|    Dec 14 Fri, 2018 10:19 am
FLASH NEWS
Home   >  Editpage  >  Editorial  >  

സാംസ്‌കാരികരംഗത്ത് കാവിക്കൈയേറ്റങ്ങള്‍

Published : 17th November 2018 | Posted By: kasim kzm

ഇടതുചിന്തകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടത്തിന്റെ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മുറിയുടെ നേരെയുണ്ടായ അതിക്രമം കാവിരാഷ്ട്രീയം കൈക്കൊള്ളാനിരിക്കുന്ന ഹിംസയുടെ പ്രത്യക്ഷ സൂചനയാണ്. ഈ സൂചന തിരിച്ചറിയുന്നില്ലെങ്കില്‍ കൈയും വെട്ടും കഴുത്തും വെട്ടും എന്നാണ് അതിന്റെ അര്‍ഥം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ നടത്താനിരുന്ന ടി എം കൃഷ്ണയുടെ സംഗീതകച്ചേരി സംഘപരിവാരത്തിന്റെ എതിര്‍പ്പുമൂലം റദ്ദാക്കിയ നടപടി ഇതിനോട് ചേര്‍ത്തുവായിക്കണം. അല്ലാഹുവിനെയും യേശുക്രിസ്തുവിനെയും പ്രകീര്‍ത്തിച്ചു പാടുന്ന അര്‍ബന്‍ നക്‌സലും ഇന്ത്യാവിരുദ്ധനുമാണ് കാവിരാഷ്ട്രീയത്തിന് ടി എം കൃഷ്ണ; സുനില്‍ പി ഇളയിടം ഹിന്ദുവിരുദ്ധനും. സാംസ്‌കാരികരംഗത്ത് അസഹിഷ്ണുത കൊടികുത്തിവാഴുകയാണെന്നും ഭരണകൂടത്തിന്റെ ആശിര്‍വാദത്തോടെയാണ് ഇത്തരം നടപടികളെന്നും ഉറപ്പിച്ചുപറയാന്‍ വീണ്ടും വീണ്ടും കാരണങ്ങള്‍ കിട്ടുന്നു, അത്രതന്നെ.
സംഘപരിവാരം സാംസ്‌കാരികരംഗത്ത് തങ്ങളുടെ അജണ്ട കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കുന്നത്. ഉന്നത കലാശാലകളിലും അക്കാദമികള്‍പോലെയുള്ള സാംസ്‌കാരിക സ്ഥാപനങ്ങളിലും കാവിരാഷ്ട്രീയം പിടിമുറുക്കിക്കഴിഞ്ഞു. 2011ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ എ കെ രാമാനുജന്റെ രാമായണ വ്യാഖ്യാനഗ്രന്ഥം പഠിപ്പിക്കുന്നതിനെതിരായി നടന്ന പ്രക്ഷോഭങ്ങള്‍ ഓര്‍ക്കുക. ഡല്‍ഹി സര്‍വകലാശാലയ്ക്ക് അവയെ പ്രതിരോധിക്കാനായില്ല. നന്ദിനി ബസ്തറിന്റെയും കാഞ്ച ഐലയ്യയുടെയും ഗ്രന്ഥങ്ങള്‍ക്കെതിരായും സമാനമായ സമീപനങ്ങളാണ് സംഘപരിവാര അനുകൂല വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ പുലര്‍ത്തിയത്. അക്കാദമികരംഗങ്ങളില്‍ സ്ഥാനമുറപ്പിച്ച അവരുടെ സഹയാത്രികര്‍ ഇത്തരം നീക്കങ്ങളെ എളുപ്പമാക്കുന്നുമുണ്ട്. ഭരണകൂടം അതിനനുസൃതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നു. സാംസ്‌കാരികാധിനിവേശങ്ങളിലൂടെ അപരമതവിദ്വേഷം പ്രയോഗിച്ച് വിജയിപ്പിക്കുന്നതിന്റെ കുറ്റമറ്റ മാതൃകയാണിത്.
കാവിരാഷ്ട്രീയത്തിന്റെ ഈ അജണ്ടയെ പ്രതിരോധിക്കാന്‍ നമുക്ക് എങ്ങനെ സാധിക്കുമെന്നത് ഗൗരവമായ ആലോചനയ്ക്കു വിഷയമാവണം. നിര്‍ഭാഗ്യവശാല്‍ വ്യവസ്ഥാപിത ഇടതുപക്ഷം അതിന്റെ എല്ലാ വിവക്ഷകളും കൃത്യമായി തിരിച്ചറിയുന്നില്ല. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും പിന്നാക്കക്കാരുടെയും സ്വത്വാവിഷ്‌കാരങ്ങളെയാണ് സംഘപരിവാരശക്തികള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞുകൊണ്ടുള്ള അവരുടെ ഐക്യപ്പെടലിനു മാത്രമേ ഈ ആക്രമണത്തെ പ്രതിരോധിക്കാനാവൂ. വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ സാമ്പ്രദായിക വര്‍ഗരാഷ്ട്രീയം അതു മനസ്സിലാക്കുകയോ സ്വന്തം പരിമിതികള്‍ സമ്മതിക്കുകയോ ചെയ്യുന്നില്ല. അവര്‍ക്കു സാംസ്‌കാരിക ഫാഷിസത്തെ തടുത്തുനിര്‍ത്താനാവാത്തതിന്റെ കാരണം അതാണ്. എന്നു മാത്രമല്ല, കേരളത്തിലെ ഇടതുപക്ഷം തീവ്രഹിന്ദുത്വത്തോട് രാജിയാവുന്നതുപോലും പലപ്പോഴും കാണാവുന്നതുമാണ്. ശരിയായ തിരിച്ചറിവിന്റെ അഭാവം മൂലമാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss