|    May 1 Mon, 2017 6:01 am
FLASH NEWS

സഹകരണ ബാങ്ക് പ്രതിസന്ധി;ജീവനക്കാരുടെ മാര്‍ച്ച് ഇന്ന്

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകള്‍ക്കു നോട്ട് മാറാനുള്ള അനുവാദം നിഷേധിച്ചതില്‍ പ്രതിഷേധിച്ചു സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്തെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തേക്ക് ഇന്ന് മാര്‍ച്ച് നടത്തുന്നു. 6000 വരുന്ന ജില്ലാ സഹകരണ ജീവനക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. ബാങ്കിങ് നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ നോട്ട് മാറാന്‍ അനുവദിക്കാത്തത് ഈ മേഖലയെ തകര്‍ക്കാനാണെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍ബിഐ ലൈസന്‍സോടെ പ്രവര്‍ത്തിച്ചു വരുന്നവയാണു കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകള്‍. ബാങ്കിങ് റഗുലേഷന്‍ നിയമത്തിലെ സെക്ഷന്‍ 56 പ്രകാരം മൂന്നുതരം സഹകരണ ബാങ്കുകള്‍ക്ക് ബാങ്കിങ് ബിസിനസ് നടത്താന്‍ അനുവാദമുണ്ട്. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവയാണ് ഇവ. ഇതില്‍ ജില്ലാ സഹകരണ ബാങ്കുകളെ മാത്രമാണു നോട്ട് മാറുന്നതില്‍ നിന്നു വിലക്കിയിരിക്കുന്നത്. ലൈസന്‍സ് അനുവദിക്കുമ്പോള്‍ നിഷ്‌കര്‍ഷിച്ച നിബന്ധനകള്‍ പാലിച്ചുകൊണ്ടാണു സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ സഹകരണ ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ നോട്ടുകള്‍ മാറി നല്‍കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്കു മാത്രം അനുവാദം നിഷേധിച്ചത് ആസൂത്രിത നീക്കമാണ്. റിസര്‍വ് ബാങ്ക് നടപടി 62,000 കോടി നിക്ഷേപവും 32,000 കോടി വായ്പയും 42 ലക്ഷം ഇടപാടുകാരുമുള്ള ജില്ലാ സഹകരണ ബാങ്കുകളെ നിശ്ചലമാക്കിയിരിക്കുകയാണ്. ജില്ലാ സഹകരണ ബാങ്കുകളെ തകര്‍ത്ത് സ്വകാര്യ, ന്യൂ ജനറേഷന്‍ ബാങ്കുകളെ വളര്‍ത്താനുള്ള നടപടിയാണിതെന്നും സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ബാങ്ക് അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്ത ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തിലാണു മാര്‍ച്ച്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സിപിഐ കേന്ദ്രസെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍, സിപിഎം നേതാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുക്കും. സംഘടനാ ഭാരവാഹികളായ കെ മുരളീധരന്‍ പിള്ള, സി കെ അബ്ദുര്‍റഹ്മാന്‍, കെ എസ് കൃഷ്ണ, എന്‍ ജയമോഹന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day