|    Aug 20 Mon, 2018 1:04 am
FLASH NEWS
Home   >  Sports  >  Football  >  

സാംബ താളം നിശബ്ദം; അര്‍ജന്റീനയ്ക്ക് ആവേശം ജയം

Published : 9th June 2017 | Posted By: ev sports

മെല്‍ബണ്‍: മെല്‍ബണ്‍ മൈതാനത്ത് സാംബ താളം മുഴങ്ങിയില്ല. ആര്‍പ്പുവിളിച്ചെത്തിയ മഞ്ഞപ്പടയുടെ ആരാധകരെ കണ്ണീരിലാഴ്ത്തി അര്‍ജന്റീനയുടെ കരഘോഷം മൈതാനത്ത് അലയടിച്ചു.  ഫുട്‌ബോള്‍ ലോകത്തെ ക്ലാസിക് പോരെന്ന് വിശേഷിപ്പിക്കാവുന്ന അര്‍ജന്റീന- ബ്രസീല്‍ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീനയ വിജയം സ്വന്തമാക്കിയത്. കയ്യാങ്കളിയും കൂട്ടത്തലും കളം നിറഞ്ഞ മല്‍സരത്തിന്റെ 45ാം മിനിറ്റില്‍ ഗബ്രിയേല്‍ മെര്‍ക്കാഡോയുടെ ഗോളിലാണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്.
സൂപ്പര്‍ താരം നെയ്മറില്ലാതെ ഇറങ്ങിയ ബ്രസില്‍ നിരയ്‌ക്കെതിരേ തുടക്കം മുതലേ ആധികാരിക പ്രകടനമാണ് ലയണല്‍ മെസ്സിയും കൂട്ടരും പുറത്തെടുത്തത്. ആദ്യ പകുതിയില്‍ തന്നെ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത് ഇരുകൂട്ടരും മുന്നേറിയതോടെ ഗാലറിയിലേക്ക് ആവേശം ഇരമ്പിയടിച്ചു. കുറുകിയ പാസുകളും ബുള്ളറ്റുഷോട്ടുകളുമായി ഇരുടീമുകളും മുന്നേറിയപ്പോള്‍ പല തവണ ഗോള്‍മുഖം വിറച്ചു. ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ആദ്യ മിനിറ്റുകളിള്‍ രണ്ട് കൂട്ടരും പുറത്തെടുത്തത്.
4-2-3-1 എന്ന ശൈലിയില്‍ ഇറങ്ങിയ ബ്രസീലിന്റെ ആക്രണമണ മുഖത്ത് ഗബ്രിയേല്‍ ജീസസ് ഒറ്റക്ക് പടനയിച്ചപ്പോള്‍ മധ്യനിരയില്‍ വില്യന്‍, കോട്ടീഞ്ഞോ, അഗ്യൂസ്‌റ്റോ എന്നിവര്‍ക്കൊപ്പം പൗലീഞ്ഞോയും ഫെര്‍ണാണ്ടീഞ്ഞോയും ആക്രമിച്ച് മുന്നേറി. ബ്രിസീലിനെ വീഴ്ത്താന്‍ 3-3-3-1 ശൈലിയിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. ഹിഗ്വയ്ന്‍ പട നയിച്ച മുന്നേറ്റ നിരയില്‍ ഡിബല്ലയും മെസ്സിയും ഡി മരിയയും തൊട്ടുപിറകില്‍ അണിനിരന്നു. ഗോമസും ലൂക്കാസ് ബിജില്ലയും ബനേഗയും മധ്യനിരയില്‍ ശക്തി പകര്‍ന്നു.
അര്‍ജന്റീനയുടെ ക്ലാസിക് ശൈലിക്ക് മുന്നില്‍ ബ്രസീലിന്റെ ആക്രമണ ശൈലി പരാജയപ്പെടുന്ന കാഴ്ചയാണ് മെല്‍ബണ്‍ മൈതാനത്ത് കണ്ടത്. മല്‍സരത്തിന്റെ 61 ശതമാനം സമയത്തും പന്ത് കൈവശം വെച്ച് കളിച്ച അര്‍ജന്റീന 33 ശതമാനം മാത്രമാണ് ബ്രസീലിന് പന്ത് വിട്ടുനല്‍കിയത്. കാടന്‍ കളി പുറത്തെടുത്ത ബ്രസീല്‍ താരങ്ങള്‍ 13 തവണ ഗോള്‍ ശ്രമം നടത്തിയെങ്കിലും ലക്ഷ്യം മാത്രം അകന്നു നിന്നു. അതേ സമയം അഞ്ച് തവണ ബ്രസീല്‍ ഗോള്‍മുഖത്ത്് പന്തെത്തിച്ച അര്‍ജന്റീന്‍ താരങ്ങളുിടെ ഷോട്ടുകള്‍ നേരിയ വ്യത്യാസത്തിലാണ് ഗോളാവാതെ പോയത്.
എട്ടാം  മിനിറ്റില്‍ തന്നെ ഡി മരിയ പോസ്റ്റിന്റെ ഇടത് വശത്ത് നിന്നും അടിച്ച ഷോട്ട് ലക്ഷ്യം തെറ്റ് പുറത്തേക്ക് പോയി. 16ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിലൂടെ കോട്ടീഞ്ഞോയ്ക്ക് ലഭിച്ച സുവര്‍ണാവസരം ഒട്ടമെന്‍ഡിയുടെ മികച്ച പ്രതിരോധം തടുത്തു. 36ാം മിനിറ്റില്‍ ദിബാലയെ ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനവുദിച്ച ഫ്രീകിക്ക് എടുത്ത മെസ്സിയുടെ ഷോട്ടിനെ ഹിഗ്വെയ്ന്‍ ഹെഡ്ഡ് ചെയ്‌തെങ്കിലും ബ്രസീല്‍ ഗോളി വിവര്‍ട്ടന്റെ കൈകളിവല്‍ സുരക്ഷിതമായി അവസാനിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കെ അര്‍ജന്റീന ലക്ഷ്യം കണ്ടു. ഡി മരിയയുടെ ക്രോസിനെ ഹിഗ്വെയ്ന്‍ ഹെഡ്ഡ് ചെയ്‌തെങ്കിലും ലക്ഷ്യത്തിലെത്താതെ റീ ബൗണ്ട് വന്ന പന്തിനെ മെര്‍ക്കാഡോ ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു. അര്‍ജന്റീന 1-0 ന് മുന്നില്‍.
രണ്ടാം പകുതിയില്‍ ഗോള്‍മടക്കാനുള്ള ബ്രസീലിന്‍രെ ശ്രമങ്ങളെല്ലാം അര്‍ജന്റീനയയുടെ പ്രതിരോധ നിര വിഫലമാക്കി. 88ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത് ബ്രസീലിന്റെ അവസാന പ്രതീക്ഷകള്‍ക്കും തിരിച്ചടിയായി. ലഭിച്ച മൂന്ന് മിനിറ്റ് സമയത്തും അര്‍ജന്റീനയുടെ കോട്ടയെ ഭേദിക്കാന്‍ മഞ്ഞപ്പടയാളികള്‍ക്ക് സാധിക്കാതെ വന്നതോടെ മെര്‍ക്കാഡോ സമ്മാനിച്ച ഒരു ഗോളിന്റെ ആവേശം ജയം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss