|    Dec 17 Mon, 2018 11:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സഹോദരന്റെ കുത്തേറ്റ് അനുജന്‍ കൊല്ലപ്പെട്ടു

Published : 3rd December 2018 | Posted By: kasim kzm

പട്ടാമ്പി: ജ്യേഷ്ഠന്റെ കുത്തേറ്റ് കുഞ്ഞനുജന്‍ കൊല്ലപ്പെട്ടു. മറ്റൊരു അനുജനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊപ്പം നടുവട്ടം കൂര്‍ക്കപ്പറമ്പ് പാട്ടാരത്തില്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ മുഹമ്മദ് ഇബ്രാഹിം (9) ആണ് കുത്തേറ്റു മരിച്ചത്. സഹോദരന്‍ അഹ്മദ് ഇബ്രാഹിം (7) പരിക്കുകളോടെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ ജ്യേഷ്ഠന്‍ നബീല്‍ ഇബ്രാഹീമി (23)നെ കൊപ്പം പോലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 12.30ഓടെ കൂര്‍ക്കപ്പറമ്പിലെ വീട്ടിലാണ് സംഭവം. മുഹമ്മദ്, അഹ്മദ് എന്നിവരോട് മാതാപിതാക്കള്‍ക്കുള്ള അമിത വാല്‍സല്യം കാരണമുണ്ടായ അസൂയയാണ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നു പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ നബീലിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും ഇതിനുശേഷമേ കൂടുതല്‍ കാര്യം വ്യക്തമാക്കാന്‍ പറ്റുകയുള്ളൂവെന്നും കൊപ്പം പോലിസ് പറഞ്ഞു. മാതാപിതാക്കള്‍ ഉറങ്ങുന്ന മുറി പുറത്തുനിന്നു പൂട്ടിയ ശേഷം പാചകത്തിന് ഉപയോഗിക്കുന്ന കത്തികൊണ്ട് സഹോദരന്മാരെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന സഹോദരി മാതാപിതാക്കളെ വിളിച്ചുണര്‍ത്തിയാണ് മക്കളെ ആശുപത്രിയിലെത്തിച്ചത്. ചോര വാര്‍ന്ന നിലയില്‍ ഇരുവരെയും സ്വന്തം വാഹനത്തില്‍ മാതാപിതാക്കളോടൊപ്പം നബീല്‍ ഇബ്രാഹിം തന്നെയാണ് വളാഞ്ചേരി ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മുഹമ്മദ് ഇബ്രാഹിം മരിച്ചിരുന്നു. നെഞ്ചിനും കഴുത്തിനും ആഴത്തിലുള്ള അഞ്ചു കുത്തേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അഹ്മദ് ഇബ്രാഹിം അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ നബീല്‍ അഹ്മദ് കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വൈകീട്ട് കോടതിയില്‍ ഹാജരാക്കി. കോയമ്പത്തൂര്‍ സോളൂര്‍ ആര്‍വിഎസ് മെഡിക്കല്‍ കോളജില്‍ മൈക്രോബയോളജി അവസാന വര്‍ഷം വിദ്യാര്‍ഥിയാണ് പ്രതി നബീല്‍ ഇബ്രാഹിം. മരിച്ച മുഹമ്മദ് ഇബ്രാഹിം നരിപ്പറമ്പ് ഗവ. യുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയും അഹ്മദ് ഇബ്രാഹിം നെടുങ്ങോട്ടൂര്‍ എഎല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ഇതേ സ്‌കൂളിലെ അധ്യാപിക സാഹിറയാണ് മാതാവ്. സഹോദരി നജ്‌വ (മജ്‌ലിസ് ആര്‍ട്‌സ് കോളജ് പുറമണ്ണൂര്‍).

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss