|    Oct 17 Wed, 2018 6:46 pm
FLASH NEWS

സഹകരണ ബാങ്കുകളിലെ പൊതു സോഫ്റ്റ്‌വെയര്‍ ; ഓരോ മാസവും പിഴിയുന്നത് 20 ലക്ഷം രൂപ

Published : 28th September 2017 | Posted By: fsq

 

ടി  എസ്  നിസാമുദ്ദീന്‍

ഇടുക്കി: സഹകരണ ബാങ്കുകളിലെ പൊതു സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ മേലധികാരികളുടെ തീവെട്ടിക്കൊള്ള. ജില്ലയിലെ 73 സഹകരണ ബാങ്കുകളുടെ 209 ബ്രാഞ്ചുകളില്‍ നിന്ന് ഓരോമാസവും പിഴിയുന്നത് 20 ലക്ഷത്തോളം രൂപയാണ്. ഇതെന്തിനാണ് ഇത്തരത്തില്‍ വാങ്ങുന്നത് എന്നു ചോദിച്ചാല്‍ അധികൃതര്‍ക്കു കൃത്യമായ ഉത്തരവുമില്ല. ഒരു സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഓരോമാസവും ഇത്തരത്തില്‍ പണം ഈടാക്കുന്നത് ഇന്ത്യയില്‍ തന്നെ ഒരുപക്ഷേ, ഇടുക്കി ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്നുമാത്രമായിരിക്കും. പുതിയ സോഫ്റ്റ് വെയര്‍ നടപ്പാക്കാത്ത ബാങ്കുകളെ ഒഴിച്ചു നിര്‍ത്തിയാപ്പോലും 15 ലക്ഷത്തില്‍ അധികം രൂപയാണ് കൈക്കലാക്കുന്നത്. സഹകരണ ബാങ്ക് ബ്രാഞ്ചുകള്‍ നഷ്ടത്തിലാവാന്‍ ഇതില്‍പ്പരം വേറെന്തുവേണം?. സഹകരണ വകുപ്പില്‍ അക്കൗണ്ടിങ്ങിന് പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയ പൈലറ്റ് പദ്ധതി വിജയമാണെന്ന സഹകരണ സംഘം രജിസ്ട്രാറുടെ അവകാശവാദവും പൊളിയുകയാണ്. പൈലറ്റ് പദ്ധതി ജില്ലയിലെ 61 സര്‍വീസ് ബാങ്കുകളുടെ 200ല്‍ അധികം ശാഖകളിലാണ് നടപ്പാക്കിയത്. എന്നാല്‍ ഒരിടത്തുപോലും പുതിയ സോഫ്റ്റ്‌വെയറായ നെലീറ്റോയുടെ ഫിന്‍ക്രാഫ്റ്റ് ഉപയോഗിച്ച് അക്കൗണ്ടിങ് പൂര്‍ത്തിയാക്കി ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ല. ഫിന്‍ക്രാഫ്റ്റ് ഉപയോഗിച്ച് 12 ഓളം സംഘങ്ങളില്‍ പൊതു സോഫറ്റ്‌വെയറിന്റെ സഹായത്തോടെ അക്കൗണ്ടിങ്ങ് കഴിഞ്ഞ് ഓഡിറ്റിംഗ് പൂര്‍ത്തിയായെന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ എസ് ലളിതാംബികയുടെ അവകാശവാദം. എന്നാല്‍, ഒരു സഹകരണ ബാങ്കുകള്‍ പോലും ഇത് സമ്മതിക്കുന്നില്ല. വെബ് ബേസ്ഡ് അല്ലാത്ത ഒരു സോഫ്റ്റ്‌വെയര്‍ കോര്‍ ബാങ്കിങ്ങിനുവേണ്ടി ഉപയോഗിച്ചപ്പോള്‍ തന്നെ ഇതു പരാജയപ്പെടുമെന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും നിര്‍ബന്ധിച്ചും ഭീഷണിസ്വരത്തിലും സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തിയതാണ് ദുരൂഹത ഉയര്‍ത്തുന്നത്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അക്കൗണ്ടിംഗ് നടത്തിയ സഹകരണ ബാങ്കുകളില്‍ ഇപ്പോള്‍ കാല്‍ക്കുലേറ്ററും രജിസ്റ്റര്‍ ബുക്കുകളും എഴുത്തുകുത്തുമാണ് നടത്തുന്നത്. സോഫ്റ്റ് വെയറില്‍ ബാക്ക്അപ്പ് ഡാറ്റ ലഭിക്കാത്തിനാല്‍ ഒരു ബാങ്കിലും അംഗങ്ങള്‍ക്ക് ഡിവിഡന്റ് നല്‍കാനും കഴിഞ്ഞിട്ടില്ല. പത്തനംതിട്ടയില്‍ ചേര്‍ന്ന കോ ഓപറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തില്‍ ഈ സോഫ്റ്റ്‌വെയര്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രമേയം അവതരിപ്പിച്ചിരുന്നു. സി.പി.എം. അനുകൂല സംഘടനയായ കോ ഓപറേറ്റീവ് എംപ്ലോയിസ് യൂനിയന്റേയും കോണ്‍ഗ്രസ് അനുകൂല സംഘടനയായ കോ ഓപറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റേയും 91 പ്രതിനിധികള്‍ പങ്കെടുത്ത സംയുക്ത യോഗത്തില്‍ ഈ സോഫ്റ്റ് വെയറിന്റെ 67 ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചൊവ്വാഴ്ച ഇടുക്കിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലും സഹകരണ വകുപ്പ് ഓഡിറ്റര്‍മാര്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ജില്ലാ ബാങ്ക് പൈലറ്റ് പദ്ധതി ഹൈജാക്ക് ചെയ്‌തെന്ന ആക്ഷേപം ഉയരുമ്പോള്‍ തന്നെ കോടികളുടെ അഴിമതിയും കൃത്യമായി ചിലരിലേക്കാണ് വിരല്‍ച്ചൂണ്ടുന്നതും. ജില്ലാ ബാങ്കിന്റെ ലോണിലും മറ്റ് സഹായങ്ങളിലും പിടിച്ചു നില്‍ക്കുന്ന പ്രാഥമിക ബാങ്കുകളെയാണ് കൂടുതല്‍ ചൂഷണം ചെയ്തത്. ഓരോമാസവും സഹകരണ ബാങ്ക് ബ്രാഞ്ചുകള്‍ 9500 വീതം നല്‍കുമ്പോള്‍ അതിന്റെ നഷ്ടംപേറേണ്ടത് നിക്ഷേപകരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss