|    Jun 25 Sun, 2017 9:18 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സഹകരണ ബാങ്കുകളില്‍ പണം എത്തിക്കാന്‍ നബാര്‍ഡ് 21,000 കോടി രൂപ അനുവദിച്ചു

Published : 24th November 2016 | Posted By: SMR

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗ്രാമങ്ങളിലും സഹകരണമേഖലയിലും ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ജില്ലാ സഹകരണ ബാങ്കുകളില്‍ പണമെത്തിക്കാന്‍ നബാര്‍ഡ് 21,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നു പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ വഴി പണം ലഭ്യമാക്കും. പണം അനുവദിച്ച ജില്ലാ സഹകരണ ബാങ്കുകളുടെ പട്ടിക റിസര്‍വ് ബാങ്കിനു കൈമാറിയതായും സാമ്പത്തികകാര്യ സെക്രട്ടറി അറിയിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നബാര്‍ഡുമായും റിസര്‍വ് ബാങ്കുമായും വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയെന്നും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും ആവശ്യമായ പണം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 31 വരെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനു സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. മൊബൈല്‍ ഫോണുകള്‍ മുഖേനയുള്ള ഇടപാടുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഒരു കോടി രൂപ വരെ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് ആശ്വാസം നല്‍കാന്‍ റിസര്‍വ് ബാങ്ക് തിരിച്ചടവു സമയം 60 ദിവസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ബാങ്കുകള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, പ്രൈമറി കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, ബാങ്കിങ് ഇതര മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് എടുത്ത വ്യക്തിഗത കാര്‍ഷിക-ഭവനനിര്‍മാണ വായ്പകള്‍ക്ക് ഇതു ബാധകമായിരിക്കും.
റെയില്‍വേയുടെ ഇ-ടിക്കറ്റ് ബുക്കിങിനും ഈ മാസം 31 വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ ജനങ്ങളെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ-വാലറ്റ് വഴിയുള്ള പണം കൊടുക്കല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി വ്യക്തികള്‍ക്കുള്ള പ്രതിമാസ വിനിമയ പരിധി 10,000 രൂപയില്‍ നിന്ന് 20,000 രൂപയായി വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക