|    Feb 23 Thu, 2017 6:10 am
FLASH NEWS

സഹകരണ മേഖലയിലെ പ്രതിസന്ധി: ഇന്ന് സര്‍വകക്ഷിയോഗം

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ടു പിന്‍വലിച്ചതിനെത്തുടര്‍ന്ന് കേരളത്തിലെ സഹകരണമേഖലയിലുണ്ടായ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് സര്‍വകക്ഷിയോഗം ചേരും. വൈകീട്ട് മൂന്നുമണിക്ക് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലാണ് യോഗം. നോട്ടു പിന്‍വലിച്ചതിന്റെ മറവില്‍ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ചെറുക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് പ്രധാനമായും യോഗം വിളിച്ചിരിക്കുന്നത്. ഇതോടൊപ്പം സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനും നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുന്നതിനുമുള്ള ബദല്‍ മാര്‍ഗങ്ങളും ആലോചിക്കും.
നോട്ടു പ്രതിസന്ധിയെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതം പരിഹരിക്കുന്നതിന് സഹകരണ മേഖലയെ പ്രയോജനപ്പെടുത്തുന്നതിലും തീരുമാനങ്ങളുണ്ടാവും. സഹകരണ വിഷയത്തില്‍ ഭരണ- പ്രതിപക്ഷ ഭേദമെന്യേ യോജിച്ച പ്രക്ഷോഭം നടത്തുന്നതിനെക്കുറിച്ചും സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ചകളുണ്ടാവും. യോജിച്ച സമരത്തിന് സിപിഎം സന്നദ്ധമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സിപിഎമ്മുമായി സഹകരിച്ച് പ്രക്ഷോഭം നടത്തുന്നതിലെ വിയോജിപ്പ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് എം എം ഹസനും  സുധീരന് പിന്തുണയുമായി രംഗത്തുണ്ട്.
അതേസമയം, കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന പൊതുപ്രശ്‌നത്തില്‍ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്ന നിലപാടാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കുമുള്ളത്. യുഡിഎഫിലെ ഘടകകക്ഷിയായ മുസ്‌ലിം ലീഗും സുധീരന്റെ നിലപാടിനെ തള്ളി സംയുക്തസമരത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. മറ്റ് കക്ഷികള്‍ക്കും ഇതേ അഭിപ്രായമാണ്.
ഇന്നു രാവിലെ ഒമ്പത് മണിക്ക് കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യുഡിഎഫ് യോഗത്തിലാവും സഹകരണസമരത്തിലെ യോജിച്ച സമരത്തിന്റെ കാര്യത്തില്‍ അന്തിമനിലപാട് കൈക്കൊള്ളുക. സഹകരണസമരത്തിലെ സുധീരന്റെയും ഹസന്റെയും വ്യത്യസ്ത നിലപാട് മുന്നണി യോഗത്തില്‍ വിമര്‍ശിക്കപ്പെടും. കേരളത്തിലെ പൊതുപ്രശ്‌നത്തില്‍ യോജിച്ചുനില്‍ക്കുന്നത് ഗുണകരമാവുമെന്ന അഭിപ്രായമായിരിക്കും ഭൂരിഭാഗം അംഗങ്ങളും പ്രകടിപ്പിക്കുക.
എന്നാല്‍, യുഡിഎഫിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ സഹകരണബാങ്കുകള്‍ പിടിച്ചെടുക്കാനുള്ള സിപിഎം നീക്കത്തിനെതിരേ കോണ്‍ഗ്രസ് പ്രത്യക്ഷ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ യോജിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്ന് സുധീരന്‍ നിലപാടെടുക്കും. ഇത് മുന്നണി യോഗത്തില്‍ വാദപ്രതിവാദത്തിനിടയാക്കിയേക്കും.
സര്‍വകക്ഷിയോഗത്തിനുശേഷം ചൊവ്വാഴ്ചയാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുക. കണ്ണൂരിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാവിലെ 11 മണിക്ക് മാസ്‌കോട്ട് ഹോട്ടലില്‍ മറ്റൊരു സര്‍വകക്ഷിയോഗവും ചേരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക