|    Jun 25 Mon, 2018 1:54 pm
Home   >  Todays Paper  >  Page 1  >  

സഹകരണ പ്രതിസന്ധി: പണം ഭദ്രം; നിക്ഷേപിച്ച ചില്ലിക്കാശ് പോലും ആര്‍ക്കും നഷ്ടമാവില്ലെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കി

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ മേഖലയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയ കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കി. ബിജെപിയുടെ ഏക പ്രതിനിധി ഒ രാജഗോപാലിന്റെ ഭേദഗതി തള്ളിക്കൊണ്ടായിരുന്നു ഇത്. 1000, 500 നോട്ടുകള്‍ പിന്‍വലിച്ചശേഷം സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് ഇന്നലെ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നത്.
നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തിനെതിരേ ഒ രാജഗോപാല്‍ ഭേദഗതി നോട്ടീസ് നല്‍കി. എന്നാല്‍, നോട്ടീസിന് നിഷേധവോട്ടിന്റെ സ്വഭാവമുണ്ടെന്ന് മാത്യു ടി തോമസ് ക്രമപ്രശ്‌നം ഉന്നയിച്ചതോടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഭേദഗതി അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചു. തുടര്‍ന്ന് രാജഗോപാലിന്റെ വിയോജനക്കുറിപ്പോടെ പ്രമേയം പാസാക്കി. സഹകരണ സ്ഥാപനങ്ങളുടെ അംഗീകാരം ഉള്‍ക്കൊണ്ട് അസാധുവാക്കപ്പെട്ട നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും അനുമതി നല്‍കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തുന്നതും സംസ്ഥാനത്ത് സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുന്നതും തുല്യനീതി നിഷേധിക്കുന്നതുമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം. സഹകരണ ബാങ്കുകളില്‍ 3.51 കോടി അക്കൗണ്ടുകളും 1.27 ലക്ഷം കോടിയുടെ നിക്ഷേപവും ഒരുലക്ഷം കോടി രൂപയുടെ വായ്പയും നിലവിലുണ്ട്. ഇന്ത്യയില്‍ സഹകരണ ബാങ്കിങ്‌രംഗത്ത് സ്വരൂപിക്കുന്ന നിക്ഷേപത്തിന്റെ 60 ശതമാനവും കേരളത്തിന്റെ വിഹിതമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
സഹകരണ ബാങ്കുകളുമായി ഇടപാടുകള്‍ നടത്തി പണം നിക്ഷേപിച്ചവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ചര്‍ച്ചയ്ക്കുശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിക്ഷേപിച്ച ചില്ലിക്കാശ് പോലും ആര്‍ക്കും നഷ്ടമാവില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. 24ന് സര്‍വകക്ഷി സംഘം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കും. നോട്ട് നിരോധനത്തിലൂടെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കി ആഭ്യന്തരകലാപത്തിലേക്ക് തള്ളിവിടുകയാണ്. 90 ശതമാനം സാമ്പത്തിക ഇടപാടുകളും കറന്‍സിയിലൂടെയാണ്. നോട്ട് നിരോധിച്ചതോടെ സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ വരെ മുടങ്ങി. രാജ്യത്തെ 30 ശതമാനത്തിനു മാത്രമാണ് ബാങ്കിങ് സംവിധാനവുമായി ബന്ധമെന്ന കാര്യം പോലും മനസിലാക്കാതെയാണ് കേന്ദ്ര നടപടി. ഇതിനു പിന്നാലെ സംസ്ഥാനത്ത് ഏഴുപേര്‍ മരണപ്പെടാനിടയായ സാഹചര്യം ദുഃഖകരമാണ്. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി പൂഴ്ത്തിവയ്ക്കാന്‍ കഴിയുമെന്ന് വാദിക്കുന്നവര്‍ 2000ത്തിന്റെയും 1000ത്തിന്റെയും 500ന്റെയും കറന്‍സി തന്നെ വീണ്ടുമിറക്കി. രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം തിരികെയെത്തിച്ച് ജനങ്ങള്‍ക്കു നല്‍കുമെന്നാണ് തിരഞ്ഞെടുപ്പുവേളയില്‍ ബിജെപി നല്‍കിയ വാഗ്ദാനം.
എന്നാല്‍, കള്ളപ്പണക്കാരായ 900 പേരുടെ പട്ടിക ഇപ്പോഴും തലയണയുടെ അടിയില്‍ വച്ച് ഉറങ്ങുകയാണവര്‍. സാമ്പത്തികരംഗത്തെ ജനകീയ ബദല്‍ എന്ന നിലയിലാണ് സഹകരണ പ്രസ്ഥാനം വളര്‍ന്നുവന്നത്. ഗ്രാമീണമേഖലയില്‍ ശക്തമായ വേരോട്ടമുള്ള സഹകരണ ബാങ്കുകളെ ദുര്‍ബലപ്പെടുത്തിയാല്‍ മാത്രമേ മൂലധനശക്തികള്‍ക്ക് ഇവിടേക്ക് കടന്നുവരാന്‍ കഴിയൂ. ഇതിനു പിന്നില്‍ ആഗോള ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കണം. സഹകരണ മേഖലയുടെ അസ്തിവാരം തോണ്ടാനുള്ള കേന്ദ്ര നടപടിക്കെതിരേ ഒന്നിച്ചുനില്‍ക്കുകയാണ് ഉത്തമമെന്നും പിണറായി പറഞ്ഞു.
സഹകരണ മേഖലയെ നശിപ്പിച്ചാല്‍ നാട്ടിലെ ഒട്ടേറെ മേഖലകള്‍ ഇല്ലാതാവും. ആരെങ്കിലും സഹകരണ മേഖലയില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ പരിശോധനയ്ക്ക് എല്ലാവിധ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തുകൊടുക്കും. എന്നാല്‍, കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനാനുമതി നിഷേധിക്കുന്ന നീക്കം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മന്‍ചാണ്ടി, വി എസ് അച്യുതാനന്ദന്‍, എം കെ മുനീര്‍, മുല്ലക്കര രത്‌നാകരന്‍, അനൂപ് ജേക്കബ്, ടി വി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, കെ എം മാണി, പി സി ജോര്‍ജ്, സി ദിവാകരന്‍, ഒ രാജഗോപാല്‍, സുരേഷ് കുറുപ്പ്, പി കെ കുഞ്ഞാലിക്കുട്ടി, എസ് ശര്‍മ, രമേശ് ചെന്നിത്തല ചര്‍ച്ചയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss