|    Jan 23 Mon, 2017 2:05 pm
FLASH NEWS

സാക്കിര്‍ നായിക്കിനെതിരായ പ്രചാരണം ഗൂഢാലോചന: എസ്ഡിപിഐ

Published : 10th July 2016 | Posted By: sdq

ന്യൂഡല്‍ഹി: ഒരു വിഭാഗം മാധ്യമങ്ങള്‍ ഡോക്ടര്‍ സാക്കിര്‍ നായിക്കിനെതിരേ നടത്തുന്ന അപകീര്‍ത്തിപരമായ പ്രചാരണത്തെ അപലപിക്കുന്നതായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. ഏറെ ആദരണീയ വ്യക്തിത്വമായ സാക്കിര്‍ നായിക്ക് വിദ്വേഷം പ്രചരിപ്പിക്കുകയോ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും എസ്ഡിപിഐ പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമങ്ങളിലെ തങ്ങളുടെ സഹായികളെവച്ച് കാവിസേന നടത്തുന്ന ഗൂഢാലോചനയാണ് ഇപ്പോള്‍ സാക്കിര്‍ നായിക്കിനെതിരേ നടക്കുന്നതെന്നും എസ്ഡിപിഐ കുറ്റപ്പെടുത്തി.
മുന്‍വിധിയുള്ള ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും പീസ് ടിവിക്കും എതിരേ സര്‍ക്കാര്‍ അക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. മതതാരതമ്യ പഠനത്തിലെ പണ്ഡിതനാണ് അദ്ദേഹം. പോലിസും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും ശരിയായി അന്വേഷണം നടത്തട്ടെ. എന്നാല്‍, അന്വേഷണം പോലും നടത്താതെ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്ന തരത്തിലുള്ള ചില മാധ്യമങ്ങളുടെ പ്രചാരണം ഖേദകരമാണ്- ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ പ്രസ്താവനയില്‍ പറഞ്ഞു.
വന്‍ നുണകള്‍ കൊണ്ട് സത്യത്തെയും നീതിയെയും തോല്‍പിക്കാനാവില്ല. വ്യത്യസ്ത മതക്കാരോട് അവരുടെ വ്യത്യാസങ്ങള്‍ മാറ്റിവച്ച് അവര്‍ക്കിടയിലെ സാമ്യതയില്‍ ശ്രദ്ധ കൊടുക്കാനാണ് സാക്കിര്‍ നായിക്ക് എപ്പോഴും ആവശ്യപ്പെടാറുള്ളത്. മുസ്‌ലിംകളോട് സമാധാനം പ്രചരിപ്പിക്കാനാണ് അദ്ദേഹം എപ്പോഴും ആവശ്യപ്പെടാറുണ്ടായിരുന്നത്. നിരപരാധികളെ കൂട്ടക്കൊല ചെയ്യാന്‍ അദ്ദേഹം ഇതേവരെ പറഞ്ഞിട്ടില്ലെന്നും ഇല്യാസ് തുംബെ പറഞ്ഞു.
കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ഭരണത്തിലിരിക്കുന്ന ബിജെപി സാക്കിര്‍ നായിക്കിനെ ബലിയാടാക്കുകയാണെന്നു പറഞ്ഞ ഇല്യാസ്, ജനങ്ങളുടെ മനസ്സ് തുറക്കാനും മതപരമായ അന്ധവിശ്വാസങ്ങള്‍ അകറ്റാനുമുള്ള മികച്ച ശ്രമങ്ങള്‍ നടത്തിയെന്ന ‘കുറ്റ’മാണ് നായിക് ചെയ്തത്. ഇതാണ് അണികള്‍ അറിവു നേടുന്നതിനെ ഭയപ്പെടുന്ന ആര്‍എസ്എസ് അടക്കമുള്ളവര്‍ക്ക് നായിക്കിനോട് എതിര്‍പ്പു തോന്നാനുള്ള കാരണമെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,118 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക