|    Mar 26 Sun, 2017 8:37 pm
FLASH NEWS

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ അഴിച്ചുപണി

Published : 14th June 2016 | Posted By: SMR

കോഴിക്കോട്: പ്രശസ്ത സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമിയിലേക്കും കവി സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമിയിലേക്കും ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ് സംഗീത നാടക അക്കാദമിയിലേക്കും ചെയര്‍മാന്‍മാരായി പരിഗണിക്കപ്പെടുന്നു. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള പതിനഞ്ചോളം വിവിധ അക്കാദമികളുടെ പുതിയ ഭാരവാഹികളുടെ നിയമനം സംബന്ധിച്ച അന്തിമ പട്ടിക സാംസ്‌കാരിക വകുപ്പ് പരിശോധിച്ചു കഴിഞ്ഞു.
കേരള കലാമണ്ഡലത്തില്‍ ഗോപി ആശാനെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. കല്‍പിത സര്‍വകലാശാല ആയതിനാല്‍ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് സ്ഥാനാര്‍ഥികള്‍ നിരവധിയുണ്ട്. എം എ ബേബി എംഎല്‍എയുടെ നേതൃത്വത്തിലായിരിക്കും കലാമണ്ഡലം നിയമനങ്ങള്‍. കേരള പ്രസ് അക്കാദമിയിലേക്ക് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ്, കേരള ലളിതകലാ അക്കാദമിയില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, പോള്‍ കല്ലാനോട്, കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കവി പി കെ ഗോപി എന്നിവരും ഏതാണ്ട് ‘കസേ ര’ ഉറപ്പിച്ചു കഴിഞ്ഞു.
കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ടി പത്മനാഭന്‍ എന്നതായിരുന്നു മുഖ്യ ഭരണകക്ഷിയായ സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. പക്ഷേ, ശാരീരികാവശതകള്‍ പത്മനാഭനെ പിന്തിരിപ്പിച്ചു. പകരം പ്രമുഖ കവി സച്ചിദാനന്ദന്‍ ഒന്നാം പട്ടികയിലുണ്ട്. കരിവെള്ളൂര്‍ മുരളി, ഇ പി രാജഗോപാലന്‍ തുടങ്ങിയവരാണ് അക്കാദമി പ്രഥമ ഭാരവാഹികളായി സ്ഥാനമേല്‍ക്കുക. കേരള സംഗീത നാടക അക്കാദമിയില്‍ ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശിന് പുറമെ കവി രാവുണ്ണി, ഗായകന്‍ വി ടി മുരളി എന്നിവരും പ്രഥമ പട്ടികയിലുണ്ട്.
കേരള ബുക്ക് മാര്‍ക്കറ്റിങ് സൊസൈറ്റി, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ പദവികളിലേക്ക് ഡോ. പി കെ പോക്കല്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവരും ആദ്യ പട്ടികയിലുണ്ട്. ഇടതുപക്ഷ സഹയാത്രികനായ ലെനിന്‍ രാജേന്ദ്രന്‍, കൈരളി ചാനല്‍ ഗള്‍ഫ് ചീഫ് ഇ എം അഷ്‌റഫ്, കണ്ണൂര്‍ സംഘചേതനാ സെക്രട്ടറി പെരളശ്ശേരി സ്വദേശി എം കെ മനോഹരന്‍, മാവൂര്‍ നവധാര തിയേറ്റേഴ്‌സിന്റെ വിജയന്‍ മാവൂര്‍, സംഗീതജ്ഞന്‍ വില്‍സന്‍ സാമുവല്‍ തുടങ്ങിയവര്‍ വിവിധ അക്കാദമികളില്‍ പ്രവേശനം തേടിയിട്ടുണ്ട്.
യുഡിഎഫ് ഗവണ്‍മെന്റ് നിയമിച്ച വിവിധ അക്കാദമി ഭാരവാഹികളില്‍ പലരും ഇനിയും രാജി സമര്‍പ്പിച്ചിട്ടില്ല. സംഗീത നാടക അക്കാദമി സെക്രട്ടറി സൂര്യ കൃഷ്ണമൂര്‍ത്തി ആസ്‌ത്രേലിയന്‍ പര്യടനത്തിലാണ്. അദ്ദേഹം തിരിച്ചെത്തിയാലേ സംഗീത നാടക അക്കാദമി നിയമനങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവൂ. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പി എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര, ഗുരു ഗോപിനാഥ് നടനകേന്ദ്രം തുടങ്ങി വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കായി ഉദ്യോഗാര്‍ഥികളുടെ ഫയലിന്റെ അന്തിമഘട്ട പരിശോധനയിലാണ് സാംസ്‌കാരിക വകുപ്പ്.
അതാത് മേഖലകളില്‍ പരിചയസമ്പന്നരല്ലാത്ത ഒരാളെയും രാഷ്ട്രീയ പരിഗണനകള്‍വച്ച് സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നിയമിക്കേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് യോഗത്തിലുയര്‍ന്ന പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ആഗസ്ത് ആദ്യവാരത്തോടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക