|    Feb 22 Thu, 2018 6:23 pm
FLASH NEWS

സഹിഷ്ണുത വളര്‍ത്താന്‍ കായിക വിനോദങ്ങള്‍ പ്രോല്‍സാഹിപ്പിക്കണം: മൊയ്തീന്‍ നൈന

Published : 11th January 2017 | Posted By: fsq

 

കൊച്ചി: ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന സഹിഷ്ണുതയുടെ വിനോദമായ കായിക മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുന്‍ രാജ്യാന്തര വോളിബോള്‍ താരം മൊയ്തീന്‍ നൈന. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന സംസ്ഥാന തല വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌പോര്‍ട്‌സ് എന്നും ജാതിക്കും മതത്തിനും ദേശഭാഷാവര്‍ണഭേദങ്ങള്‍ക്കും അതീതമാണ്. സ്‌നേഹവും സാഹോദര്യവും സഹിഷ്ണുതയും ഒത്തരുമയുമാണ് സ്‌പോര്‍ട്‌സിന്റെ ആത്മാവ്. മതപരമായ എല്ലാ അതിരുകളും ഭേദിക്കാനും സാഹോദര്യം വളര്‍ത്താനുമുള്ള കഴിവ് സ്‌പോര്‍ട്‌സിനുണ്ട്. ജാതിഭേദവും മതദ്വേഷവുമില്ലാതെ ഏവരും സാഹോദര്യത്തോടെ വാഴുന്ന ഇടം കളിക്കളങ്ങളാണ്. ഇന്നത്തെ കാലഘട്ടത്തില്‍ സഹിഷ്ണുത വളര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ഇത്തരം കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.—വരാപ്പുഴ പപ്പന്‍ചേട്ടന്‍ സ്്മാരകത്തില്‍ നിന്ന് കൊളുത്തിയ ദീപശിഖ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ അത്‌ലറ്റുകള്‍ മത്സര വേദിയായ ആലങ്ങാട് കൊടുവഴങ്ങ എസ്എന്‍ ഗ്രൗണ്ടില്‍ എത്തിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന ജോ. സെക്രട്ടറി എസ് സതീഷ് ദീപശിഖ ഏറ്റുവാങ്ങി. ഉദ്ഘാടന ചടങ്ങില്‍ എസ് സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് വി ജി സജേഷ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സമ്മേളനത്തിന്റെ കായിക സബ് കമ്മിറ്റി കണ്‍വീനര്‍ എന്‍ സതീഷ്, എ ഡി സുജില്‍, പി കെ അബ്ദുള്‍ ഷുക്കൂര്‍, പി പി അജിത്കുമാര്‍, കെ എ അബ്ദുള്‍ സലാം, എല്‍ ആദര്‍ശ്, കരുമാല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി ഡി ഷിജു, വൈസ് പ്രസിഡന്റ് കെ എന്‍ ഉണ്ണി, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി ബെന്നി പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ എന്‍ കെ ബാബു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss