|    Jan 16 Mon, 2017 4:45 pm

സഹായധനം വെട്ടിക്കുറച്ചു; ഭിന്നശേഷി വിദ്യാര്‍ഥികളുടെ പഠനം അവതാളത്തില്‍

Published : 2nd August 2016 | Posted By: SMR

എം വി   വീരാവുണ്ണി

പട്ടാമ്പി: സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള സഹായധനം വെട്ടിക്കുറച്ചതിനാല്‍ പതിനാല് ജില്ലകളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥിള്‍ ദുരിതമനുഭവിക്കുന്നു.
ഒരു അധ്യയനവര്‍ഷത്തില്‍ ബുക്ക് ആന്റ് സ്റ്റേഷനറി ഇനത്തില്‍ 700 രൂപ, യൂനിഫോമിനായി 700, യാത്രപ്പടി 700, സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് 600, ഗുരുതര ചലന വൈകല്യമുള്ളവര്‍ക്കും ബുദ്ധിപരമായ വൈകല്യമുള്ളവരുടെയും സഹായികള്‍ക്കുള്ള 850, കാഴ്ചവൈകല്യമുള്ളവര്‍ക്കുള്ള ആനുകൂല്യം 750, ഭിന്നശേഷിക്കാരായ പെണ്‍ക്കുട്ടികള്‍ക്ക് 2000 രൂപ എന്നിങ്ങനെയായിരുന്നു സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നത്.
എന്നാല്‍, ഈ വര്‍ഷം ബുക്ക് ആന്റ് സ്റ്റേഷനറിയും യൂനിഫോം ആനുകൂല്യവും കൂടി 500 രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂ. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഐഇഡി സെല്ലില്‍നിന്ന് ജില്ലാവിദ്യാഭ്യാസ ഓഫിസിലേക്കും അവിടെനിന്ന് ഉപജില്ലാ ഓഫിസിലേക്കും ലഭിച്ച ഉത്തരവിലാണ് മുമ്പ് കൊടുത്തിരുന്ന സംഖ്യകളില്‍നിന്ന് ചിലത് മുഴുവനായി ഒഴിവാക്കാനും ശേഷിക്കുന്നത് പകുതിയോളം വെട്ടിക്കുറക്കാനും നിര്‍ദേശിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് മുഴുവനും നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍ വിഹിതത്തില്‍നിന്നാണ് ഈ വര്‍ഷം വിതരണം ചെയ്യുന്നത്. യാത്രാ ഇനത്തില്‍നിന്ന് 100 രൂപയും എസ്‌കോര്‍ട്ടിങ് ടീച്ചേഴ്‌സ് വിഹിതത്തില്‍ നിന്ന് 150 രൂപ വീതവും കുറച്ച് വിതരണം ചെയ്യാനാണ് ഐഇഡി ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിലുള്ളത്. പുതിയ ഉത്തരവോടെ ശരാശരി ഭിന്നശേഷിയുള്ള ആണ്‍കുട്ടികള്‍ക്ക് 3,550 രൂപയ്ക്കു പകരം 1,800 രൂപയും പെണ്‍കുട്ടികള്‍ക്ക് 5,550 രൂപ വേണ്ടിടത്ത് 3,800 രൂപയും മാത്രമേ ലഭിക്കുകയുള്ളൂ.
ഐഇഡി സെല്ലിന്റെ കെടുകാര്യസ്ഥതകൊണ്ടാണ് സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറയ്ക്കാന്‍ കാരണമായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. കുട്ടികളുടെ മരുന്നിനും പഠനത്തിനുമായി വീട്ടുകാര്‍ വലിയ സാമ്പത്തിക ബധ്യത നേരിടുമ്പോള്‍ മുന്‍വര്‍ഷങ്ങളില്‍ ലഭിച്ച തുക വളരെ ആശ്വാസകരമായിരുന്നു. അതിനുപുറമെ ഭിന്നശേഷിയുള്ള കുട്ടികളുടെ മെഡിക്കല്‍ ക്യാംപ് നടത്തുന്നതിന് യഥാസമയം നല്‍കിയിരുന്ന പണംപോലും ഇത്തവണ നല്‍കിയിട്ടില്ല. അതേസമയം രക്ഷിതാക്കള്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസുകളുടെ പേരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ദുര്‍വ്യയംചെയ്യുന്ന തുക പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇവര്‍ക്ക് നല്‍കേണ്ട തുകയെക്കാള്‍ അധികം വരുമെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
ഐഇഡി സെല്ലിനെതിരേ പല കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നു പരാതിയുണ്ട്. കേരള റിസോര്‍സ് ടീച്ചേഴ്‌സ് ഫെഡറേഷനും രക്ഷിതാക്കളുടെ കൂട്ടായ്മയും അടക്കമുള്ള സംഘടനകളും  മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നല്‍കിവന്നിരുന്ന സഹായധനം വെട്ടിക്കുറച്ചതിനാലാണ് ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള അലവന്‍സ് വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായതെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ തേജസിനോടു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക