|    Jul 20 Fri, 2018 12:39 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സഹകരണമേഖലയില്‍ ലക്ഷം തൊഴിലവസരങ്ങള്‍

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: അഞ്ചു വര്‍ഷത്തിനുള്ളില്‍ സഹകരണ മേഖലയില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍ നിയമസഭയെ അറിയിച്ചു. സഹകരണ സംഘങ്ങള്‍ നേരിട്ടോ അല്ലാതെയോ സംരംഭങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നതെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
ന്യൂജനറേഷന്‍ ബാങ്കുകളുമായി മല്‍സരിക്കുന്നതിന് അനുയോജ്യമായ സംവിധാനങ്ങളല്ല സഹകരണധനകാര്യസ്ഥാപനങ്ങളില്‍ നിലവിലുള്ളത്. ഇതുകാരണം യുവാക്കളെ വേണ്ടവിധം ആകര്‍ഷിക്കാനും സാധിക്കുന്നില്ല. 40 വയസ്സിന് മുകളിലുള്ളവരാണ് സാഹകരണബാങ്കുകളെ ആശ്രയിക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ പോരായ്മ പരിഹരിച്ച് സഹകരണബാങ്കുകളെ നവീകരിക്കുന്നതിനു സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ നല്‍കും. സാധ്യമാവും വേഗത്തില്‍ ഇ-ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തും.
സംസ്ഥാന സഹകരണ ബാങ്ക് കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും ശക്തമായ പിന്തുണയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കും. 1000ഓളം കോടിയുടെ കടബാധ്യതയാണ് വകുപ്പിലുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണം. ഇതേപറ്റി അന്വേഷണം നടക്കുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡിനെ ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ ഇടപെടാന്‍ കഴിയുന്ന സ്ഥാപനമായി മാറ്റും. ചെലവ് ചുരുക്കാനും അഴിമതി ഇല്ലാതാക്കാനും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രതിസന്ധിയിലുള്ള മാര്‍ക്കറ്റ് ഫെഡിനെ നവീകരിക്കുന്നതിലും പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജൈവ കൃഷിയുടെ പ്രോല്‍സാഹനത്തിനായി കൃഷി, ജലവകുപ്പുകളുമായി സംയോജിച്ചുപോവും. ഏതെങ്കിലുമൊരു സ്ഥലത്തെ സംഭവത്തിന്റെ പേരില്‍ സഹകരണമേഖലയിലാകെ കള്ളപ്പണമെന്നുള്ള ആരോപണം ശരിയല്ല. ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, മറുപടിയൊന്നും ഉണ്ടായിട്ടില്ല.
ജൈവ പച്ചക്കറി വില്‍പനയ്ക്കായി ഗോഡൗണുകള്‍, ഡെലിവറി വാനുകള്‍, താലൂക്കില്‍ സുവര്‍ണ സ്‌റ്റോറുകള്‍ എന്നിവ നടപ്പാക്കും. പുതിയ സംരംഭങ്ങള്‍ സ്ഥാപിക്കുകയും ഇതിലെ നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്തി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാനാണ് ആലോചിക്കുന്നത്.
എസ്‌സി/ എസ്ടി ഫെഡറേഷനു കീഴില്‍ മരുന്നുകള്‍ കെട്ടിക്കിടപ്പുണ്ട്. അത് സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സ്‌കൂള്‍-കോളജ് തലത്തില്‍ സഹകരണസംഘങ്ങള്‍ രൂപീകരിക്കും. വിദ്യാര്‍ഥികളില്‍നിന്ന് ലഘുനിക്ഷേപങ്ങള്‍ കൈപറ്റി അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കുമെന്നും സാഹിത്യസഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് 4 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss