|    Jan 25 Wed, 2017 5:11 am
FLASH NEWS

സാക്കിര്‍ നായിക്കിനെ അറസ്റ്റ് ചെയ്യില്ലെന്ന് അന്വേഷണ സംഘം

Published : 13th July 2016 | Posted By: SMR

മുംബൈ: മതപ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിന് മഹാരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശുദ്ധിപത്രം. ഇന്ത്യയിലെത്തിയാല്‍ സാക്കിര്‍ നായിക്കിനെ അറസ്റ്റ് ചെയ്യില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.
സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് മതവിദ്വേഷമുണ്ടാക്കുന്നതൊന്നും അവയിലില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം മനസ്സിലാക്കിയത്. ഹൈദരാബാദ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരില്‍ നായിക്കിനെതിരേ കേസെടുക്കാമെങ്കിലും അതിനു തെളിവില്ല. താലിബാന്‍, ബിന്‍ലാദന്‍, അല്‍ഖാഇദ, ഐഎസ് തുടങ്ങിയവരെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുന്ന ഒരു പ്രസംഗവും സംഘത്തിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. തങ്ങള്‍ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സംഘത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മാധ്യമവിചാരണ അവസാനിപ്പിക്കണം: എഐഎംഐഎം
മുംബൈ: ഡോ. സാക്കിര്‍ നായിക്കിനെതിരായ മാധ്യമവിചാരണ നിര്‍ത്തണമെന്ന് അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) ആവശ്യപ്പെട്ടു. ശരിയായ നടപടിക്രമങ്ങളിലൂടെ കോടതി വിധിയില്ലാതെ ഒരാളെ കുറ്റവാളിയാക്കുന്ന നടപടി ശരിയല്ലെന്ന് ഔറംഗബാദ് എഐഎംഐഎം എംഎല്‍എ ഇംതിയാസ് ജലീല്‍ പറഞ്ഞു.
നായിക്കിന്റെ പേരില്‍ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത അവസ്ഥയിലാണ് ദേശീയ മാധ്യമങ്ങള്‍ അദ്ദേഹത്തിനെതിരേ വിധിയെഴുതിയത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്ന് പറയാനാവില്ല. ഈ മാധ്യമവിചാരണ അവസാനിപ്പിക്കണം. മതത്തില്‍ വിശ്വസിക്കുന്നതും മതം പ്രചരിപ്പിക്കുന്നതും മൗലികാവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി അധികാരത്തില്‍ വന്ന ശേഷം ചിലര്‍ക്കെതിരേ അന്വേഷണ ഏജന്‍സികള്‍ ഏതെങ്കിലും കുറ്റം ചുമത്തുന്നതും കോടതി വിധിക്കു മുമ്പേ മാധ്യമങ്ങള്‍ അത് പ്രചരിപ്പിക്കുന്നതും സാധാരണയായി. സാമൂഹിക ജീവിതത്തിനും ജനാധിപത്യത്തിനും ഇത് ഭീഷണിയാണ്. മുസ്‌ലിം നേതാക്കളും ഉലമാക്കളും ഐഎസിനെ അപലപിച്ചിട്ടുണ്ടെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 106 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക