|    May 24 Wed, 2017 11:51 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സാംസ്‌കാരിക വര്‍ഷം; അടുത്ത വര്‍ഷത്തെ പങ്കാളി ജര്‍മനി

Published : 7th October 2016 | Posted By: SMR

ദോഹ: 2017 സാംസ്‌കാരിക വര്‍ഷത്തില്‍ ജര്‍മനി മുഖ്യ പങ്കാളിയാവുമെന്ന് ഖത്തര്‍ മ്യൂസിയംസ്(ക്യുഎം) അറിയിച്ചു. ഇതിന്റെ ഭാഗമായി ജര്‍മന്‍ എംബസി, ഗോഥെ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയവയുമായി സഹകരിച്ച് ഒരു ഡസനിലേറെ വിവിധ പരിപാടികള്‍ ഇരു രാജ്യങ്ങളിലുമായി നടക്കും. സൗഹൃദ ഫുട്‌ബോള്‍ മല്‍സരം, ആര്‍ട്ട് ആന്റ് ഫോട്ടോഗ്രഫി എക്‌സിബിഷനുകള്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുമെന്ന് ക്യുഎം ഡയറക്ടര്‍ മുഹമ്മദ് അല്‍ഉത്മാന്‍ പറഞ്ഞു. ജപ്പാന്‍, ബ്രിട്ടന്‍, ബ്രസീല്‍, തുര്‍ക്കി, ചൈന എന്നിവയ്ക്ക് പിന്നാലെയാണ് ജര്‍മനിയുമായി സഹകരിച്ചു കൊണ്ടുള്ള സാംസ്‌കാരിക വര്‍ഷം നടത്തുന്നത്. ഓരോ വര്‍ഷവും വ്യത്യസ്ത രാജ്യങ്ങളുമായി സഹകരിച്ച് കൊണ്ടാണ് ഖത്തര്‍ മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക വര്‍ഷം നടത്തുന്നത്.
ചൈനയുമായി നടത്തുന്ന ഈ വര്‍ഷത്തെ സാംസ്‌കാരിക വര്‍ഷം സമാപനത്തില്‍ അടുത്ത മാസം മിയ പാര്‍ക്കില്‍ ചൈനീസ് ഫെസ്റ്റിവല്‍ നടക്കും. നവംബര്‍ 2 മുതല്‍ 5 വരെ നടക്കുന്ന മേളയില്‍ ഴിജിയാങില്‍ നിന്നുള്ള കലകാരന്മാരും സംഗീതജ്ഞരും പങ്കെടുക്കും. ചൈനീസ് മാര്‍ക്കറ്റ്, ടീ ഹൗസ്, ഫോട്ടോഗ്രഫി എക്‌സിബിഷന്‍, ഫുട് സ്റ്റാളുകള്‍, കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രത്യേക ഏരിയ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കും. ഇതിനു പുറമേ അടുത്ത മാസം കത്താറയില്‍ പ്രത്യേക ഫോട്ടോഗ്രഫി എക്‌സിബിഷനും നടക്കുന്നുണ്ട്. നാല് ചൈനീസ്, രണ്ട് ഖത്തരി ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. ഇരു രാജ്യങ്ങളിലേക്കും സഞ്ചരിച്ച് അവിടെ നിന്ന് പകര്‍ത്തിയ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ദൃശ്യങ്ങളാണ് പ്രദര്‍ശനത്തിന്റെ ആകര്‍ഷണം.
അതേ സമയം, ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍ കഴിഞ്ഞ മാസം ആരംഭിച്ച ട്രഷേര്‍സ് ഓഫ് ചൈന എക്‌സിബിഷന്‍ അടുത്ത വര്‍ഷം ജനുവരി വരെ തുടരും.
5000 വര്‍ഷത്തെ ചൈനീസ് ചരിത്രത്തിലേക്ക് മിഴി തുറക്കുന്ന 116 അമൂല്യ വസ്തുക്കളാണ് ഈ പ്രദര്‍ശനത്തിലുള്ളത്. അതോടൊപ്പം ആദ്യകാല ചൈനീസ് ചക്രവര്‍ത്തിമാരുടെ സൈനികരെ ചിത്രീകരിക്കുന്ന ടെറാക്കോട്ട ആര്‍മി ശേഖരവുമുണ്ട്.
ഇതിന് പുറമേ ഇറാഖി കലാകാരന്റെ 500 കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിനും ക്യുഎം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഞാനാണ് കരച്ചില്‍, ആരാണെനിക്ക് ശബ്ദം തരിക എന്ന പേരില്‍ നടക്കുന്ന ദിയ അല്‍ അസ്സാവിയുടെ പ്രദര്‍ശനം മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലും(മതാഫ്), മിയ പാര്‍ക്കിലെ അല്‍റിവാഖിലുമായാണ് നടക്കുക. ഒക്ടോബര്‍ 16 മുതല്‍ ഏപ്രില്‍ 16 വരെ ആറു മാസം നീളുന്നതാണ് പ്രദര്‍ശനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day