|    Nov 16 Fri, 2018 7:33 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സഹകരണ പരീക്ഷാ ബോര്‍ഡ് വഴിയുള്ള നിയമനംചെറുകിട- ഇടത്തരം സംഘങ്ങള്‍ക്ക് താഴുവീഴും

Published : 5th August 2018 | Posted By: kasim kzm

കെ വി ഷാജി സമത

കോഴിക്കോട്: താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് സഹകരണ പരീക്ഷാ ബോര്‍ഡ് വഴി സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ചെറുകിട-ഇടത്തരം സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍, സഹകരണ അര്‍ബന്‍ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ തുടങ്ങിയവയിലെ ക്ലാര്‍ക്ക് മുതല്‍ മുകളിലേക്കുള്ള നിയമനങ്ങള്‍ സഹകരണ പരീക്ഷാ ബോര്‍ഡ് വഴി നടത്തണമെന്നാണു നിര്‍ദേശം. 2020 വരെ ഉണ്ടാവാനിടയുള്ള ഒഴിവുകള്‍ കണക്കാക്കി റിപോര്‍ട്ട് ചെയ്യണമെന്നും സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ വേതനവ്യവസ്ഥയനുസരിച്ച് ഇത്തരത്തില്‍ സ്ഥിരം നിയമനം നടത്തിയാല്‍ സംഘം സെക്രട്ടറിക്ക് ഏകദേശം ഒരുലക്ഷം രൂപ വരെ ശമ്പള ഇനത്തില്‍ നല്‍കണം. ഇതിനു താഴെയുള്ള തസ്തികകളിലും ഇതിനു സമാനമായ ശമ്പള സ്‌കെയിലാണു നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നിലവില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് സ്ഥിരം നിയമനം നടത്തേണ്ട സാഹചര്യം ഉണ്ടായാല്‍ ചെറുകിട-ഇടത്തരം സഹകരണ സംഘങ്ങള്‍ക്കു താഴുവീഴും.
നിലനില്‍ക്കുന്ന സഹകരണനിയമം അനുസരിച്ച് അതത് സംഘങ്ങള്‍ക്ക്, ഓണറേറിയം നിശ്ചയിച്ച് അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താം. ഇതനുസരിച്ചാണ് പല സംഘങ്ങളും തങ്ങളുടെ അംഗങ്ങളെ തന്നെ ഓണറേറിയം നിശ്ചയിച്ച് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇതിനു പുറമെ അഭ്യസ്തവിദ്യരായ കര്‍ഷകര്‍, വീട്ടമ്മമാര്‍, വിദേശങ്ങളില്‍ നിന്നു ജോലി നഷ്ടപ്പെടുത്തി തിരിച്ചെത്തിയവര്‍, പ്രായപരിധി കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവര്‍ എന്നിവരെ ഓണറേറിയം നല്‍കി താല്‍ക്കാലികമായോ സ്ഥിരമായോ നിയമിക്കാനും സംഘങ്ങള്‍ക്ക്് അവകാശമുണ്ട്. ഇവരെയെല്ലാം പിരിച്ചുവിട്ട് പരീക്ഷാ ബോര്‍ഡ് വഴി സ്ഥിരം നിയമനം നടത്തിയാല്‍ ഉണ്ടാവുന്ന സാമ്പത്തികബാധ്യത സംബന്ധിച്ച് ഒരു പഠനവും നടത്താതെയാണ് സഹകരണ രജിസ്ട്രാര്‍ നിര്‍ദേശം പുറപ്പെടുവിച്ചതെന്ന് ആക്ഷേപമുണ്ട്.
ചെറുകിട-ഇടത്തരം സഹകരണ സംഘങ്ങള്‍ക്ക് താങ്ങാനാവുന്ന ശമ്പള സ്‌കെയിലല്ല ഈ മേഖലയില്‍ നിലവിലുള്ളത്. സര്‍ക്കാരിന് ഒരു സാമ്പത്തിക നഷ്ടവും വരാത്തതിനാല്‍, യൂനിയന്‍ നേതാക്കളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് ഉയര്‍ന്ന ശമ്പള സ്‌കെയിലും സ്റ്റാഫ് പാറ്റേണും നിശ്ചയിക്കപ്പെട്ടത്. 14 കോടി പ്രവര്‍ത്തന മൂലധനവും 12 കോടി രൂപ നിക്ഷേപവും 10 കോടി രൂപ ബാക്കിനില്‍പ് വായ്പയുമുള്ള സംഘങ്ങളില്‍ വാച്ച്മാന്‍ ഉള്‍പ്പെടെ 16 തസ്തികകളാണുള്ളത്. താല്‍ക്കാലികക്കാരെ പിരിച്ചുവിട്ട്് ഈ തസ്തികകള്‍ ഉടന്‍ നികത്തണമെന്നും ഇങ്ങനെ ചെയ്യാത്ത സംഘങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്്.
പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കി രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണ് സഹകരണ ജീവനക്കാരുടെ യൂനിയനുകള്‍ സംഘങ്ങള്‍ക്ക് താങ്ങാനാവാത്ത ശമ്പള സ്‌കെയിലും സ്റ്റാഫ് പാറ്റേണും അംഗീകരിപ്പിച്ചത്. പബ്ലിക് സര്‍വീസ് കമ്മീഷന്‍ പോലെ സഹകരണ പരീക്ഷാ ബോര്‍ഡ് ഭരണഘടനാ സ്ഥാപനമല്ല. ഇതിലെ അംഗങ്ങളുടേത്് രാഷ്ട്രീയ നിയമനങ്ങളാണ്. അതുകൊണ്ടുതന്നെ ജീവനക്കാരുടെ നിയമനങ്ങളില്‍ രാഷ്ട്രീയ വീതംവയ്പ് നടക്കുമെന്നുറപ്പാണ്. 2020 വരെയുള്ള ജീവനക്കാരെ നിയമിക്കുന്നതിലൂടെ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങളാണ് സംരക്ഷിക്കപ്പെടുക. ചെറുകിട-ഇടത്തരം സംഘങ്ങള്‍ ഇല്ലാതാവുകയും കോര്‍പറേറ്റ് സ്ഥാപനങ്ങളായി വളര്‍ന്ന സഹകരണ സ്ഥാപനങ്ങള്‍ മാത്രം അതിജീവിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുക എന്നതാണ് ഈ തീരുമാനത്തിനു പിന്നിലെ യഥാര്‍ഥ ഒളിയജണ്ട.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss