവ്രവാദ സംഘടനകള്‍ക്കും ലീഗ് എതിരാണ്. മലയാളികള്‍ ഐഎസില്‍ ചേര്‍ന്നുവെന്നതിനെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

(Visited 62 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക