|    Nov 20 Mon, 2017 4:59 pm
FLASH NEWS

സഹകരണ ബാങ്കിന്റെ കലക്ഷന്‍ ഏജന്റ് പണവുമായി മുങ്ങി

Published : 2nd August 2017 | Posted By: fsq

 

താമരശ്ശേരി: സഹകരണ ബേങ്കിന്റെ കലക്ഷന്‍ ഏജന്റ്്് ലക്ഷങ്ങളുമായി മുങ്ങി. കാരശ്ശേരി ബേങ്കിന്റെ താമരശ്ശേരി ബ്രാഞ്ചിലെ കലക്ഷന്‍ ഏജന്റായ തോട്ടുമുക്കം സ്വദേശി രജീഷാണ് വ്യാപാരികളുടെ പണവുമായി മുങ്ങിയത്. എന്‍എന്‍ഡി ഡിപ്പോസിറ്റിലേക്ക് നല്‍കിയ പണവും പലരുടെ പേരിലും ലോണെടുത്തുമാണ് തട്ടിപ്പ് നടത്തിയത്. തിരുവമ്പാടി കല്ലുരുട്ടി പുത്തന്‍തറ രജീഷാണ് താമരശ്ശേരി ചുങ്കത്തെ വ്യാപാരികളുടെ പണവുമായി മുങ്ങിയത്. നിത്യനിധി ഡെപ്പോസിറ്റിലേക്ക് വ്യാപാരികളില്‍നിന്നും പണം സ്വീകരിക്കുകയും പാസ് ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഒരുമാസത്തോളമായി ഏജന്റ് വരാതിരുന്നതിനെ തുടര്‍ന്ന് ബേങ്കിലെത്തി പരിശോധിച്ചപ്പോഴാണ് പലരുടെയും പണം അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന വിവരം അറിഞ്ഞത്. അയ്യായിരം മുതല്‍ ഇരുപതിനായിരം വരെയാണ് പലര്‍ക്കും നഷ്ടമായത്. പലരുടെയും പേരില്‍ ലോണ്‍ എടുത്തും തട്ടിപ്പ് നടത്തിയിട്ടുണ്ട്.ചുങ്കം സ്വദേശിയായ സദഖതുള്ളയുടെ പേരില്‍ പതിനാറായിരം രൂപ ലോണെടുത്തെങ്കിലും പതിനായിരം മാത്രമാണ് സദഖതുള്ളക്ക് നല്‍കിയത്. ചുങ്കത്ത് ഓട്ടോമൊബേല്‍ സ്‌പെയര്‍പാര്‍ട്‌സ് കട നടത്തുന്ന ലസിത ഒരു ലക്ഷം രൂപയുടെ ലോണിന് അപേക്ഷിച്ചിരുന്നുവെങ്കിലും നാല്‍പ്പതിനായിരം രൂപയാണ് പലപ്പോഴായി ലഭിച്ചത്. ലോണിനുള്ള അപേക്ഷകളെല്ലാം ശരിപ്പെടുത്തി കൊടുക്കുന്ന രജീഷ് വ്യാപാരികളെ ബേങ്കിലേക്ക് വിളിച്ചു വരുത്തി പെയ്‌മെന്റ് സ്ലിപ്പില്‍ ഒപ്പിടീക്കുകയും പണം കടയില്‍ എത്തിക്കാമെന്ന് അറിയിക്കുകയുമാണ് പതിവ്. ഇത് ബേങ്ക് അധികൃതരുടെ അറിവോടെയാണെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്. വ്യാപാരികള്‍ നിരന്തരം വിളിക്കുമ്പോള്‍ ചെറിയ സംഖ്യകള്‍ എത്തിച്ചു നല്‍കും. പണം ഇടപാടുകാര്‍ക്ക് നേരിട്ട് കൈമാറാതെ കലക്ഷന്‍ ഏജന്റിനെ ഏല്‍പ്പിക്കുന്നതാണ് തട്ടിപ്പിന് തുണയായത്. സംഭവം പുറത്തറിഞ്ഞതോടെ എന്‍ എന്‍ ഡി യില്‍ നിക്ഷേപിച്ച ഏതാനും പേര്‍ക്ക് ചൊവ്വാഴ്ച പണം തിരിച്ചു നല്‍കിയെങ്കിലും നിരവധി പേരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക