|    Feb 22 Wed, 2017 12:24 pm
FLASH NEWS

സഹകരണ മേഖലയിലെ പ്രതിസന്ധി: കര്‍മപദ്ധതി ഉടന്‍: ധനമന്ത്രി

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ മേഖലയിലെ പണം നഷ്ടമാവുമോയെന്ന് നിക്ഷേപകര്‍ക്ക് പരിഭ്രാന്തിവേണ്ടെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. പ്രതിസന്ധി മറികടക്കുന്നതിന് സഹകരണവകുപ്പും ജില്ലാ സഹകരണബാങ്കുകളും സംയുക്തമായി തയ്യാറാക്കുന്ന കര്‍മപദ്ധതി ഉടന്‍ പ്രഖ്യാപിക്കും. നിക്ഷേപത്തിന് ചെക്ക് നല്‍കി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ചെയ്യുക. സഹകരണ മേഖലയെ ശ്വാസംമുട്ടിച്ച് കൊല്ലാനുള്ള കേന്ദ്രനീക്കത്തെ ചില പ്രയാസങ്ങളുണ്ടായാലും ചെറുക്കും.
ആദ്യം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പിന്നീട് സഹകരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലുമാവും കര്‍മപദ്ധതി നടപ്പാക്കുക. ഇന്ത്യയില്‍ 25-30 ശതമാനം കള്ളപ്പണമുണ്ടെന്നാണ് കണക്ക്. ഇതില്‍ ആറു ശതമാനമാണ് നോട്ടായുള്ളത്. ബാക്കി വ്യവസായങ്ങള്‍, നിയമവിരുദ്ധ ഇടപാടുകള്‍, വസ്തുവകകള്‍ എന്നിവയിലാണ്. ഇതിന് തുല്യമായ പണം വിദേശത്തുമുണ്ടെന്നാണ് കണക്കെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ ബിജെപി ആരില്‍നിന്നോ അച്ചാരം വാങ്ങിയിരിക്കുകയാണെന്നു ധനമന്ത്രി പറഞ്ഞു. സഹകരണ മേഖലയിലെ നിക്ഷേപകരെല്ലാം കള്ളപ്പണക്കാരാണെന്നാണ് ബിജെപിയുടെ ആരോപണം. ഇക്കാര്യത്തില്‍ കേരളജനത ബിജെപിക്ക് മാപ്പുകൊടുക്കില്ല. കേന്ദ്രസര്‍ക്കാരിനെ കാര്യങ്ങള്‍ ശരിയായി അറിയിച്ച് പരിഹാരമുണ്ടാക്കണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പറഞ്ഞതെങ്കിലും സംസ്ഥാനത്തെ നേതാക്കള്‍ കേള്‍ക്കണം. മറ്റു സംസ്ഥാനത്തേത് പോലെയല്ല കേരളത്തിലെ സഹകരണമേഖലയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിതന്നെ സമ്മതിച്ചതാണ്. പിന്നീട് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു. ഇനിയെങ്കിലും ബിജെപി നിലപാട് തിരുത്തണമെന്ന് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സഹകരണ ബാങ്കുകള്‍ക്ക് നോട്ട് സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്നും സാധാരണക്കാരന്റെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നുമാണ് നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. പ്രമേയത്തിന്റെ ഇംഗ്ലീഷ് പകര്‍പ്പ് അയച്ചുകൊടുത്ത് ഇതിലെവിടെയാണ് ഭരണഘടനാലംഘനമെന്ന് അരുണ്‍ ജെയ്റ്റ്‌ലിയോട് ചോദിക്കും.
വിദേശരാജ്യങ്ങളിലെ എല്ലാവരെയും പ്രധാനമന്ത്രിക്ക് കാണാം. മുഖ്യമന്ത്രിയെയും എംപിമാരെയും കാണാന്‍ പറ്റില്ലെന്ന് പറയുന്ന നരേന്ദ്രമോദി ചക്രവര്‍ത്തി തിരുമനസ്സല്ല; ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഇഷ്ടമുള്ളത് മാത്രമേ കേള്‍ക്കുകയുള്ളൂവെന്നത് തികച്ചും ഏകാധിപത്യ നിലപാടാണ്. നാലഞ്ചുദിവസമായി പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. ജനങ്ങളുടെ ചോദ്യത്തിന് മറുപടിയില്ലാത്തതിനാലാണ് പ്രധാനമന്ത്രി മിണ്ടാതിരിക്കുന്നത്. എത്രനാള്‍, എന്തിനുവേണ്ടിയാണ് ഈനില തുടരുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം. കള്ളപ്പണക്കാരെ പിടിക്കുന്നതിനാണെന്ന പ്രധാനമന്ത്രിയുടെ വാദം ശുദ്ധ ഭോഷ്‌ക്കാണ്.
നോട്ട് പ്രതിസന്ധിമൂലം കേരളത്തിന്റെ ജീവനാഡിയായ പ്രവാസികളില്‍നിന്നുള്ള പണത്തിന്റെ വരവും നിലച്ചു. ഇത് കേരളത്തിലെ വ്യാപാര, നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും. വരുമാനത്തിലുണ്ടായിരിക്കുന്ന രൂക്ഷമായ മാന്ദ്യം സംസ്ഥാനത്തിന്റെ വരുമാനവളര്‍ച്ച 7-7.5 ശതമാനമായിരുന്നത് നാലു ശതമാനത്തിലേക്കെത്തിക്കുമെന്നും ഐസക് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക