|    Oct 24 Tue, 2017 3:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സാക്കിര്‍ നായിക്കിനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു

Published : 9th November 2016 | Posted By: SMR

മുഹമ്മദ് പടന്ന

മുംബൈ: ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്കിനെതിരായി മുംബൈ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിനെതിരായി പരാതികളൊന്നും ലഭിക്കാത്തതാണ് ഇതിനു കാരണമെന്ന് പോലിസ് വിശദീകരിച്ചു.
ഇസ്‌ലാമിക് റിസര്‍ച് ഓര്‍ഗനൈസേഷനു സംഭാവനയായി ലഭിച്ച 60 കോടിയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും സംഘടനയ്‌ക്കെതിരേ ആരും പരാതി ഉന്നയിക്കാത്തതാണ് കേസ് അവസാനിപ്പിക്കുന്നതിലേക്ക് വഴിതെളിയിച്ചതെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ധാക്ക സ്‌ഫോടനത്തി ല്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ചുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തുടരുമെന്നും ഒരു പ്രമുഖ മാധ്യമത്തോട് ഉന്നത പോലിസുദ്യോഗസ്ഥന്‍ പറഞ്ഞു. സാക്കിര്‍ നായിക്കിനെ വരിഞ്ഞുമുറുക്കുക എന്ന ലക്ഷ്യത്തോടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള വിലക്ക് നിലനില്‍ക്കുകയാണ്. ഐആര്‍എഫിനെതിരേയുള്ള ആരോപണങ്ങളുടെ മേല്‍ യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസായതിനാ ല്‍ കേന്ദ്ര ക്യാബിനറ്റിന്റെ അഭിപ്രായം ആരായാനും മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍, നായിക്കിന്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് എത്തിയെന്ന് പറയുന്ന 60 കോടി രൂപ നിയമപ്രകാരമുള്ള വിനിമയമാണ് നടന്നത് എന്ന് തെളിഞ്ഞതുമൂലമാണ് പോലിസിനു കൈമലര്‍ത്തേണ്ടിവന്നതെന്നും സംശയമുണ്ട്.
നായിക്കിനെതിരേയുള്ള നീക്കങ്ങള്‍ക്ക് ആവശ്യമായ തെളിവുകള്‍ ഇല്ലാത്തത് മുംബൈ പോലിസിനെ സമ്മര്‍ദത്തിലാക്കിയതായും റിപോര്‍ട്ടുണ്ട്. വാസ്തവവിരുദ്ധമായ റിപോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയതും അത് കേന്ദ്രം തള്ളിയതും ഏറെ വിവാദമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക