|    Feb 24 Fri, 2017 11:27 pm
FLASH NEWS

സഹകരണ മേഖലയ്‌ക്കെതിരായ കേന്ദ്രനീക്കത്തെ നേരിടും: ഐസക്

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ മറവില്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് നേരിടുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍, സംസ്ഥാനത്തിനും അധികാരങ്ങളുണ്ടെന്ന് അവര്‍ മനസ്സിലാക്കണം. അതു മറന്നുകൊണ്ട് ഡല്‍ഹിയിലിരുന്ന് എല്ലാം തീരുമാനിക്കുമെന്നു പറഞ്ഞാല്‍ കേള്‍ക്കാന്‍ മനസ്സില്ല. കേരളത്തിലെ ജനങ്ങളെ അണിനിരത്തി ഇത്തരം നീക്കങ്ങളെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ആര്‍ബിഐ ഓഫിസിനു മുന്നില്‍ നടത്തിയ സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കിയ ഘട്ടത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പണം സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രിയും താനും കേന്ദ്ര ധനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടത്. അത് പരിഗണിക്കാമെന്നാണ് പറഞ്ഞെങ്കിലും വൈകീട്ട് ജില്ലാ സഹകരണ ബാങ്കുകളെ പോലും വിനിമയത്തില്‍ നിന്നു വിലക്കി റി—സര്‍വ് ബാങ്ക് ഉത്തരവിടുകയാണ് ചെയ്തത്. ഇത്തരമൊരു ധാര്‍ഷ്ട്യം കേരളം അംഗീകരിക്കില്ല. പ്രാഥമിക സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയെ എന്തു ത്യാഗം സഹിച്ചും നേരിടും. കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ കൈയും കാലും കെട്ടിയിടാന്‍ ശ്രമിച്ചാല്‍ സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനു സര്‍ക്കാര്‍ ബദല്‍ പരിപാടികള്‍ ആവിഷ്‌കരിക്കും. ബാങ്ക് അധികൃതരുമായി ചര്‍ച്ച ചെയ്ത് ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്രത്തില്‍ നിവേദനം നടത്തിയതുകൊണ്ട് യാതൊരു കാര്യവുമില്ലെന്നു മനസ്സിലായി. യുക്തിസഹമായ നിലപാടുകളുടെ ശക്തി കേന്ദ്രത്തിനു മനസ്സിലായില്ലെങ്കില്‍ ശക്തിയുടെ യുക്തി കൊണ്ട് കേരളം മോദിയെ പഠിപ്പിക്കുമെന്ന് ഐസക് മുന്നറിയിപ്പ് നല്‍കി. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തെ യോജിച്ച പ്രക്ഷോഭത്തിലൂടെ പരാജയപ്പെടുത്തുമെന്ന് സഹകരണ മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി. ദുഷ്ടമൃഗത്തില്‍ നിന്നു നാടിനെ രക്ഷിക്കാന്‍ പുലിമുരുകന്‍ ഇറങ്ങിത്തിരിച്ചതുപോലെ കേരള ജനതയെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച പുലിമുരുകനാണ് പിണറായി വിജയന്‍’എന്നായിരുന്നു എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ പരാമര്‍ശം. ഇതു കേട്ടപ്പോള്‍ പിണറായി വിജയനും അടുത്തിരുന്ന തോമസ് ഐസകും സദസ്സും പൊട്ടിച്ചിരിച്ചു.  എം വിജയകുമാര്‍, ആനാവൂര്‍ നാഗപ്പന്‍ സംസാരിച്ചു. വിവിധ  സംഘടനകള്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സമരത്തില്‍ പങ്കാളികളായി. അഭിവാദ്യങ്ങളുമായി ശിവസേന സമരമുഖത്തെത്തിയതും ശ്രദ്ധേയമായി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു കാല്‍നട ജാഥയായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കാനെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക