|    Dec 16 Sat, 2017 10:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സഹകരണ മേഖലയിലെ പ്രതിസന്ധി: മുഖ്യമന്ത്രിയും മന്ത്രിമാരും ആര്‍ബിഐ ഓഫിസിന് മുന്നില്‍ സത്യഗ്രഹമിരുന്നു

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖല തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് കക്ഷിനേതാക്കളും തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫിസിന് മുന്നില്‍ നടത്തിയ സത്യഗ്രഹത്തില്‍ പ്രതിഷേധമിരമ്പി. രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെയായിരുന്നു സത്യഗ്രഹം.
കേരളത്തിലെ സഹകരണ മേഖലയെ ആകെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢലക്ഷ്യവുമായി ഒരുമ്പെട്ടിറങ്ങിയവരെ ഏതുവിധേനയും പരാജയപ്പെടുത്തണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.ഈ സമരത്തിനു പ്രതിപക്ഷ നേതാക്കളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ചെറുനിക്ഷേപങ്ങള്‍ കൂടിച്ചേര്‍ന്നുള്ള സഹകരണ സ്ഥാപനങ്ങളെ കള്ളപ്പണത്തിന്റെ നിക്ഷേപകേന്ദ്രമെന്ന് ആക്ഷേപിക്കുന്നത് ഇവയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ യാതൊരു പങ്കാളിത്തവും വഹിക്കാത്തവരാണ് അവിടം കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്നു പറയുന്നതെന്നു പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടത്തുന്നത് ചരിത്രപരമായ സമരമാണെന്ന് തുടര്‍ന്നു സംസാരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. സഹകരണ മേഖലയ്‌ക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രത്തിന്റെ ഭ്രാന്തന്‍ തീരുമാനത്തിലൂടെ മോദി തുഗ്ലക്കിന്റെ ആശാനാവാന്‍ ശ്രമിക്കുകയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. എത്രയും പെട്ടെന്ന് തീരുമാനം പിന്‍വലിക്കണം. അല്ലെങ്കില്‍ ജനങ്ങളുടെ കൈയില്‍ ചാപ്പകുത്തിയതുപോലെ ജനങ്ങള്‍ മോദിയുടെ നെഞ്ചത്ത് ചാപ്പകുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  സമരത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss