|    Oct 18 Wed, 2017 3:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സഹകരണ മേഖലയിലെ പ്രതിസന്ധി; റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ച ചെയ്യും: ആന്റണിക്ക് ജെയ്റ്റ്‌ലിയുടെ ഉറപ്പ്

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലെ സഹകരണ മേഖലയിലുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി സംസാരിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉറപ്പ് നല്‍കിയതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. സഹകരണ മേഖല നേരിടുന്ന ഇതടക്കമുള്ള പ്രശ്‌നങ്ങള്‍ ജെയ്റ്റ്‌ലിയെ നേരില്‍ കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നോട്ട് വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച നടന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ എ കെ ആന്റണിക്ക് കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ തീരുമാനപ്രകാരം കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളും പ്രൈമറി ബാങ്കുകളും അടക്കം സഹകരണ മേഖല ഒട്ടാകെ പ്രതിസന്ധിയിലാണ്. ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത് സംസ്ഥാനത്തെ സാധാരണക്കാരാണ്. അതിനാല്‍ അടിയന്തര ഇടപെടല്‍ നടത്തി പരിഹാരം കണ്ടെത്തണമെന്ന് ധനമന്ത്രിയോട് അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് ചര്‍ച്ച നടത്താമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കിയത്- ആന്റണി പറഞ്ഞു.  പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും കേരളം ഒറ്റക്കെട്ടാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം തിരികെ പിടിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസ്സിന്റെ പൂര്‍ണ പിന്തുണയുണ്ട്. എന്നാല്‍, നയത്തിന്റെ നടത്തിപ്പില്‍ അപാകതകള്‍ ഉണ്ട്. ജനങ്ങള്‍ പ്രയാസത്തിലാണ്. കള്ളപ്പണമുള്ളവര്‍ പ്രധാനമായും നിക്ഷേപിക്കുന്നത് സ്വര്‍ണത്തിലും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും സ്വിസ് ബാങ്കിലുമൊക്കെയാണ്. ഇവര്‍ക്കെതിരേ നടപടികള്‍ എടുക്കാതെ നോട്ടുകള്‍ അസാധു ആക്കിയത് കൊണ്ട്  മാത്രം കാര്യമായ മാറ്റമുണ്ടാവുമെന്ന് കരുതുന്നില്ല. ഇപ്പോഴും വ്യവസായികളെ സഹായിക്കാന്‍ അവരുടെ കടം എഴുതിത്തള്ളുന്ന നടപടികള്‍ സര്‍ക്കാര്‍ തുടരുകയാണെന്നും-ആന്റണി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക