|    Oct 18 Thu, 2018 12:44 pm
FLASH NEWS

സാംസ്‌കാരികോല്‍സവ പ്രദര്‍ശനത്തിന് തുടക്കമായി

Published : 8th September 2017 | Posted By: fsq

 

ആലപ്പുഴ: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന മിഴാവ് സാംസ്‌കാരികോല്‍സവത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് തുടക്കമായി. അമ്പലപ്പുഴ കെകെ കുഞ്ചുപിള്ള സ്മാരക സ്‌കൂളാണ് പ്രദര്‍ശനവേദി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഏജന്‍സികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടേതടക്കം 24 സ്റ്റാളുകളാണ് സ്‌കൂളില്‍ സജ്ജമായിട്ടുള്ളത്. ഒമ്പതിന് അവസാനിക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്.സ്‌കൂളിലെ ആദ്യ സ്റ്റാള്‍ തന്നെ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ വിശാലമായ പ്രദര്‍ശനവേദിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ് പ്രദര്‍ശനത്തില്‍. ഇതോടൊപ്പം ജില്ലയില്‍ നടക്കുന്ന ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളും പ്രത്യേകമായി പ്രദര്‍ശനത്തിലുണ്ട്. ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച പതിനഞ്ചോളം പുസ്തകങ്ങളും വില്‍പന നടത്തുന്നുണ്ട്. 40 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ പുസ്തകങ്ങള്‍ വാങ്ങാനാകും.ചക്കയുടെ രുചി വൈവിധ്യത്തിനൊപ്പം മൂല്യവര്‍ധിത ഉല്‍പന്നങ്ങളും പരിചയപ്പെടുത്തുന്നതാണ് മറ്റൊരു സ്റ്റാള്‍. ചക്ക അലുവ, ചക്കക്കുരു ചേര്‍ത്തിട്ടുള്ള തേങ്ങ ചമ്മന്തി, ചെമ്മീന്‍ ചമ്മന്തി, കുക്കീസ്, ബിസ്‌ക്റ്റ്, കേക്ക്, അച്ചാര്‍ പപ്പടം, പുട്ടുപൊടി തുടങ്ങിയവ ഇവിടെ ലഭിക്കും. ചക്കയിലേക്ക് മടങ്ങുന്നതിലൂടെ പ്രകൃതിയുമായുള്ള ഇഴയടുപ്പം സൂചിപ്പിക്കുന്നതാണ് സ്റ്റാളിലെ ഓരോ വിഭവവും. കുടുംബശ്രീ ബ്രാന്‍ഡിലുള്ള ഫൈവ് സിസ്‌റ്റേഴ്‌സ് കറി പൗഡര്‍ യൂണിറ്റ് വിവിധയിനം കറിപൗഡറുകളാണ് പരിചയപ്പെടുത്തുത്. മായം കലരാത്ത പൊടികള്‍ക്കൊപ്പം നല്ലയിനം മസാലപൊടികളും സോന ഫുഡ്‌സ് എന്ന പേരിലുള്ള ഈ കുടുംബശ്രീ സ്റ്റാളില്‍ ലഭിക്കും. മില്‍മയുടെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി മില്‍മ ആലപ്പുഴ യൂനിറ്റും പ്രദര്‍ശനമേളയിലുണ്ട്. ഐസ്‌ക്രീം മുതല്‍ ടോഫികള്‍ വരെ ഇവിടെ കിട്ടും. കുട്ടനാട് കെയിന്‍സിന്റെ ചൂരല്‍ ഉല്‍പന്നങ്ങളുടെ സ്റ്റാളില്‍ ചുരുങ്ങിയ വിലയില്‍ ഗുണമേന്മയുള്ള ഫര്‍ണിച്ചറുകളാണ് പരിചയപ്പെടുത്തുന്നത്. ജില്ല ശുചിത്വമിഷന്‍ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട വിവിധയിനം മോഡലുകള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം  ഗ്രീന്‍ പ്രോേട്ടാക്കോളിന്റെ പ്രാധാന്യം വിളിച്ചോതുന്ന ലഘുലേഖകളും സൗജന്യമായി വിതരണം ചെയ്യുന്നു. കുട്ടികള്‍ക്കും സിനിമയിഷ്ടപ്പെടുന്ന മറ്റുള്ളവര്‍ക്കുമായി ഹൃസ്വചിത്രങ്ങളുടെയും ഫീച്ചര്‍ഫിലുകളുടെയും ഒരു  വന്‍ശേഖരവുമായാണ് ചലച്ചിത്ര അക്കാദമി മേളയിലെത്തിയത്. നാലു ലഘുചിത്രങ്ങളും ഒരു ഫീച്ചര്‍ സിനിമയും എന്ന കണക്കില്‍ 15 ചിത്രങ്ങളാണ് അക്കാദമി മിഴാവില്‍ പ്രദര്‍ശിപ്പിക്കുക. സ്‌കുളുകള്‍ക്ക് അവധിയായതിനാല്‍ കുട്ടി പ്രേഷകരെ ലക്ഷ്യമിട്ടുള്ളതാണ് കുടുതല്‍ ചിത്രങ്ങളും.ആദ്യകാല നാണയങ്ങള്‍, നോട്ടുകള്‍, സ്റ്റാമ്പുകള്‍, വിശേഷ വാര്‍ത്തകള്‍, ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ആകര്‍ഷണീയമാണ്. മല്‍സ്യഫെഡിന്റെ ഭക്ഷ്യമേള മിഴാവിലെ ഒരു പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. കഞ്ഞിക്കുഴിയിലെ ജൈവകര്‍ഷകന്‍ അഴകേശന്റെ വിവിധയിനം പച്ചക്കറി വിത്തുകള്‍ക്ക് മേളയില്‍ നല്ല വിപണി  ലഭിച്ചു. അമ്പലപ്പുഴയിലെ വിവിധ കര്‍ഷകഗ്രൂപ്പുകളും തങ്ങളുടെ ഉല്‍പന്നങ്ങളുമായി മേളയില്‍ പങ്കെടുക്കുന്നു. ഇന്നു രാവിലെയോടെ എല്ല സ്റ്റാളുകളും പൂര്‍ണ സജ്ജമാകുമെന്ന് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമതി സെക്രട്ടറി കെവി വിപിന്‍ദാസ് പറഞ്ഞു. അമ്പലപ്പുഴ, നിയോജകമണ്ഡലം കേന്ദ്രീകരിച്ചാണ് ഈ സാംസ്‌കാരിക കലോല്‍സവം. സംഗീതനാടക അക്കാദമി, ഭാരത് ഭവന്‍, ചലച്ചിത്ര അക്കാദമി, തദ്ദേശഭരണ സ്ഥാപനങ്ങള്‍, ഡിറ്റിപിസി എന്നിവയുടെ സഹകരണവും മിഴാവിനുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss