|    Sep 21 Fri, 2018 6:13 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സഹായമഭ്യര്‍ഥിച്ച് ട്രംപിന് സിറിയന്‍ ട്വിറ്റര്‍ ബാലികയുടെ തുറന്ന കത്ത്

Published : 26th January 2017 | Posted By: fsq

 

ആങ്കറ: ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയന്‍ പട്ടണമായ ഹലബിലെ കദനകഥ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ച ഏഴു വയസ്സുകാരി ബനാ അല്‍ ആബിദ് സഹായമഭ്യര്‍ത്ഥിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തുറന്ന കത്തെഴുതി. സിറിയന്‍ കുഞ്ഞുങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബനാ ട്രംപിന് കത്തെഴുതിയത്. തന്റെ പേര് ബനാ അല്‍ ആബിദ്. ഏഴു വയസ്സുകാരിയായ ഹലബില്‍നിന്നുള്ള സിറിയന്‍ ബാലികയാണ് താനെന്ന് പരിചയപ്പെടുത്തിയാണ് കത്ത് തുടങ്ങുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഉപരോധിക്കപ്പെട്ട കിഴക്കന്‍ ഹലബ് വിടുന്നതിനു മുമ്പ് താന്‍ ജീവിച്ചത് സിറിയയിലായിരുന്നു. യുദ്ധ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ സിറിയന്‍ കുഞ്ഞുങ്ങളില്‍ ഒരാളാണ് താന്‍. പക്ഷേ ഇപ്പോള്‍ പുതിയ വീടായ തുര്‍ക്കിയിലാണ്. ഹലബില്‍  സ്‌കൂളില്‍ പോയിരുന്നു. ബോംബാക്രമണത്തില്‍ തന്റെ സ്‌കൂള്‍ തകരുകയും കൂട്ടുകാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഒന്നിച്ചായിരുന്നെങ്കില്‍ ഞങ്ങളിപ്പോള്‍ കളിക്കുമായിരുന്നു. ഹലബ് ഇപ്പോള്‍ മരണത്തിന്റെ നഗരമാണ്.  തുര്‍ക്കിയിലുള്ള തനിക്കു സമാധാനമായി പുറത്തു പോവാനും ആസ്വദിക്കാനും കഴിയുന്നുണ്ട്. സ്‌കൂളിലും പോവാം. പക്ഷേ സിറിയയിലെ പത്തു ലക്ഷത്തോളം കുഞ്ഞുങ്ങളുടെ സ്ഥിതി ഇതല്ല. എല്ലാവര്‍ക്കും സമാധാനം ഒരുപോലെ പ്രധാനപ്പെട്ടതാണ്. സിറിയയിലെ കുഞ്ഞുങ്ങള്‍ താങ്കളുടെയും കുഞ്ഞുങ്ങളാണ്. താങ്കളെപ്പോലെ സമാധാനം അവരും അര്‍ഹിക്കുന്നു. ബനാ ട്വിറ്ററില്‍ കുറിച്ചു. യുദ്ധഭൂമിയിലെ ദുരിതങ്ങള്‍ ട്വിറ്ററിലൂടെ ലോകത്തിനുമുമ്പിലെത്തിച്ച ബനാ അല്‍ ആബിദും കുടുംബവും ഡിസംബറിലാണ് അഭയാര്‍ഥികളായി തുര്‍ക്കിയിലെത്തിയത്. മാതാവ് ഫാത്വിമയാണ് അല്‍ ആബിദിനെ ട്വീറ്റ് ചെയ്യാന്‍ സഹായിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss